അടിച്ചവന് സ്റ്റേഷന്‍ ജാമ്യം; അടികൊണ്ട പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്! മാള്‍ ഓഫ് ട്രാവന്‍കൂറില്‍ പോലീസുകാരന്‍ മിഥുന്‍ റോയിയെ പുറത്താക്കാന്‍ വഞ്ചിപ്പൂര്‍ പോലീസിന്റെ ഇരട്ടത്താപ്പ്; ഇതാണോ പിണറായിയുടെ ‘അഭിമാന’ പോലീസ്? എസ് എഫ് ഐക്കാര്‍ നിയമം കൈയ്യിലെടുക്കുമ്പോള്‍

തിരുവനന്തപുരം: കേരളത്തില്‍ പോലീസായാല്‍ മര്യാദയ്ക്ക് ജോലി ചെയ്താല്‍ മാത്രം പോരാ, സഖാക്കളുടെ അടി കൊള്ളാനുള്ള തൊലിക്കട്ടിയും വേണം. തലസ്ഥാനത്തെ മാള്‍ ഓഫ് ട്രാവന്‍കൂറില്‍ സിവില് പോലീസ് ഓഫീസര്‍ മിഥുന്‍ റോയിക്ക് കിട്ടിയത് സഖാക്കളുടെ ക്രൂരമര്‍ദ്ദനമാണ്. എന്നാല്‍ മര്‍ദ്ദനമേറ്റ പോലീസുകാരനെ സഹായിക്കുന്നതിന് പകരം, അടിച്ചവനെ രക്ഷിക്കാനും അടികൊണ്ടവനെ കുടുക്കാനും ഇറങ്ങിത്തിരിച്ചിരിക്കുകയാണ് വഞ്ചിപ്പൂര്‍ പോലീസ്. സഖാക്കളെ പ്രീതിപ്പെടുത്താന്‍ സ്വന്തം സഹപ്രവര്‍ത്തകനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്ത വഞ്ചിപ്പൂര്‍ പോലീസിന്റെ നടപടി നാണക്കേടിന്റെ അങ്ങേത്തറ്റമാണ്.

കഴിഞ്ഞ ഡിസംബര്‍ 31-ന് പുതുവത്സര ഡ്യൂട്ടിക്കിടെ പ്രശ്‌നമുണ്ടാക്കിയ ചില എസ്.എഫ്.ഐക്കാരെ മിഥുന്‍ റോയ് തടഞ്ഞിരുന്നു. നിയമം നടപ്പിലാക്കിയതിന്റെ പകയുമായി നടന്ന സഖാക്കള്‍ മാളില്‍ വെച്ച് മിഥുനെ കണ്ടപ്പോള്‍ ആക്രമിക്കുകയായിരുന്നു. ‘എടാ ഞങ്ങളെ നിനക്ക് അറിയില്ലേടാ’ എന്ന് ആക്രോശിച്ചുകൊണ്ട് നെഞ്ചത്ത് നോക്കി ചവിട്ടുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമാണ്. മാളിലെ സെക്യൂരിറ്റി ജീവനക്കാര്‍ ഓടി വന്നിട്ടും സഖാക്കളുടെ കലി അടങ്ങിയില്ല. പച്ച തെറിയും വിളിച്ചു.

സാധാരണക്കാരനായാലും പോലീസുകാരനായാലും ഇത്തരമൊരു ആക്രമണം നടന്നാല്‍ പ്രതികള്‍ അകത്താകേണ്ടതാണ്. എന്നാല്‍ ഇവിടെ നടന്നത് വിചിത്രമായ കാര്യങ്ങളാണ്. മര്‍ദ്ദിച്ച എസ്.എഫ്.ഐക്കാര്‍ക്കെതിരെ വെറും സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകള്‍ മാത്രം! അതേസമയം, അടി കൊണ്ട് ആശുപത്രിയിലായ പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് ‘എസ് എഫ് ഐക്കാരുടെ രക്ഷകനായി’ ചമയുന്നു.

മിഥുന്‍ റോയ് ഇടിവള ഉപയോഗിച്ച് അടിച്ചുവെന്നാണ് എസ്.എഫ്.ഐക്കാരുടെ പരാതി. പുറത്തുവന്ന ദൃശ്യങ്ങളില്‍ എവിടെയും ഇല്ലാത്ത ഇടിവള പോലീസ് എഫ്.ഐ.ആറില്‍ മാത്രം കയറിപ്പറ്റി. ഈ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് വഴി മിഥുന്റെ ജോലി തെറിപ്പിക്കുക എന്ന വ്യക്തമായ രാഷ്ട്രീയ അജണ്ടയാണ് ഇതിന് പിന്നിലെന്നും സൂചനയുണ്ട്. കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ ഭരണകൂടം പോലീസുകാരനെ വേട്ടയാടുകയാണ്.

തലസ്ഥാനത്ത് പോലീസ് അസോസിയേഷന്റെ സമ്മേളനം ആവേശത്തോടെ നടക്കുമ്പോഴാണ് ഈ സംഭവം. ഉന്നത ഉദ്യോഗസ്ഥരും അസോസിയേഷന്‍ നേതാക്കളും നഗരത്തിലുള്ളപ്പോള്‍ തന്നെ സ്വന്തം സഹപ്രവര്‍ത്തകന്‍ തെരുവില്‍ തല്ലുകൊള്ളുകയും കള്ളക്കേസില്‍ കുടുങ്ങുകയും ചെയ്തിട്ടും ആരും ഒരക്ഷരം മിണ്ടിയിട്ടില്ല. ഡി.വൈ.എഫ്.ഐക്കാരെയും എസ്.എഫ്.ഐക്കാരെയും പേടിച്ച് അസോസിയേഷന്‍ നേതാക്കള്‍ വായടച്ചതോടെ, താഴെത്തട്ടിലുള്ള പോലീസുകാര്‍ വല്ലാത്തൊരു അവസ്ഥയിലാണ്.

ക്രമസമാധാനം പാലിക്കാന്‍ ശ്രമിച്ചാല്‍ ജോലി പോകും, സഖാക്കളുടെ അടി കൊണ്ടാല്‍ മറുപടി പറയരുത് – ഇതാണോ കേരളത്തിലെ ആഭ്യന്തര വകുപ്പ് ലക്ഷ്യമിടുന്നത്? മാള്‍ ഓഫ് ട്രാവന്‍കൂറിലെ ഈ സംഭവം കേരള പോലീസിന്റെ ആത്മവീര്യം തകര്‍ക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top