തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ ലൗ ജിഹാദ് ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും പുകയുമ്പോള്‍, ജാതിക്കും മതത്തിനും അതീതമായ മാനവികതയുടെ സന്ദേശമുയര്‍ത്തി കേരളം ലോകത്തിന് മാതൃകയാകുന്നു. കുംഭമേളയിലെ ‘വൈറല്‍ സുന്ദരി’ മോണലിസ ഭോസ്ലെയും മുഹമ്മദ് ഫര്‍മാനും തമ്മിലുള്ള വിവാഹം, ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ മുറുകെപ്പിടിക്കുന്ന അരുമാനൂര്‍ നയിനാര്‍ ദേവ ക്ഷേത്രത്തില്‍ നടന്നത് വെറുമൊരു ചടങ്ങല്ല, മറിച്ച് വിവേചനമില്ലാത്ത കേരളാ മോഡലിന്റെ പ്രഖ്യാപനമാണ്.
ജാതിഭേദവും മതദ്വേഷവുമില്ലാത്ത നവകേരളത്തിന്റെ പ്രായോഗിക രൂപമായി മാറുകയാണ് പൂവാര്‍ അരുമാനൂര്‍ നയിനാര്‍ ദേവ ക്ഷേത്രം. കുംഭമേളയിലെ വൈറല്‍ താരം മോണലിസ ഭോസ്ലെയും മുഹമ്മദ് ഫര്‍മാനും തമ്മിലുള്ള വിവാഹം ഈ ചരിത്ര പ്രസിദ്ധമായ മണ്ണില്‍ നടന്നത്, ശ്രീനാരായണ ഗുരുദേവന് വിഭാവനം ചെയ്ത വിശ്വമാനവികതയുടെ വിളംബരമായി. തിരുവനന്തപുരം നെയ്യാറ്റിന്‍കര റോഡിലുള്ള അരുമാനൂര്‍ ദേവക്ഷേത്രം വെറുമൊരു ആരാധനാലയമല്ല, മറിച്ച് നൂറ്റാണ്ടുകളുടെ ചരിത്രവും ഗുരുദേവ ദര്‍ശനവും ലയിക്കുന്ന ഇടമാണ്. പണ്ട് ഒരു മഹര്‍ഷിക്ക് ശിവനും പാര്‍വ്വതിയും ‘നയിനാരും നാച്ചിയാരുമായി’ ദര്‍ശനം നല്കിയ സ്ഥലമാണിതെന്നാണ് ഐതിഹ്യം.
500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉടമസ്ഥരായ ബ്രാഹ്മണര്‍ ദേശം വിട്ടുപോയതോടെ ക്ഷയിച്ചുപോയ ക്ഷേത്രം, ശ്രീനാരായണ ഗുരുദേവന്റെ നിര്‍ദ്ദേശപ്രകാരമാണ് നാട്ടുകാര്‍ പുനരുദ്ധരിച്ചത്. കൊല്ലവര്‍ഷം 1088-ല്‍ ഗുരുദേവന് നേരിട്ട് ബാലാലയ പ്രതിഷ്ഠ നടത്തി. തുടര്‍ന്ന് കൊല്ലവര്‍ഷം 1109 മകരം 8-ന് ഗുരുവിന്റെ ശിഷ്യന് ഭൈരവന് സ്വാമി പുനഃപ്രതിഷ്ഠ നിര്‍വ്വഹിച്ചു. ഈ ക്ഷേത്രത്തിലെ ദേവനെ സ്തുതിച്ചുകൊണ്ട് ഗുരുദേവന് തമിഴില്‍ രചിച്ച ‘നയിനാര്‍ പതികം’ എന്ന തേവാരം ഇന്നും ഭക്തിസാന്ദ്രമായ ചരിത്രരേഖയായി നിലനില്ക്കുന്നു. ഗുരുദേവന് പാടിപ്പുകഴ്ത്തിയ ഈ സന്നിധിയിലാണ് മോണലിസയും ഫര്‍മാനും വിവാഹിതരായത്.
എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതൃത്വത്തിലുള്ള ഈ ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടെ നിലനില്‍ക്കുന്ന ആരാധനാ സ്വാതന്ത്ര്യമാണ്. വിഗ്രഹങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമപ്പുറം മനുഷ്യനെ ഒന്നായി കാണുന്ന ഗുരുദേവ പ്രതിഷ്ഠയ്ക്ക് മുന്നിലാണ് ഫര്മാന് മോണലിസയുടെ കഴുത്തില്‍ താലി കെട്ടിയത്. മതത്തിന്റെ പേരില്‍ തടസ്സങ്ങള്‍ നേരിട്ടപ്പോള്‍ ഇവര്‍ക്ക് അഭയമായത് അരുമാനൂര്‍ ക്ഷേത്രത്തിലെ മതേതര നിലപാടാണ്. ഗുരുദേവന്റെ ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന ആപ്തവാക്യം അന്വര്‍ത്ഥമാക്കുന്നതായിരുന്നു ഈ വിവാഹം.
വിവാഹത്തിന് പിന്നാലെ മോണലിസയ്ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന ആരോപണവുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കൃത്യമായ രേഖകള്‍ ഹാജരാക്കി ദമ്പതികള്‍ ഇതിന് മറുപടി നല്കി. ‘നാഗത്തമ്മ’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ കേരളത്തിലെത്തിയ ഇവര്‍ ഇവിടുത്തെ സാമൂഹിക അന്തരീക്ഷത്തില്‍ സന്തുഷ്ടരാണ്. വിദ്വേഷത്തിന്റെ മതിലുകള്‍ തകര്‍ത്ത് മനുഷ്യത്വം ജയിക്കുന്ന ഈ കാഴ്ച, ശ്രീനാരായണ ഗുരു മനസ്സില്‍ കണ്ട നവകേരളത്തിന്റെ നേര്‍സാക്ഷ്യമാണ്.



