മാര്‍ച്ച് മൂന്നിന് അനന്തപുരി യാഗശാലയാകും; പൊങ്കാല നിവേദ്യത്തിനു രണ്ടു മണിക്കൂര്‍ മുന്‍പ് മുതല്‍ ബസുകള്‍ ലൈന്‍ അപ്പ് ചെയ്ത് നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് ഏര്‍പ്പെടുത്തു; ആറ്റുകാല്‍ പൊങ്കാലയക്ക് ഡ്രോണ്‍ നിരീക്ഷണവും; അറിയേണ്ടതെല്ലാം…..

തിരുവനന്തപുരം: മാര്‍ച്ച് മൂന്നിന് നടക്കുന്ന ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സബ്കളക്ടര്‍ ആല്‍ഫ്രഡ് ഒ.വിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. പൊങ്കാലയോടനുബന്ധിച്ച് ചെയ്തുതീര്‍ക്കാനുള്ള പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സബ് കളക്ടര്‍ നിര്‍ദേശം നല്‍കി.

പൊങ്കാല ദിവസം റോഡിന് ഇരുവശങ്ങളിലുള്ള പാര്‍ക്കിംഗ് കര്‍ശനമായി നിരോധിക്കും. 5570 പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും. മൂന്ന് സെക്ടറുകളായി തിരിച്ചാണ് പോലീസ് സുരക്ഷ ഉറപ്പുവരുത്തുന്നത്. ഇതിന്റെ ഭാഗമായി നാല് വാച്ച് ടവര്‍ സജ്ജീകരിക്കും. പൊങ്കാല ദിവസം പ്രദേശത്ത് ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. പൊങ്കാല ദിവസത്തില്‍ ആരോഗ്യവകുപ്പിന്റെ 10 ആംബുലന്‍സുകള്‍ ക്രമീകരിക്കും. ഇതിനുപുറമേ കോര്‍പ്പറേഷന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ആംബുലന്‍സുകളും സജ്ജമാക്കും.

ചെറുവയ്ക്കല്‍, ഈഞ്ചക്കല്‍ എന്നിവിടങ്ങളിലാണ് പൊങ്കാലയ്ക്കുശേഷം കോര്‍പറേഷന്റെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. 4000 ത്തോളം ജീവനക്കാരും 250 വാഹനങ്ങളും ഇതിനായി ഒരുക്കുമെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു. ഇവിടങ്ങളില്‍ തീപിടിത്തമുണ്ടായാല്‍ നിയന്ത്രിക്കാന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി യൂണിറ്റ് ഉണ്ടാകണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി.

പൊങ്കാലയ്ക്ക് ഹരിത പ്രോട്ടോക്കോള്‍ പാലിക്കുന്നതിനായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ പ്രത്യേക ക്യാമ്പയിന്‍ നടത്തും. ഇതുമായി ബന്ധപ്പെട്ട് തമിഴിലും മലയാളത്തിലും അനൗണ്‍സ്മെന്റുകള്‍ നടത്താനും തീരുമാനിച്ചു.

എക്സൈസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ എന്നീ വിഭാഗങ്ങള്‍ പൊങ്കാല ദിനത്തില്‍ നടത്തുന്ന സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധനയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കണമെന്നും ഉച്ചഭാഷിണിയുടെ ശബ്ദപരിധി നിശ്ചയിച്ച്, ശബ്ദമലിനീകരണം നിയന്ത്രിക്കാന്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്നും സബ് കലക്ടര്‍ നിര്‍ദ്ദേശിച്ചു.

പൊങ്കാല ദിനത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് വാട്ടര്‍ അതോറിറ്റി വിവിധ സ്ഥലങ്ങളില്‍ 1500 കുടിവെള്ള ടാപ്പുകളും 50 ഷവറും സജ്ജമാക്കും. കെഎസ്ആര്‍ടിസി ഉത്സവ ദിവസങ്ങളില്‍ 20 ചെയിന്‍ സര്‍വീസുകളും പൊങ്കാല ദിവസം 900 സര്‍വീസുകളും നടത്തും.

