കാര്‍ത്തിക് കട്ട കലിപ്പില്‍; പൊലീസുകാരനെതിരായ കേസ് റദ്ദാക്കാന്‍ കമ്മീഷണറുടെ ഇടപെടല്‍, വിട്ടുവീഴ്ചയില്ല

മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വെച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനത്തിനിരയായ സിവില്‍ പോലീസ് ഓഫീസര്‍ മിഥുന്‍ റോയിക്കും സഹോദരിക്കുമെതിരെ വഞ്ചിയൂര്‍ പോലീസ് എടുത്ത കള്ളക്കേസ് റദ്ദാക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തികിന്റെ നിര്‍ദ്ദേശം. മര്‍ദ്ദനമേറ്റ പൊലീസുകാരനെ തന്നെ പ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത എഫ്.ഐ.ആര്‍ അടിയന്തരമായി റദ്ദാക്കാനാണ് കമ്മീഷണറുടെ കര്‍ശന നിര്‍ദ്ദേശം. സ്വന്തം സഹപ്രവര്‍ത്തകനെ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി ഒറ്റിക്കൊടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കമ്മീഷണര്‍ കടുത്ത നിലപാടിലാണ്.

മിഥുന്‍ റോയിക്കെതിരെ കേസെടുത്ത വിവരം തന്നെ കമ്മീഷണര്‍ അറിഞ്ഞിരുന്നില്ലെന്നാണ് സൂചന. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ പോലീസിനുള്ളിലെ ചില ബാഹ്യശക്തികള്‍ നടത്തിയ ഗൂഢനീക്കമാണിതെന്ന് ആഭ്യന്തര വകുപ്പും വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍, കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതില്‍ ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കമ്മീഷണര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. 24 മണിക്കൂറിനകം വിശദീകരണം നല്‍കണം. എ.സിയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും.

പുതുവത്സര തലേന്ന് ശംഖുമുഖത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മിഥുനോടുള്ള പകയാണ് മാളിലെ ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. അന്ന് നിയമലംഘനം നടത്തിയവരെ തടഞ്ഞതിന് ‘കണ്ടോളാം’ എന്ന് ഭീഷണി മുഴക്കിയ എസ്.എഫ്.ഐക്കാര്‍ മിഥുനെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇടിവള ഉപയോഗിച്ച് ആക്രമിച്ചെന്ന വ്യാജ ആരോപണം ഉന്നയിച്ച് പൊലീസുകാരനെതിരെ കേസെടുത്തത് സേനയ്ക്കുള്ളില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായിരുന്നു. കമ്മീഷണര്‍ക്കെതിരെ വരെ പോലീസ് അസോസിയേഷന്‍ ഗ്രൂപ്പുകളില്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രതിരോധത്തിലായി.

മാളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച കമ്മീഷണര്‍ക്ക് ആക്രമണം ഏകപക്ഷീയമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതോടെ മിഥുനും സഹോദരിക്കും എതിരെയുള്ള കള്ളക്കേസുകള്‍ ഇല്ലാതാകും. അതേസമയം, പൊലീസുകാരനെ ആക്രമിച്ച എസ്.എഫ്.ഐക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം നടപടി വരും. കുടുംബത്തിന് മുന്നിലിട്ട് പോലീസുകാരനെ വേട്ടയാടുന്ന രീതിക്ക് അന്ത്യം കുറിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നുമുള്ള പോലീസ് അസോസിയേഷന്റെ നിലപാടും ഈ ഇടപെടലിന് പിന്നിലുണ്ട്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top