ചെന്നിത്തല യുഗം തിരിച്ചുവരുന്നു; സമുദായ സമവാക്യങ്ങളും പരിചയസമ്പത്തും തുണയാകുമ്പോള്‍ കൈവിട്ടുപോയത് സതീശന്റെയും ഹൈബിയുടെയും ആധിപത്യം; രമേശിന് കെസി വഴിമാറുമോ? ആരാകും ഒന്നാമന്‍?

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ സാരഥ്യം രമേശ് ചെന്നിത്തലയെ ഏല്‍പ്പിച്ച ഹൈക്കമാന്‍ഡ് നീക്കം സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങള്‍ക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. കേവലം ഒരു കമ്മിറ്റിയുടെ പുനഃസംഘടന എന്നതിലുപരി, അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയ്ക്കുള്ള സാധ്യതകള്‍ക്ക് അടിവരയിടുന്നതാണ് എഐസിസിയുടെ ഈ തീരുമാനം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ‘ഒറ്റയാള്‍’ പോരാട്ടങ്ങള്‍ക്ക് കടുപ്പമേറിയ തിരുത്തലുമായി ഹൈക്കമാന്‍ഡ് രംഗത്തെത്തിയതോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ അധികാരകേന്ദ്രങ്ങള്‍ മാറുകയാണ്.

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും പ്രതിപക്ഷ നേതാവും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയും പുനഃസംഘടനയിലെ മെല്ലെപ്പോക്കും ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചിരുന്നു. സതീശന്റെ പ്രവര്‍ത്തനശൈലിയില്‍ എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള പ്രബല സാമുദായിക സംഘടനകള്‍ പുലര്‍ത്തുന്ന കടുത്ത അതൃപ്തി വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പിന്നോട്ടടിക്കുമെന്ന എഐസിസി നിരീക്ഷകരുടെ റിപ്പോര്‍ട്ടാണ് ചെന്നിത്തലയെ വീണ്ടും മുന്‍നിരയിലേക്ക് എത്തിച്ചത്. എല്ലാ സമുദായങ്ങളെയും ഒരേപോലെ ചേര്‍ത്തുനിര്‍ത്താനുള്ള ചെന്നിത്തലയുടെ രാഷ്ട്രീയ വൈദഗ്ധ്യം ‘സോഷ്യല്‍ എന്‍ജിനീയറിംഗി’ല്‍ നിര്‍ണ്ണായകമാകുമെന്ന് ഹൈക്കമാന്‍ഡ് വിശ്വസിക്കുന്നു.

പ്രതിപക്ഷ നേതാവിനെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് തന്നെ, പ്രചാരണത്തിന്റെ ചുക്കാന്‍ ചെന്നിത്തലയ്ക്ക് നല്‍കിയതിലൂടെ ‘ഇനി കാര്യങ്ങള്‍ ഇങ്ങനെയല്ല’ എന്ന സന്ദേശമാണ് ദീപാദാസ് മുന്‍ഷി അടക്കമുള്ളവര്‍ നല്‍കുന്നത്. ഷാഫി പറമ്പിലിനെ കണ്‍വീനറാക്കിയതിലൂടെ മുസ്ലീം വിഭാഗത്തിന്റെ വിശ്വാസം വീണ്ടെടുക്കാനും ശശി തരൂരിനെ ഉപാധ്യക്ഷനാക്കി യുവതലമുറയെയും ദേശീയ രാഷ്ട്രീയത്തെയും ഒപ്പം നിര്‍ത്താനും ഹൈക്കമാന്‍ഡിന് സാധിച്ചു. ഇപ്പോഴും കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ മുഖ്യമന്ത്രിയാകാന്‍ കൂടുതല്‍ സാധ്യത കെസി വേണുഗോപാലിനാണ്.

രാഹുല്‍ ഗാന്ധിയുടെ അതിവിശ്വസ്തനാണ് കെസി. പ്രിയങ്കാ ഗാന്ധിയുമായും അടുപ്പമുണ്ട്. കോണ്‍ഗ്രസിന്റെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി. കേരളത്തില്‍ കോണ്‍ഗ്രസിന് അധികാരം കിട്ടിയ ശേഷവും ഡല്‍ഹിയില്‍ തുടരാന്‍ കെസി തീരുമാനിച്ചാല്‍ ചെന്നിത്തലയാകും മുഖ്യമന്ത്രി. ഇതിന്റെ സൂചനകളാണ് ഇപ്പോഴത്തെ നിയമനം നല്‍കുന്നത്. സീനിയോറിട്ടിയാകും ചെന്നിത്തലയെ തുണയക്കുക. തരൂരിനെ പ്രചരണ സമിതിയില്‍ രണ്ടാമനാക്കിയതും ഒന്നാമന്‍ ചെന്നിത്തലയെന്ന സൂചന നല്‍കാനാണ്.

അതേസമയം, നിലവില്‍ ഡിജിറ്റല്‍ മീഡിയയുടെ ചുമതലയുള്ള ഹൈബി ഈഡന് പ്രചാരണ കമ്മിറ്റിയില്‍ അര്‍ഹമായ പരിഗണന ലഭിക്കാത്തത് അദ്ദേഹത്തിന് കനത്ത തിരിച്ചടിയായി. ഹൈബിയുടെ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വത്തിനുള്ള അതൃപ്തിയാണ് ഈ അവഗണനയിലൂടെ പുറത്തുവരുന്നത്. സമുദായങ്ങളെ പിണക്കാതെയും ഗ്രൂപ്പ് വൈരങ്ങള്‍ മാറ്റിവെച്ചും ചെന്നിത്തല നയിക്കുമ്പോള്‍, തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്വാഭാവികമായും ഉയരുന്ന പേര് അദ്ദേഹത്തിന്റേത് തന്നെയാകും. വി.ഡി. സതീശനും ഹൈബി ഈഡനും നേരിടുന്ന ഈ കനത്ത തിരിച്ചടി ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ പുതിയ ചേരിതിരിവുകള്‍ക്ക് കാരണമായേക്കും.

തിരുവനന്തപുരം: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണ സമിതിയുടെ ആദ്യ യോഗം തിങ്കളാഴ്ച കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ഉച്ചയ്ക്ക് 12ന് ചേരും. പ്രചരണ സമിതി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുമെന്ന് കണ്‍വീനര്‍ ഷാഫി പറമ്പില്‍ എംപി അറിയിച്ചു.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top