കളക്ടറേറ്റിലെ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ എ.ഡി.എം വിനീത് ടി.കെ, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആറ്റുകാല്‍ പൊങ്കാല: കെ.എസ്.ആര്‍.ടി.സി അധിക സര്‍വ്വീസുകള്‍ നടത്തും

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല നിവേദ്യത്തിനു ശേഷം ഭക്തജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനായി നഗരത്തില്‍ നിന്നും വിവിധ ഭാഗങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി വിവിധ ഡിപ്പോകളുടെ ബസുകള്‍ ലൈന്‍ അപ്പും പാര്‍ക്കിങ്ങും ചെയ്യുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു:

പൊങ്കാല നിവേദ്യത്തിനു രണ്ടു മണിക്കൂര്‍ മുന്‍പ് മുതല്‍ ബസുകള്‍ ലൈന്‍ അപ്പ് ചെയ്ത് നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് ഏര്‍പ്പെടുത്തേണ്ടതാണ്.

ഉള്ളൂര്‍, ശ്രീകാര്യം. എം.സി റോഡ്, പേരൂര്‍ക്കട എന്നീ ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി ബസുകള്‍ വികാസ് ഭവനില്‍ നിന്ന് ഗവ.ലോ കോളേജ്, ബാര്‍ട്ടന്‍ഹില്‍ സ്‌കൂള്‍ ഗ്രൗണ്ട്, പാറ്റൂര്‍, വഞ്ചിയൂര്‍, ഉപ്പിടാംമൂട് പാലം, ഫോര്‍ട്ട് സ്‌കൂള്‍, എസ്.പി ഫോര്‍ട്ട് ആശുപത്രി, വാഴപ്പള്ളി ജംഗ്ഷന്‍, അട്ടക്കുളങ്ങര, കിഴക്കേകോട്ട, പഴവങ്ങാടി ഓവര്‍ ബ്രിഡ്ജ് വരെ നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുന്‍പ് ലൈന്‍ അപ്പ് ചെയ്യുന്നതും പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങളെ ഈസ്റ്റ് ഫോര്‍ട്ട് നോര്‍ത്ത് സ്റ്റാന്റില്‍ നിന്നും കയറ്റി സര്‍വീസ് നടത്തുന്നതുമാണ്. വികാസ് ഭവന്‍, ഫോര്‍ട്ട് സ്‌കൂള്‍, കിഴക്കേകോട്ട എന്നിവിടങ്ങളില്‍ പാര്‍ക്കിംഗിന്റെയും ലൈനപ്പിന്റെയും ക്രമീകരണത്തിനായി ഓഫീസുകള്‍ പ്രവര്‍ത്തിക്കും.

നെയ്യാറ്റിന്‍കര, നേമം ഭാഗത്തേക്കുള്ള ബസുകള്‍ കരമന – പി.ആര്‍.എസ് ഹോസ്പിറ്റല്‍ -കിള്ളിപ്പാലം റൗണ്ട് കറങ്ങി നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുന്‍പ് പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റി കരമന, നെയ്യാറ്റിന്‍കര ഭാ?ഗങ്ങളിലേക്ക് സര്‍വ്വീസ് നടത്തും. കരമന, പാപ്പനംകോട് എന്നിവിടങ്ങളില്‍ ഇതിന്റെ ക്രമീകരണത്തിനായി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതാണ്.

നെയ്യാറ്റിന്‍കര, നേമം ഭാഗങ്ങളില്‍ നിന്നും വരുന്ന 15 ഓളം ബസുകള്‍ കൈമനം, കരുമം റോഡ് വഴി കാലടി സ്‌കൂള്‍ മുതല്‍ മരുതൂര്‍ക്കടവ് പാലം വരെ നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുമ്പ് ലൈന്‍അപ്പ് ചെയ്ത് യാത്രക്കാരെ കയറ്റി തിരികെ ഈ റൂട്ട് വഴി മുന്‍ വര്‍ഷങ്ങളിലേതുപോലെ സര്‍വീസ് നടത്തുന്നതാണ്. മരുതൂര്‍ക്കടവില്‍ ഇതിന്റെ ക്രമീകരണത്തിനായി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിക്കും.

