ആഭ്യന്തരം ‘ജമാഅത്തിന്’ പോകും; ബാലന്റെ വെടിപൊട്ടിക്കലില്‍ പുകഞ്ഞ് സിപിഎം; പിണറായിയും ഗോവിന്ദനും രണ്ടുചേരിയില്‍

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തരം ഭരിക്കുന്നത് ജമാഅത്തെ ഇസ്ലാമിയായിരിക്കുമെന്ന എ.കെ. ബാലന്റെ വിവാദ പ്രസ്താവന സിപിഎമ്മിനെ ആഭ്യന്തര കലഹത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. പാലക്കാട് തൊട്ട് തിരുവനന്തപുരം വരെ പാര്‍ട്ടി കമ്മിറ്റികളില്‍ ബാലനെതിരെ രൂക്ഷവിമര്‍ശനം ഉയരുമ്പോഴും, ബാലനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് രംഗത്തെത്തിയത് പാര്‍ട്ടിക്കുള്ളിലെ ശാക്തിക ചേരിതിരിവ് മറനീക്കി പുറത്തുകൊണ്ടുവന്നു. തിരഞ്ഞെടുപ്പിന് മുന്‍പേ സിപിഎമ്മില്‍ വീണ്ടും വിഭാഗീയതയുടെ കനല്‍ എരിയുകയാണെന്ന സൂചനയാണ് പുറത്തുവരുന്നത്.

ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് ബാലന്റെ ‘മാറാട്’ പരാമര്‍ശം വന്‍ തിരിച്ചടിയായെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. ബാലന്‍ സ്വപ്നലോകത്താണെന്നും ഇത്തരം തീവ്ര പ്രസ്താവനകള്‍ ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്ത് നിന്ന് അകറ്റുമെന്നും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ ബാലനെ പരസ്യമായി തള്ളിയത് ഗോവിന്ദന്‍ പക്ഷത്തിന്റെ താല്പര്യപ്രകാരമാണെന്നാണ് സൂചന.

എന്നാല്‍, പാര്‍ട്ടിയും മുന്നണിയും ബാലനെ തള്ളിയപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചു. വര്‍ഗീയതയെ തുറന്നുകാട്ടുകയാണ് ബാലന്‍ ചെയ്തതെന്നും അതില്‍ തെറ്റില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇത് പാര്‍ട്ടി സെക്രട്ടറിയുടെയും കണ്‍വീനറുടെയും നിലപാടുകള്‍ക്ക് വിരുദ്ധമായതോടെ സിപിഎമ്മില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും രണ്ടു വഴിയിലാണെന്ന ചിത്രം വ്യക്തമായി.

ബാലന്റെ പ്രസ്താവന സംഘപരിവാര്‍ ശൈലിയിലുള്ളതാണെന്നും ബിജെപിയെ സഹായിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ഇതിനിടെ, പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും അല്ലെങ്കില്‍ ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി ബാലന് വക്കീല്‍ നോട്ടീസ് അയച്ചു.

തിരഞ്ഞെടുപ്പ് ഗോദയില്‍ ആയുധമാകേണ്ട പ്രസ്താവന പാര്‍ട്ടിക്കുള്ളിലെ പോരിന് വഴിവെച്ചതോടെ, വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന സംസ്ഥാന സമിതിയില്‍ ഈ വിഷയം വലിയ വാദപ്രതിവാദങ്ങള്‍ക്ക് കാരണമാകും.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top