കോളടിച്ച് മോഹന്‍ലാല്‍! ദിലീപിനും അനൂപ് മേനോനും ആശ്വാസം; ആ ഹൈക്കോടതി വിധിക്ക് പിന്നില്‍

കൊച്ചി: മോഹന്‍ലാലിന് ആശ്വാസമായി ഹൈക്കോടതി വിധി. ബ്രാന്‍ഡ് അംബാസഡര്‍മാര്‍ വെറും കാഴ്ചക്കാരല്ല, പക്ഷേ സ്ഥാപനം നടത്തുന്ന വഞ്ചനയ്ക്ക് നടന്മാര്‍ ഉത്തരവാദികളുമല്ല! സൂപ്പര്‍ താരം മോഹന്‍ലാലിന് കേരള ഹൈക്കോടതിയില്‍ നിന്ന് നിര്‍ണ്ണായക ആശ്വാസം. മണപ്പുറം ഫിനാന്‍സിന്റെ പരസ്യവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന വഞ്ചനാക്കേസില്‍ നിന്ന് മോഹന്‍ലാലിനെ ഹൈക്കോടതി ഒഴിവാക്കി.

തിരുവനന്തപുരം സ്വദേശികളായ മനു കമലും സൈലേഷും നല്‍കിയ പരാതിയിലായിരുന്നു കോടതിയുടെ ഈ സുപ്രധാന വിധി. 12 ശതമാനം പലിശയ്ക്ക് സ്വര്‍ണ്ണപ്പണയം നല്‍കാമെന്ന മോഹന്‍ലാലിന്റെ പരസ്യം വിശ്വസിച്ചാണ് തങ്ങള്‍ ലോണ്‍ എടുത്തതെന്നും, എന്നാല്‍ സ്ഥാപനം ഉയര്‍ന്ന പലിശ ഈടാക്കി വഞ്ചിച്ചെന്നുമാണ് ഇവര്‍ ആരോപിച്ചത്. 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലാലിനെ രണ്ടാം പ്രതിയാക്കിയായിരുന്നു പരാതി. എന്നാല്‍ ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ എ.എ.യുടെ ബെഞ്ച് ഈ വാദങ്ങള്‍ തള്ളി. താരം വെറുമൊരു ബ്രാന്‍ഡ് അംബാസഡര്‍ മാത്രമാണെന്നും സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ അദ്ദേഹത്തിന് നേരിട്ട് പങ്കില്ലെന്നും കോടതി നിരീക്ഷിച്ചു. ഉപഭോക്താക്കളെ താരം നേരിട്ട് പ്രേരിപ്പിച്ചതിന് തെളിവില്ലാത്ത പക്ഷം അദ്ദേഹത്തെ പ്രതിയാക്കാന്‍ നിയമപരമായി കഴിയില്ല.

2019-ലെ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരില്‍ ഒരു സെലിബ്രിറ്റിക്കെതിരെ പിഴ ചുമത്താന്‍ സെന്‍ട്രല്‍ അതോറിറ്റിക്ക് മാത്രമാണ് അധികാരമുള്ളത്. അല്ലാതെ സാധാരണ ഉപഭോക്തൃ പരാതികളില്‍ ഇവരെ പ്രതിയാക്കാന്‍ വകുപ്പില്ലെന്ന് കോടതി വ്യക്തമാക്കി. മോഹന്‍ലാലിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയെങ്കിലും മണപ്പുറം ഫിനാന്‍സിനെതിരെ കേസുമായി പരാതിക്കാര്‍ക്ക് മുന്നോട്ട് പോകാം. സേവനത്തിലെ വീഴ്ചയ്ക്ക് സ്ഥാപനം തന്നെ മറുപടി പറയേണ്ടി വരും. ഈ വിധി മോഹന്‍ലാലിന് മാത്രമല്ല, സമാനമായ കേസുകള്‍ നേരിടുന്ന നടന്‍ ദിലീപിനും അനൂപ് മേനോനും വലിയ ആശ്വാസമാണ് നല്‍കുന്നത്. സിനിമാ താരങ്ങളെ ബ്രാന്‍ഡ് അംബാസഡര്‍മാരാക്കുന്ന കമ്പനികള്‍ക്കും അവരുടെ പരസ്യങ്ങള്‍ക്കും ഇനി കൃത്യമായ നിയമപരിരക്ഷ ലഭിക്കുമെന്നത് ഈ വിധിയുടെ പ്രത്യേകതയാണ്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top