മരണത്തിലേക്ക് നയിച്ചത് ആ ഒരു ഫോണ്‍ കോള്‍? സി.ജെ. റോയിയുടെ അന്ത്യനിമിഷങ്ങളില്‍ സംഭവിച്ചത്; ആ ഫോണ്‍ കോളിന് പിന്നാലെ പോലീസ്; കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയുടെ മരണത്തില്‍ ദുരൂഹതയേറുന്നു

പ്രമുഖ മലയാളി വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ. റോയിയുടെ ആത്മഹത്യാ അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. മരണത്തിന് തൊട്ടുമുമ്പ് റോയിയുടെ മാനസികാവസ്ഥയെ പൂര്‍ണ്ണമായും തകിടം മറിച്ച 2:45-ലെ ആ നിഗൂഢ ഫോണ്‍ കോളിനെ കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇപ്പോള്‍ നീങ്ങുന്നത്. ന്യൂസ് ഫസ്റ്റ് പ്രൈം എന്ന ഇംഗ്ലീഷ് പോര്‍ട്ടലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബംഗ്ലൂരുവിലെ ലാംഗ്‌ഫോര്‍ഡ് റോഡിലെ ഓഫീസിലേക്ക് തന്റെ മാനേജര്‍ ജോസഫിനൊപ്പം കാറില്‍ വരുമ്പോഴാണ് ഈ കോള്‍ എത്തിയത്. ആദായനികുതി വകുപ്പ് റെയ്ഡുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഓഫീസിലേക്ക് പോകുമ്പോള്‍ റോയി തികച്ചും ശാന്തനായിരുന്നുവെന്ന് ജോസഫ് മൊഴി നല്‍കിയിട്ടുണ്ട്. ജോസഫ് ഈ കോളിനെ കുറിച്ചും പോലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

2:45-ന് എത്തിയ ആ ഫോണ്‍ കോള്‍ റോയിയെ പാടെ മാറ്റിമറിച്ചു. കോള്‍ അവസാനിച്ച നിമിഷം തന്നെ റോയിയുടെ കണ്ണ് നിറയുകയും സംസാരശേഷി നഷ്ടപ്പെട്ട നിലയില്‍ അങ്ങേയറ്റം അസ്വസ്ഥനാവുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറയുന്നു. മാനേജര്‍ ജോസഫ് അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും റോയി മൗനത്തിലേക്ക് പിന്‍വാങ്ങി. ഓഫീസില്‍ എത്തി മിനിറ്റുകള്‍ക്കകം തന്റെ കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് റോയി ജീവനൊടുക്കുകയായിരുന്നു. ആ അവസാന നിമിഷങ്ങളില്‍ റോയിയെ തളര്‍ത്തിയ ആ ഫോണ്‍ സന്ദേശം എന്തായിരുന്നു എന്നാണ് പോലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്.

അതൊരു സാധാരണ കോള്‍ ആയിരുന്നോ അതോ വാട്ട്സ്ആപ്പ് വഴിയുള്ള ഇന്റര്‍നെറ്റ് കോള്‍ ആയിരുന്നോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്.ഐ.ടി. റോയിയുടെ ഫോണിലെ കോള്‍ റെക്കോര്‍ഡുകളും ആശയവിനിമയ രേഖകളും പോലീസ് വിശദമായി വിശകലനം ചെയ്തുവരികയാണ്. ആരാണ് ആ സമയത്ത് റോയിയെ വിളിച്ചത്? ആ സംഭാഷണത്തില്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തുന്നതോ മാനസികമായി തകര്‍ക്കുന്നതോ ആയ എന്തെങ്കിലും ഉണ്ടായിരുന്നോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തുന്നതിലൂടെ മാത്രമേ സി.ജെ. റോയിയുടെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം പുറത്തുകൊണ്ടുവരാന്‍ സാധിക്കൂ എന്ന് ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു.

മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസുകളിലും റോയിയുടെ വസതിയിലും ആദായനികുതി വകുപ്പ് വ്യാപകമായ റെയ്ഡുകള്‍ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു അദ്ദേഹമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മരണം: ബെംഗളൂരു ലാംഗ്‌ഫോര്‍ഡ് റോഡിലെ ഓഫീസില്‍ വെച്ച് സ്വന്തം ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് അദ്ദേഹം ജീവനൊടുക്കിയത്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top