പ്രിയദര്‍ശനും ലിസിയും ലിവിംഗ് ടുഗദറിന്! വേര്‍പിരിയലിന്റെ പത്താം വര്‍ഷം പ്രിയനും ലിസിയും വീണ്ടും ഒന്നിക്കുന്നു; മക്കളുടെ താല്‍പ്പര്യത്തിന് വഴങ്ങി ഒരുമിച്ച് താമസം; വിവാഹത്തിന് തല്‍ക്കാലം പദ്ധതിയല്ല

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട താരദമ്പതികളായ സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസിയും പത്ത് വര്‍ഷത്തെ വേര്‍പിരിയലിന് ശേഷം വീണ്ടും ഒന്നിക്കുന്നു. നീണ്ട കാലത്തെ നിയമപോരാട്ടങ്ങള്‍ക്കും വിവാഹമോചനത്തിനും ഒടുവില്‍ തങ്ങള്‍ വീണ്ടും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിച്ച വിവരം പ്രിയദര്‍ശന്‍ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ‘മിഡ്-ഡേ’ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. 1990-ലായിരുന്നു ലിസിയുടെയും പ്രിയദര്‍ശന്റെയും വിവാഹം. 24 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2014-ലാണ് ഇവര്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. 2016-ല്‍ നിയമപരമായി വേര്‍പിരിഞ്ഞു. പ്രിയദര്‍ശന്റെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ നായികയായിരുന്നു ലിസി. ഇപ്പോള്‍ മക്കള്‍ക്ക് വേണ്ടി ഒത്തുതീര്‍പ്പിലെത്തിയ ദമ്പതികള്‍ ചെന്നൈയില്‍ ഒരുമിച്ചായിരിക്കും താമസം.

മലയാള സിനിമയിലെ ഒരു കാലത്തെ മാതൃകാ ദമ്പതികളായിരുന്ന പ്രിയദര്‍ശനും ലിസിയും വീണ്ടും ഒന്നിക്കുന്നുവെന്നതാണ് പ്രത്യേകത. 2014-ല്‍ വേര്‍പിരിഞ്ഞ ഇരുവരും പത്ത് വര്‍ഷത്തിന് ശേഷമാണ് പുനസ്സമാഗമത്തിന് തയ്യാറെടുക്കുന്നത്. മക്കളായ നടി കല്യാണി പ്രിയദര്‍ശന്റെയും സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്റെയും നിരന്തരമായ ആഗ്രഹവും ഇടപെടലുമാണ് മാതാപിതാക്കളെ വീണ്ടും അടുപ്പിച്ചത്. തങ്ങള്‍ ഇപ്പോള്‍ ഒരുമിച്ച് താമസിക്കാന്‍ തീരുമാനിച്ചുവെന്നും എന്നാല്‍ വീണ്ടും ഒരു വിവാഹത്തിന് തല്‍ക്കാലം പദ്ധതിയൊന്നുമില്ലെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി. ‘വിവാഹം എന്നത് കേവലം ഒരു കടലാസ് രേഖ മാത്രമാണ്. സൗഹൃദത്തിനും പരസ്പരമുള്ള സ്നേഹത്തിനുമാണ് ഞങ്ങള്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്,’ അദ്ദേഹം പറഞ്ഞു. ഏകദേശം ആറ് മാസം മുന്‍പ് തന്നെ ഇരുവരും ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനമെടുത്തിരുന്നു എന്നാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഈ വര്‍ഷം ജനുവരിയില്‍ സംവിധായകന്‍ സിബി മലയിലിന്റെ മകന്‍ ജോ സിബിയുടെ വിവാഹച്ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കൈകോര്‍ത്ത് എത്തിയത് മുതല്‍ ഇവരുടെ മടങ്ങിവരവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. ലിസിയെയും പ്രിയനെയും ഒരുമിച്ച് കണ്ടതില്‍ വലിയ സന്തോഷമുണ്ടെന്ന് സിബി മലയില്‍ പ്രതികരിച്ചു. തന്റെ ഭാര്യ ബാല ലിസിയെയും താന്‍ പ്രിയനെയും വിളിച്ചപ്പോള്‍ ‘ഞങ്ങള്‍ ഒരുമിച്ച് വന്നോളാം’ എന്നാണ് പ്രിയന്‍ മറുപടി നല്‍കിയതെന്ന് സിബി മലയില്‍ ഓര്‍ത്തെടുത്തു. മാര്‍ച്ച് 16-ന് ചെന്നൈയിലെ ലിസിയുടെ സ്റ്റുഡിയോയില്‍ വെച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുള്ള പ്രിയദര്‍ശന്റെയും തന്റെയും ചിത്രം ലിസി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതോടെ ആരാധകരുടെ പ്രതീക്ഷകള്‍ വര്‍ദ്ധിച്ചു.

വര്‍ഷങ്ങള്‍ നീണ്ട പിണക്കങ്ങള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കും ഒടുവില്‍ ഇരുവരും കൈകോര്‍ക്കുന്നത് സിനിമാ ലോകവും വലിയ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ഇനി അവര്‍ ലിവിംഗ് ടുഗദറുകാരായിരിക്കുമെന്നാണ് സിനിമാ ലോകം പറയുന്നത്. ഡിവോഴ്സ് ആയതു കൊണ്ട് ഇനി വീണ്ടും വിവാഹം കഴിച്ചാല് ദാമ്പത്യം നിയമപരമാകൂ.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top