മലയിന്‍കീഴ് – കാട്ടാക്കട ഭാഗത്തേക്കുള്ള ബസുകള്‍ ബേക്കറി ജംഗ്ഷനില്‍ പാര്‍ക്ക് ചെയ്ത് നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുന്‍പ് ലൈന്‍ അപ്പ് ചെയ്ത് യാത്രക്കാരെ കയറ്റി മലയിന്‍കീഴ്, കാട്ടാക്കട ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതാണ്. ബേക്കറി ജംഗ്ഷനില്‍ ഇതിന്റെ ക്രമീകരണത്തിനായി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിക്കും.

വിഴിഞ്ഞം, തിരുവല്ലം ഭാഗത്ത് നിന്നുള്ള ബസുകള്‍ തിരുവല്ലത്തു നിന്നും തിരിഞ്ഞ് ബൈപ്പാസ് റോഡ് വഴി ബൈപ്പാസ് പരുത്തിക്കുഴി തിരിഞ്ഞു സര്‍വീസ് റോഡ് വഴി ആര്യന്‍കുഴി റോഡിലൂടെ കമലേശ്വരം സ്‌കൂളിനടുത്ത് നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുന്‍പായി ലൈന്‍ അപ്പ് ചെയ്ത് യാത്രക്കാരെ കയറ്റി അമ്പലത്തറ, തിരുവല്ലം, വിഴിഞ്ഞം ഭാഗത്തേക്ക് വണ്‍വേ ആയി മുന്‍ വര്‍ഷത്തെ പോലെ സര്‍വീസ് നടത്തുന്നതാണ്. കമലേശ്വരം സ്‌കൂള്‍ കേന്ദ്രീകരിച്ച് ഇതിനായി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതാണ്.

തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റാന്റില്‍ നിന്നും ദീര്‍ഘദൂര സര്‍വീസുകള്‍ കൃത്യമായി വന്നുപോകുന്നതിനുള്ള സംവിധാനം മുന്‍ വര്‍ഷത്തെ പോലെ ക്രമീകരിക്കും. ഹ്രസ്വദൂര ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ പാളയം ജംഗ്ഷന്‍ മുതല്‍ പനവിള ജംഗ്ഷന്‍ വരെ ലൈന്‍ അപ്പ് ചെയ്യും.

പൊങ്കാല നിവേദ്യത്തിനു ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റാന്റില്‍ തിരക്കനുസരിച്ച് പനവിള നിന്നും തിരു. സെന്‍ട്രല്‍ യൂണിറ്റിലേക്ക് ബസുകള്‍ കടത്തിവിട്ട് സര്‍വീസ് ക്രമീകരിക്കുന്നതാണ്. മോഡല്‍ സ്‌കൂള്‍ ജംഗ്ഷനിലും തമ്പാനൂര്‍ ബസ് സ്റ്റാന്റിലും ഇതിനായി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതാണ്.

സ്റ്റാച്യുവില്‍ നിന്നും കിഴക്കേകോട്ടയിലേക്ക് വരുന്ന ബസുകള്‍ എസ്.എം.വി സ്‌കൂള്‍ വരെ ബസ് പാര്‍ക്ക് ചെയ്ത് പൊങ്കാല നിവേദ്യത്തിനു ശേഷം കിഴക്കേകോട്ടയില്‍ എത്തി യാത്രക്കാരെ കയറ്റി മുന്‍ വര്‍ഷത്തെ പോലെ സര്‍വീസ് നടത്തുന്നതാണ്.

പാര്‍ക്കിംഗിനായി നിശ്ചയിച്ചിരിക്കുന്ന ഏഴ് സ്ഥലങ്ങളില്‍ നിന്നും ഭക്തജനങ്ങളെ തിരികെ കൊണ്ടു പോകുന്നതിനും കെ.എസ്.ആര്‍.ടി.സി ബസ് പാര്‍ക്ക് ചെയ്യുന്നതിനും വേണ്ടി സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് കര്‍ശനമായി ഒഴിവാക്കേണ്ടതാണ്.

ഫെബ്രുവരി 23 മുതല്‍ ഉത്സവ ദിവസങ്ങളില്‍ ആറ്റുകാല്‍ ക്ഷേത്രത്തിലെക്കെത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്ക് വേണ്ടി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി നിരോധിക്കും. ആറ്റുകാല്‍ ക്ഷേത്ര നടയില്‍ ഉത്സവം അവസാനിക്കുന്നതുവരെ പ്രത്യേക സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസും പ്രവര്‍ത്തിക്കും.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top