ആ വാഹനാപകടം ചിക്കന്‍ഗുനിയ ‘കൈയ്യബദ്ധം’! 11-ാം മണിക്കൂറില്‍ മണിയന്‍പിള്ള രാജു ഹാജര്‍

തിരുവനന്തപുരം: നിയമത്തിന്റെ പഴുതുകള്‍ക്കിടയിലൂടെ വഴുതിമാറാന്‍ ഒരു അതിബുദ്ധിമാനായ തിരക്കഥാകൃത്തിന്റെ തന്ത്രവുമായി നടന്‍ മണിയന്‍പിള്ള രാജു. വഴുതക്കാട് സുബ്രഹ്‌മണ്യം ഹാളിന് മുന്നില്‍ വെച്ച് രണ്ട് യുവാക്കളെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പാഞ്ഞ താരം, കൃത്യം 11 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങി. രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിയുന്ന ആ ‘എട്ടു മണിക്കൂര്‍’ എന്ന നിര്‍ണ്ണായക സമയം ഒളിവിലിരുന്ന് തള്ളിനീക്കിയ താരത്തിന് പിന്നില്‍ ഒരു അതിബുദ്ധിമാന്റെ ഉപദേശമുണ്ടായിരുന്നുവെന്നാണ് സൂചന. ഇതോടെ മദ്യപിച്ചു വാഹനം ഓടിച്ചു എന്ന കുറ്റം ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയാതെ പോലീസ് വെട്ടിലായിരിക്കുകയാണ്.

താരത്തിന്റെ പുതിയ പ്രതികരണത്തില്‍ വലിയ അസ്വാഭാവികതയാണ് നിഴലിക്കുന്നത്. തനിക്ക് ചിക്കുന്‍ ഗുനിയ ആണെന്നും അതുകൊണ്ടാണ് രാത്രി സ്റ്റേഷനില്‍ വരാതിരുന്നതെന്നുമാണ് രാജുവിന്റെ മൊഴി. എന്നാല്‍ ചിക്കുന്‍ ഗുനിയ ബാധിച്ച് അവശനായ ഒരാള്‍ രാത്രി ട്രിവാന്‍ഡ്രം ക്ലബ്ബിലെ പൊതുപരിപാടിയില്‍ സംബന്ധിക്കാന്‍ പോയത് എങ്ങനെയെന്ന ചോദ്യത്തിന് മറുപടിയില്ല. പരിക്കേറ്റ നിവേദിതിനെയും സൂരജിനെയും രക്തം വാര്‍ന്ന നിലയില്‍ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ശേഷം സുഹൃത്തിനെ വിളിച്ചു എന്ന് പറയുന്നത് കൊലപാതക ശ്രമത്തിന് തുല്യമായ കുറ്റമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചിക്കുന്‍ ഗുനിയ പടരുന്ന രോഗമായതിനാല്‍ ഇത്തരം രോഗമുള്ളവര്‍ പൊതുസ്ഥലത്ത് വരുന്നത് നിയമപരമായും തെറ്റാണ്.

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ പ്രയോഗിച്ച അതേ ‘ടൈമിംഗ്’ തന്ത്രമാണ് ഇവിടെയും അരങ്ങേറിയത്. അന്ന് ശ്രീറാമിനെ രക്ഷിക്കാന്‍ കൂട്ടുനിന്ന മ്യൂസിയം പോലീസ് തന്നെയാണോ മണിയന്‍പിള്ള രാജുവിനും തുണയായതെന്ന ചോദ്യം ഉയരുന്നുണ്ട്. ഇന്നലെ രാത്രി പത്തു മണിയോടെ ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലായിരുന്നു അപകടം. പോലീസ് ആസ്ഥാനത്തിന് വിളിപ്പാടകലെ വെച്ച് രണ്ട് യുവാക്കളുടെ നട്ടെല്ലും കാലും തകര്‍ത്തിട്ടും തിരിഞ്ഞുനോക്കാതെ ആഡംബര കാര്‍ പറന്നുപോയത് നഗരത്തെ ഞെട്ടിച്ചിരുന്നു. അപകടം നടന്നയുടന്‍ താരം ഒരു ഉന്നതനെ ബന്ധപ്പെട്ടതായും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് തടിതപ്പിയതെന്നുമാണ് ലഭിക്കുന്ന വിവരം.

രാത്രി താരത്തിന്റെ വീട്ടിലെത്തിയ പോലീസിനോട് രാജു അവിടെയില്ലെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ രാജു വീട്ടില്‍ ഉണ്ടായിരുന്നിട്ടും പോലീസ് പിടികൂടിയില്ലെന്ന ആക്ഷേപം ശക്തമാണ്. സ്റ്റേഷനിലെത്തുന്നതിന് തൊട്ടുമുമ്പ് ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയുടെ സഹായത്തോടെ സ്വന്തം നിലയില്‍ രക്തപരിശോധന നടത്തി മദ്യത്തിന്റെ അംശം ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ഈ ‘അതിബുദ്ധി’പരമായ നീക്കമെന്നാണ് വിവരം. അപകടത്തിന് ശേഷം പന്ത്രണ്ടാം മണിക്കൂറില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധന വെറും പ്രഹസനമായി മാറി. മദ്യത്തിന്റെ അംശം രക്തത്തില്‍ നിന്ന് അപ്രത്യക്ഷമാകാനുള്ള ‘വിന്‍ഡോ പിരീഡ്’ വരെ പോലീസിനെ ഉന്നത സ്വാധീനമുപയോഗിച്ച് തടഞ്ഞുനിര്‍ത്തുകയായിരുന്നുവെന്ന് സംശയിക്കപ്പെടുന്നു.

ഭയം കാരണമാണ് നിര്‍ത്താതെ പോയതെന്നും വീട്ടില്‍ ഭാര്യ ഒറ്റയ്ക്കായിരുന്നുവെന്നുമുള്ള വൈകാരിക വാദങ്ങള്‍ നിരത്തി രക്ഷപ്പെടാനാണ് ശ്രമം. പരിക്കേറ്റവരുടെ നട്ടെല്ലും കാലും തകര്‍ന്ന അപകടത്തില്‍ കേവലം ‘അപകടകരമായി വാഹനമോടിച്ചു’ എന്ന വകുപ്പ് മാത്രം ചുമത്തി കേസ് ഒതുക്കിത്തീര്‍ക്കാനാണ് നീക്കം. സാധാരണക്കാരനാണെങ്കില്‍ അപ്പോള്‍ തന്നെ അകത്താകുമായിരുന്ന കേസില്‍, പണവും സ്വാധീനവുമുള്ള താരം നിയമത്തെ വെല്ലുവിളിച്ച് ചിരിച്ചുകൊണ്ട് പുറത്തിറങ്ങി നടക്കുന്നത് പോലീസിനും നാണക്കേടായി മാറിയിരിക്കുകയാണ്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top