തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ അക്കൗണ്ട് തുറക്കുക എന്നതിനപ്പുറം നിര്‍ണ്ണായക ശക്തിയായി മാറാന്‍ ഉറച്ച് ബിജെപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഇടപെട്ട് തയ്യാറാക്കിയ തന്ത്രങ്ങളുമായിട്ടാണ് ബിജെപി ഇത്തവണ കളത്തിലിറങ്ങുന്നത്. കേരളത്തിലെ ആറ് മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് വലിയ വിജയപ്രതീക്ഷയുണ്ടെങ്കിലും കുറഞ്ഞത് അഞ്ചിടത്തെങ്കിലും ജയിച്ചേ മതിയാകൂ എന്ന കര്‍ശന സന്ദേശമാണ് അമിത് ഷാ കേരള ഘടകത്തിന് നല്‍കിയിരിക്കുന്നത്.
നേമം, കഴക്കൂട്ടം, പൂഞ്ഞാര്‍, തൃശൂര്‍, പാലക്കാട്, മഞ്ചേശ്വരം, ആറന്മുള എന്നീ ഏഴ് മണ്ഡലങ്ങളിലാണ് ബിജെപി ഇത്തവണ ഏറ്റവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുണ്ടെന്നും മികച്ച സ്ഥാനാര്‍ത്ഥികളെ അണിനിരത്തിയതിലൂടെ വിജയം ഉറപ്പാക്കാമെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു. നിയമസഭയില്‍ ബിജെപിയുടെ സാന്നിധ്യം രണ്ടക്കത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.
ആറന്മുളയില് ഇത്തവണ മത്സരം അതിശക്തമായിരിക്കും. കുമ്മനം രാജശേഖരന്റെ വ്യക്തിപ്രഭാവം മണ്ഡലത്തിലെ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും അത് വലിയ വോട്ടുവിഹിതമായി മാറുമെന്നുമാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. കുമ്മനം മത്സരിക്കുന്നതോടെ ആറന്മുളയില് അപ്രതീക്ഷിത വിജയം നേടാന്‍ കഴിയുമെന്ന് ബിജെപി വിശ്വസിക്കുന്നു. പൂഞ്ഞാറില്‍ പിസി ജോര്‍ജ്ജും പാലക്കാട് ശോഭാ സുരേന്ദ്രനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും തൃശൂരില്‍ പത്മജാ വേണുഗോപാലും ജയിക്കുമെന്ന് ഉറപ്പിക്കുകയാണ് ബിജെപിയുടെ ദേശീയ നേതൃത്വം. നേമവും കഴക്കൂട്ടവും ഉറപ്പാണെന്നും കരുതുന്നു.
സംസ്ഥാനത്ത് വലിയൊരു തരംഗമുണ്ടായാല്‍ തിരുവനന്തപുരം സെന്‍ട്രല്‍, കാട്ടാക്കട, ആറ്റിങ്ങല്‍, നെടുമങ്ങാട് എന്നീ മണ്ഡലങ്ങളിലും ജയിക്കാമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു. ഈ മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തും. എന്നാല്‍ ഇത്തവണ വോട്ടുവിഹിതത്തില്‍ വലിയ വര്‍ദ്ധനവുണ്ടാക്കി വിജയിക്കാനാണ് നീക്കം. ഇതോടെ ബിജെപിയുടെ സഭാ സാന്നിധ്യം അഞ്ചില്‍ നിന്ന് പത്തിലേക്കോ അതിന് മുകളിലേക്കോ ഉയരുമെന്ന് നേതാക്കള്‍ കണക്കുകൂട്ടുന്നു. മോദി തരംഗം ഇതിന് വേണ്ടി സാഹചര്യമൊരുക്കുമെന്നാണ് പ്ര്തീക്ഷ.
ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങള്‍ക്ക് പുറമെ പരമാവധി ഇടങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി കേരളത്തിലെ പ്രധാന രാഷ്ട്രീയ ശക്തിയായി മാറാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിനായി പാലാ, തിരുവല്ല, കാഞ്ഞിരപ്പള്ളി, ഒല്ലൂര്‍, നാട്ടിക, മലമ്പുഴ എന്നീ മണ്ഡലങ്ങളില്‍ വമ്പന്‍ മത്സരത്തിനാണ് ബിജെപി കോപ്പുകൂട്ടുന്നത്.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തരുതെന്ന് അമിത് ഷാ സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരാജയപ്പെട്ടാല്‍ അതിന്റെ കാരണങ്ങള്‍ കൃത്യമായി വിശകലനം ചെയ്യാനും പരിഹരിക്കാനും സിപിഎമ്മിനെപ്പോലെ ബിജെപിയും പ്രഗല്ഭരാണെന്ന് വീഡിയോയില്‍ നിരീക്ഷിക്കുന്നു. ഈ കണിശത ഇത്തവണത്തെ ഫലത്തില്‍ പ്രതിഫലിക്കുമെന്നാണ് അണികളുടെ പ്രതീക്ഷ.



