അമ്പലപ്പുഴയില്‍ ‘സുധാകര വിസ്മയം’ വിരിഞ്ഞു; സിപിഎമ്മിനെ ഞെട്ടിച്ച് സ്വതന്ത്രനായി ഗോദയിലേക്ക്; അനുനയ നീക്കങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു; അമ്പലപ്പുഴയില്‍ സഖാവ് സ്വതന്ത്രന്‍

ആലപ്പുഴ: രാഷ്ട്രീയ കേരളം ശ്വാസമടക്കിപ്പിടിച്ചു കാത്തിരുന്ന ആലപ്പുഴയിലെ ‘സുധാകര കടങ്കഥ’യ്ക്ക് അപ്രതീക്ഷിത ക്ലൈമാക്സ്. എം.എ. ബേബിയുടെ മണിക്കൂറുകള്‍ നീണ്ട നയതന്ത്ര നീക്കങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോണ്‍ വിളിയും ഫലം കണ്ടുവെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ ആശ്വസിച്ചിടത്തുനിന്നാണ് പഴയ പടക്കുതിര കളി മാറ്റിയത്. പുന്നപ്രയിലെ വസതിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിന്റെ ഒടുവില്‍, അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപനത്തിലൂടെ ജി. സുധാകരന്‍ സിപിഎമ്മിനെ ഞെട്ടിച്ചു. ഇതോടെ ആലപ്പുഴയുടെ മണ്ണില്‍ രാഷ്ട്രീയ വിസ്മയങ്ങള്‍ക്കും വന്‍ അട്ടിമറികള്‍ക്കും ഔദ്യോഗികമായി കളമൊരുങ്ങി.

രാവിലെ വാര്‍ത്താസമ്മേളനം ആരംഭിച്ചപ്പോള്‍ തികഞ്ഞ പാര്‍ട്ടി വിശ്വാസിയായിട്ടായിരുന്നു സുധാകരന്റെ വാക്കുകള്‍. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം വിട്ടുപോകില്ലെന്നും പാര്‍ട്ടിയെ ആക്ഷേപിക്കില്ലെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ അനുനയ നീക്കങ്ങള്‍ വിജയിച്ചുവെന്ന് സഖാക്കള്‍ കരുതി. എം.എ. ബേബിയും മുഖ്യമന്ത്രിയും നല്‍കിയ ഉറപ്പുകള്‍ സുധാകരന്‍ മാനിക്കുന്നുവെന്ന തോന്നല്‍ പടര്‍ന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് ചോദ്യങ്ങളിലേക്ക് കടന്നതോടെ സുധാകരന്‍ ഗിയര്‍ മാറ്റി. അമ്പലപ്പുഴയില്‍ മത്സരിക്കാന്‍ തനിക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും ജനങ്ങള്‍ പിന്തുണ നല്‍കുന്നതിനാല്‍ സ്വതന്ത്രനായി പോരാട്ടത്തിനിറങ്ങുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ബുധനാഴ്ച രാത്രി വൈകി സുധാകരന്റെ വീട്ടിലെത്തി എം.എ. ബേബി നടത്തിയ അനുനയ ചര്‍ച്ചകള്‍ ഇതോടെ പാഴായി. തന്നെ ആരും ഇനി വിമര്‍ശിക്കില്ലെന്ന ഉറപ്പ് ബേബിയില്‍ നിന്ന് ലഭിച്ചുവെന്ന് സുധാകരന്‍ ശരിവെച്ചെങ്കിലും, സംഘടനാപരമായ അവഗണനയില്‍ താന്‍ തൃപ്തനല്ലെന്ന വ്യക്തമായ സന്ദേശമാണ് അദ്ദേഹം നല്‍കിയത്. സുധാകരന്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സുധാകരന്റെ സഹോദരി പുത്രിയുടെ ഭര്‍ത്താവടക്കമുള്ള ജില്ലാ നേതാക്കള്‍ നടത്തിയ ഒത്തുതീര്‍പ്പ് ശ്രമങ്ങളെയും തള്ളിക്കൊണ്ടാണ് ‘പഴയ സിംഹം’ വീണ്ടും ഗര്‍ജിക്കുന്നത്.

താന്‍ പാര്‍ട്ടിക്കെതിരെയല്ല മത്സരിക്കുന്നതെന്ന് സുധാകരന്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും, അമ്പലപ്പുഴയില്‍ സിപിഎം ഔദ്യോഗിക പക്ഷത്തിന് അദ്ദേഹം ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല. സുധാകരന്‍ സ്വതന്ത്രനായാല്‍ പിന്തുണയ്ക്കാനോ സൗഹൃദ മത്സരം കാഴ്ചവയ്ക്കാനോ യുഡിഎഫ് സന്നദ്ധത പ്രകടിപ്പിച്ചതോടെ ആലപ്പുഴയിലെ രാഷ്ട്രീയ ചിത്രം അടിമുടി മാറി. വിഭാഗീയതയുടെ കനലുകള്‍ ആളിക്കത്തിച്ച് സുധാകരന്‍ പോര്‍ക്കളത്തിലിറങ്ങുമ്പോള്‍, അത് സിപിഎമ്മിന് നല്‍കുന്ന ആഘാതം പ്രവചനാതീതമായിരിക്കും.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top