പരശുരാമനും കൃഷ്ണാ നദിയും നെല്ലൂരും; ശബരിമല താഴമണ്‍ മഠത്തിന്റെ ചരിത്രവും ഐതിഹ്യവും; ശബരിമല തന്ത്രി കുടുംബത്തിന്റെ ചരിത്രം

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ തന്ത്രി കണ്ഠരര് രാജീവര് അഴിക്കുള്ളിലായതോടെ കേരളം ചര്‍ച്ച ചെയ്യുന്നത് ചെങ്ങന്നൂരിലെ പമ്പാനദിക്കരയിലുള്ള താഴമണ്‍ മഠമെന്ന താന്ത്രിക കുടുംബത്തിന്റെ ചരിത്രമാണ്. 1400 വര്‍ഷത്തെ പഴക്കം അവകാശപ്പെടുന്ന ഈ കുടുംബത്തിന്റെ വേരുകള്‍ തേടിപ്പോയാല്‍ ചെന്നെത്തുന്നത് ഐതിഹ്യങ്ങളിലെ പരശുരാമനിലാണ്.

കേരളം മഴുവെറിഞ്ഞ് സൃഷ്ടിച്ച ശേഷം ഇവിടുത്തെ ക്ഷേത്രങ്ങളില്‍ പൂജ നടത്തുന്നതിനായി ആന്ധ്രയിലെ നെല്ലൂര്‍ ഗ്രാമത്തില്‍ നിന്ന് പരശുരാമന്‍ രണ്ടു ബ്രാഹ്‌മണരെ കൊണ്ടുവന്നു എന്നാണ് വിശ്വാസം. ഇവരെ പരീക്ഷിക്കാനായി കൃഷ്ണാനദി കരകവിഞ്ഞൊഴുക്കിയപ്പോള്‍ ഒരാള്‍ തന്റെ സിദ്ധിവിശേഷം കൊണ്ട് ജലത്തിന് മുകളിലൂടെ നടന്ന് അക്കരെയെത്തി തരണനെല്ലൂര്‍ തന്ത്രിയായി മാറി.

എന്നാല്‍ രണ്ടാമന്‍ തന്റെ താന്ത്രിക ശക്തിയാല്‍ വെള്ളത്തെ ഇരുകൈകള്‍ കൊണ്ട് വകഞ്ഞുമാറ്റി നദിയുടെ താഴെത്തട്ടിലെ മണ്ണില്‍ ചവിട്ടി നടന്ന് അക്കരെയെത്തി. നദിയുടെ ‘താഴ്ന്ന മണ്ണില്‍’ ചവിട്ടി വന്നതിനാലാണ് ഈ പരമ്പരയ്ക്ക് ‘താഴമണ്‍’ എന്ന പേര് ലഭിച്ചത്. പരശുരാമന്‍ ശബരിമല ഉള്‍പ്പെടെയുള്ള മലയോര ക്ഷേത്രങ്ങളുടെ താന്ത്രികാവകാശം കല്‍പ്പിച്ചു നല്‍കിയത് ഈ കുടുംബത്തിനായിരുന്നു.

പൂജിക്കുന്നവന്റെ പ്രഭാവം കൊണ്ട് ശില ശങ്കരനായി മാറുമെന്ന തത്വത്തില്‍ വിശ്വസിക്കുന്നവരാണ് ഇവര്‍. 1952-ലെ തീപ്പിടുത്തത്തിന് ശേഷം ശബരിമലയിലെ ഇന്നത്തെ അയ്യപ്പ വിഗ്രഹം പ്രാണപ്രതിഷ്ഠ നടത്തിയത് ഈ മഠത്തിലെ കണ്ഠരര് ശങ്കരരായിരുന്നു.

എന്നാല്‍, ആ പാവനമായ പാരമ്പര്യത്തിന് മേല്‍ അടുത്തകാലത്തായി കരിനിഴല്‍ വീഴ്ത്തിയത് കുടുംബാംഗങ്ങള്‍ തന്നെ ഉള്‍പ്പെട്ട ഗുരുതരമായ ക്രിമിനല്‍ കേസുകളാണ്. പഴയ കൊടിമരത്തിലെ വാജിവാഹനം കടത്തിയെന്ന ആരോപണം മുതല്‍ ഇപ്പോള്‍ സ്വര്‍ണ്ണക്കൊള്ളയിലെ ഗൂഢാലോചന വരെ മഠത്തിന്റെ ഖ്യാതിക്ക് മങ്ങലേല്‍പ്പിച്ചു.

ശോഭ ജോണും സംഘവും ചേര്‍ന്ന് കണ്ഠരര് മോഹനരെ ബ്ലാക്ക് മെയില്‍ ചെയ്ത ‘തന്ത്രി ഹണിട്രാപ്പ്’ കേസ് മുതല്‍ സ്വര്‍ണ്ണപ്പാളി കവര്‍ന്ന ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള അവിശുദ്ധ ബന്ധം വരെ ഇന്ന് താഴമണ്‍ മഠത്തെ പ്രതിക്കൂട്ടിലാക്കുന്നു. മുതിര്‍ന്ന തന്ത്രിമാര്‍ വിവാദങ്ങളില്‍ കുടുങ്ങുമ്പോള്‍, പാരമ്പര്യം കാക്കാന്‍ യുവതലമുറയിലെ മഹേഷ് മോഹനരും ബ്രഹ്‌മദത്തനും ശബരിമലയുടെ അവകാശികളായി മാറുകയാണ്.

ദവസ്വം ബോര്‍ഡിനും സര്‍ക്കാരിനും മുകളില്‍ തങ്ങളുടെ അവകാശമെന്ന് പരസ്യമായി പറയാന്‍ മടിക്കാത്ത ഒരു കുടുംബം ഇന്ന് അവിശുദ്ധമായ പണമിടപാടുകളുടെയും ഗൂഢാലോചനകളുടെയും പേരില്‍ നിയമത്തിന് മുന്നില്‍ പകച്ചുനില്‍ക്കുന്നു. ആചാരങ്ങള്‍ക്കപ്പുറം സാമ്പത്തിക ഇടപാടുകളില്‍ തന്ത്രി കുടുംബത്തിനുള്ള പങ്ക് ഇനിയും പുറത്തുവരുമോ എന്നതാണ് ഉയരുന്ന ചോദ്യം

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top