പ്രയാഗ്രാജിലെ ഗംഗാതീരത്ത് രുദ്രാക്ഷ മാലകള്‍ വിറ്റുനടന്ന പെണ്‍കുട്ടി; സിനിമയെ വെല്ലുന്ന ക്ലൈമാക്സ്; പ്രണയത്തിനായി ‘ദൈവത്തിന്റെ സ്വന്തം നാട്ടില്‍’ അഭയം തേടി വൈറല്‍ സുന്ദരി മൊണാലിസ

തിരുവനന്തപുരം: പ്രയാഗ്രാജിലെ ഗംഗാതീരത്ത് രുദ്രാക്ഷ മാലകള്‍ വിറ്റുനടന്ന പെണ്‍കുട്ടിയില്‍ നിന്നും സിനിമയിലെ നായികയിലേക്കുള്ള മൊണാലിസ ഭോസ്ലെയുടെ വളര്‍ച്ച അതിവേഗമായിരുന്നു. എന്നാല്‍ ആ സിനിമാക്കഥയെ പോലും വെല്ലുന്ന നാടകീയ രംഗങ്ങള്‍ക്കാണ് ഇപ്പോള്‍ തിരുവനന്തപുരം തമ്പാനൂര്‍ പോലീസ് സ്റ്റേഷന്‍ സാക്ഷ്യം വഹിച്ചിരിക്കുന്നത്. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച്, തന്റെ പ്രണയത്തിന് സംരക്ഷണം തേടി കാമുകന്‍ ഫര്‍മാന്‍ ഖാനൊപ്പമാണ് മൊണാലിസ പോലീസിന് മുന്നിലെത്തിയത്. ഗംഗാതീരത്തെ രുദ്രാക്ഷം വില്‍പനക്കാരിയില്‍ നിന്നും വെള്ളിത്തിരയിലെ നായികയിലേക്കുള്ള യാത്രയ്ക്കിടയില്‍, തന്റെ പ്രണയത്തിനുവേണ്ടി കുടുംബത്തോട് പോരാടുന്ന മൊണാലിസയെയാണ് ഇപ്പോള്‍ കേരളം കാണുന്നത്. ‘ദ ഡയറി ഓഫ് മണിപ്പൂര്‍’ എന്ന ചിത്രത്തിന് ഈ സംഭവങ്ങള്‍ വലിയൊരു പബ്ലിസിറ്റി കൂടിയായി മാറുകയാണ്.

2025-ലെ മഹാകുംഭമേളയ്ക്കിടെ രുദ്രാക്ഷ മാലകള്‍ വില്‍ക്കുന്ന മൊണാലിസയുടെ വീഡിയോ വൈറലായതോടെയാണ് താരം ലോകശ്രദ്ധ നേടിയത്. ‘ഇന്ത്യയുടെ മൊണാലിസ’ എന്ന് സോഷ്യല്‍ മീഡിയ വിളിച്ച താരത്തെ കാണാന്‍ വന്‍ ജനക്കൂട്ടമെത്തിയതോടെ അന്ന് കച്ചവടം നിര്‍ത്തേണ്ടി വന്നിരുന്നു. തുടര്‍ന്ന് ബോബി ചെമ്മണ്ണൂരിന്റെ ജ്വല്ലറി ഉദ്ഘാടനത്തിനായി കേരളത്തിലെത്തിയപ്പോഴും മലയാളികള്‍ വന്‍ വരവേല്‍പ്പാണ് മൊണാലിസയ്ക്ക് നല്‍കിയത്.

സനോജ് മിശ്ര സംവിധാനം ചെയ്യുന്ന ‘ദ ഡയറി ഓഫ് മണിപ്പൂര്‍’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനാണ് മൊണാലിസ കേരളത്തിലെത്തിയത്. പ്രമുഖ താരം രാജ്കുമാര്‍ റാവുവിന്റെ സഹോദരന്‍ അമിത് റാവുവാണ് ചിത്രത്തിലെ നായകന്‍. പൂവാറില്‍ ചിത്രീകരണം നടക്കാനിരിക്കെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. എറണാകുളത്ത് വെച്ച് പിതാവ് ജയ് സിങ് ഭോസ്ലെയുമായി ഉണ്ടായ കടുത്ത തര്‍ക്കത്തിനൊടുവില്‍ മൊണാലിസ കാമുകന്‍ ഫര്‍മാനൊപ്പം ട്രെയിന്‍ മാര്‍ഗം തിരുവനന്തപുരത്തേക്ക് തിരിക്കുകയായിരുന്നു. തനിക്ക് അച്ഛനില്‍ നിന്നും ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും താരം പോലീസിനോട് ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര സ്വദേശിയായ ഫര്‍മാന്‍ ഖാനുമായി ഒന്നരവര്‍ഷമായി മൊണാലിസ പ്രണയത്തിലാണ്. ഫേസ്ബുക്ക് വഴി തുടങ്ങിയ ഈ ബന്ധത്തിന് വീട്ടുകാര്‍ കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. മറ്റൊരു വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിച്ചതോടെയാണ് സുരക്ഷിതമായ ഇടം എന്ന നിലയില്‍ ഇരുവരും കേരളത്തില്‍ അഭയം തേടിയത്. ‘ഉത്തരേന്ത്യയില്‍ ഞങ്ങളുടെ ബന്ധത്തിന് വലിയ അപകടങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഉറപ്പായിരുന്നു, അതുകൊണ്ടാണ് കേരളം തിരഞ്ഞെടുത്തത്’ – ഇരുവരും പോലീസിനോട് വെളിപ്പെടുത്തി.

തമ്പാനൂര്‍ പോലീസ് മൊണാലിസയുടെ പിതാവിനെയും സിനിമാ സംഘത്തെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. മൊണാലിസയ്ക്ക് 18 വയസ്സ് തികഞ്ഞതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള നിയമപരമായ അവകാശമുണ്ടെന്ന് പോലീസ് വീട്ടുകാരെ ബോധ്യപ്പെടുത്തി. അച്ഛനെതിരെ ഔദ്യോഗികമായി പരാതി നല്‍കാന്‍ മൊണാലിസ തയ്യാറായില്ലെങ്കിലും, തന്റെ ജീവിതം ഫര്‍മാനൊപ്പമാണെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ പോലീസ് അവരെ സ്വന്തം ഇഷ്ടത്തിന് വിട്ടു.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top