തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ സര്‍പ്രൈസ് ഒരുക്കാന്‍ സിപിഎം ഒരുങ്ങുന്നു. മലയാളികളുടെ പ്രിയ നടി ഭാവനയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് പാര്‍ട്ടി തലപ്പത്തെ ആലോചന. രാഷ്ട്രീയത്തിനതീതമായി വലിയ ജനപിന്തുണയുള്ള ഭാവനയെ മത്സരരംഗത്തിറക്കുന്നതിലൂടെ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും വലിയ സ്വാധീനം ചെലുത്താനാകുമെന്നാണ് സിപിഎം വിലയിരുത്തല്‍.
സപിഎമ്മിന്റെ ഏറ്റവും സുരക്ഷിതമായ മണ്ഡലം തന്നെ ഭാവനയ്ക്ക് നല്‍കണമെന്നാണ് പാര്‍ട്ടിയിലെ ധാരണ. ഇതിന്റെ ഭാഗമായി കെ.കെ ശൈലജയുടെ സിറ്റിംഗ് സീറ്റായ മട്ടന്നൂര്‍ ഭാവനയ്ക്കായി വിട്ടുനല്‍കിയേക്കും. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ മട്ടന്നൂരിന് പുറമെ തലശ്ശേരി മണ്ഡലവും പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്. തളിപ്പറമ്പിലും മത്സരിപ്പിക്കാന്‍ സാധ്യത ഏറെയാണ്. കണ്ണൂരിലെ ഏതെങ്കിലും സീറ്റില്‍ ഭാവനയെ മത്സരിപ്പിക്കുന്നത് വിജയം ഉറപ്പിക്കും. ഐഷാ പോറ്റി സിപിഎം വിട്ടത് കഴിഞ്ഞ ദിവസമാണ്. ഈ സാഹചര്യത്തിലാണ് ഭാവനയെ കൊണ്ടു വന്ന് ക്ഷീണം മാറ്റാനുള്ള നീക്കം.
സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഭാവനയുടെ നിലപാട് പാര്‍ട്ടി ഉടന്‍ ആരായും. നടി സമ്മതം മൂളിയാല്‍ ഉടന്‍ തന്നെ ഔദ്യോഗിക ചര്‍ച്ചകളിലേക്ക് കടക്കും. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത വിവിധ ചടങ്ങുകളില്‍ ഭാവന അതിഥിയായി എത്തിയിരുന്നു. ഭാവന ഉയര്‍ത്തിപ്പിടിച്ച നിലപാടുകള്‍ക്ക് ഇടതുപക്ഷം വലിയ പിന്തുണയാണ് നല്‍കിയിരുന്നത്. മുഖ്യമന്ത്രിയുടെ ക്രിസ്മസ് ആഘോഷത്തിലും ഭാവനയായിരുന്നു മുഖ്യാതിഥി.
സാംസ്‌കാരിക മുഖം മുഖ്യധാരാ രാഷ്ട്രീയക്കാര്‍ക്ക് പുറമെ സാംസ്‌കാരിക-സിനിമാ രംഗത്തെ പ്രമുഖരെ മത്സരരംഗത്തിറക്കി ഭരണം നിലനിര്‍ത്താനാണ് സിപിഎം തന്ത്രം മെനയുന്നത്. ഭാവനയെപ്പോലൊരു താരം സ്ഥാനാര്‍ത്ഥിയാകുന്നത് യുവാക്കള്‍ക്കിടയിലും സ്ത്രീകള്‍ക്കിടയിലും വലിയ തരംഗം ഉണ്ടാക്കുമെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്താന്‍ സിപിഎം നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. നടിയുമായി ആശയ വിനിമയവും ഉണ്ടായിട്ടില്ല. താമസിയാതെ തന്നെ ഇക്കാര്യം നടിയെ സിപിഎം അറിയിക്കും. നടിയുടെ നിലപാടാകും നിര്‍ണ്ണായകം.



