ശബരിമല സ്വര്‍ണ്ണക്കൊള്ള: തന്ത്രി അറസ്റ്റില്‍; ഇഡിയും അന്വേഷണത്തിന്

തിരുവനന്തപുരം: ശബരിമലയില്‍ പുതിയ വഴിത്തിരിവ്! ഭക്തരുടെ വികാരം വ്രണപ്പെടുത്തിയ സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍. എ പത്മകുമാറിന് പിന്നാലെ തന്ത്രിക്കും കുരുക്ക് മുറുകുമ്പോള്‍ കേരളം ഉറ്റുനോക്കുന്നത് വമ്പന്‍ സ്രാവുകളിലേക്കാണ്.

ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് നാടകീയ നീക്കങ്ങള്‍ ഉണ്ടായത്. സ്വര്‍ണ്ണപ്പാളികള്‍ അപഹരിച്ചതില്‍ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലാണ് അറസ്റ്റിലേക്ക് നയിച്ചത്. തന്ത്രിയുടെ അഭിപ്രായം തേടാതെയാണ് സ്വര്‍ണം കടത്തിയതെന്ന വാദം അന്വേഷണ സംഘം പാടേ തള്ളി.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡി കേസെടുത്തതോടെ തന്ത്രിയും മുന്‍ പ്രസിഡന്റും കേന്ദ്ര ഏജന്‍സിയുടെ കൂടി നിരീക്ഷണത്തിലായി. ഇഡി എത്തുമ്പോള്‍ കേസ് അട്ടിമറിക്കാതിരിക്കാന്‍ പോലീസ് പിടിമുറുക്കുന്നു എന്നാണ് സൂചന.

ഇവിടെയാണ് പത്മകുമാര്‍ മുന്‍പ് പറഞ്ഞ ആ ‘ദൈവതുല്യന്‍’ ആരാണെന്ന ചോദ്യം ഉയരുന്നത്. താന്‍ ദൈവതുല്യനായി കണ്ട വ്യക്തിയാണ് തന്നെ ചതിച്ചതെന്ന് പത്മകുമാര്‍ വെളിപ്പെടുത്തിയിരുന്നു. അത് അറസ്റ്റിലായ തന്ത്രിയാണോ? അതോ അണിയറയില്‍ ഇനിയും രാഷ്ട്രീയ പ്രമുഖര്‍ ഒളിച്ചിരിക്കുന്നുണ്ടോ?

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, ശബരിമല കേസ് വീണ്ടും സജീവമാകുന്നത് സര്‍ക്കാരിനും സിപിഎമ്മിനും കനത്ത തിരിച്ചടിയാണ്. അഴിമതിക്കാര്‍ ആരായാലും അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയതോടെ കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരിലേക്ക് അന്വേഷണം നീളുമോ എന്നാണ് ഇനി അറിയേണ്ടത്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top