ബെംഗളൂരു: വ്യവസായി സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബെംഗളൂരുവിലെ ലാംഗ്ഫോര്‍ഡ് റോഡിലുള്ള ഓഫീസില്‍ ജീവനൊടുക്കുന്നതിന് മുന്‍പ്, ഒരു സ്വകാര്യ ഹോട്ടലില്‍വെച്ച് അദ്ദേഹം ആത്മഹത്യയ്ക്ക് പദ്ധതിയിട്ടിരുന്നതായി പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു. ദിവസങ്ങള്ക്ക മുമ്പ് ന്യൂസ് 9 ലൈവ് എന്ന ചാനലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
സംഭവങ്ങളുടെ നാള്‍വഴികള്‍ അന്വേഷിക്കുന്നതിനിടെ, റോയ് സ്ഥിരമായി സന്ദര്‍ശിക്കാറുള്ള ഹലസൂരിലെ കോണ്‍കോര്‍ഡ് ഹോട്ടലിലെ ഒരു മുറിയില്‍നിന്ന് പോലീസ് വെടിയുണ്ടകള്‍ കണ്ടെടുത്തു. ഇവിടെവെച്ച് ജീവനൊടുക്കാനായിരുന്നു റോയ് ആദ്യം ലക്ഷ്യമിട്ടിരുന്നതെന്നും, പിന്നീട് ശാന്തി നഗറിലെ ഓഫീസിലേക്ക് മാറുകയായിരുന്നുവെന്നും അധികൃതര്‍ സംശയിക്കുന്നു. പിന്നീട് ഓഫീസില്‍ വെച്ച് അദ്ദേഹം സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. വളരെ അടുത്തുനിന്നാണ് വെടിയേറ്റിരിക്കുന്നത്. വെടിയേറ്റ് ഏഴ് മിനിറ്റോളം കഴിഞ്ഞാണ് ജീവനക്കാര്‍ വിവരമറിയുന്നത്.
ദുബായിലായിരുന്ന റോയ്, ഇന്ത്യയിലേക്ക് മടങ്ങാന്‍ കടുത്ത വിമുഖത കാണിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ആദായനികുതി വകുപ്പിന്റെ റെയ്ഡുകള്‍ക്കെതിരെ നിയമപരമായ സ്റ്റേ വാങ്ങാന്‍ അദ്ദേഹം നേരത്തെ ശ്രമിച്ചിരുന്നു. എന്നാല്‍, കേരളത്തിലുള്ള തന്റെ ബിസിനസ്സ് പങ്കാളിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം അദ്ദേഹം ഹര്‍ജി പിന്‍വലിക്കുകയും ബെംഗളൂരുവിലേക്ക് മടങ്ങുകയും ചെയ്തു.
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയി ജീവനൊടുക്കിയ സംഭവത്തില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്ക്കെതിരേ തെളിവില്ലെന്ന് എസ്ഐടി പറയുന്നു. റോയിയെ സമ്മര്‍ദത്തില്‍ ആക്കിയതിന് തെളിവ് ലഭിച്ചില്ലെന്ന് എസ്ഐടി വ്യക്തമാക്കുന്നു. ജീവനൊടുക്കിയ ദിവസം റോയിയെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിട്ടില്ല. റോയിയെ അലട്ടിയത് മറ്റെന്തെങ്കിലും പ്രശ്നമാവാം എന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. റോയ് മാനസിക സമ്മര്‍ദത്തിന് ചികിത്സ തേടിയത് എന്തിനെന്നും പരിശോധിക്കുന്നുണ്ട്.
റോയിയുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത തേടാനുള്ള തയ്യാറെടുപ്പിലാണ് എസ്ഐടി. റോയിയുടെ കമ്പനികളുടെ ഓഡിറ്റ് രേഖകള്‍ വിശദമായി പരിശോധിക്കും. സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ സ്വകാര്യ ഓഡിറ്റര്‍മാരെ നിയോഗിച്ചതായും അന്വേഷണസംഘം അറിയിച്ചു.



