തിരുവനന്തപുരം: ദുബായ് കേന്ദ്രീകരിച്ച് ബിസിനസ് ചെയ്യുന്ന, മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായ നന്ദുവിന്റെ ഏക മകന്‍ ഒരു വാഹനാപകടത്തിലാണ് കൊല്ലപ്പെട്ടത്. ആ മകന്റെ ഓര്‍മ്മയ്ക്കായി സംഘടിപ്പിച്ച ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ ഗംഭീര ആഘോഷമായിരുന്നു കഴിഞ്ഞ ദിവസം ട്രിവാന്‍ഡ്രം ക്ലബ്ബില്‍ അരങ്ങേറിയത്. ഈ ആഡംബര പാര്‍ട്ടിയില്‍ മദ്യവുംവിളമ്പിയിരുന്നുവെന്നാണ് സൂചനകള്‍.
വിരുന്നിന് ശേഷം ക്ലബ്ബില്‍ നിന്നും കാറില്‍ പുറത്തിറങ്ങിയ നടന്‍ മണിയന്‍പിള്ള രാജു നിമിഷങ്ങള്‍ക്കകം ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നന്ദുവിന്റെ മകന്‍ വാഹനാപകടത്തില്‍ മരിച്ചതിന്റെ ഓര്‍മ്മയ്ക്കായി നടത്തിയ ചടങ്ങില്‍ പങ്കെടുത്തിറങ്ങിയ ആള്‍ തന്നെ മറ്റൊരു വാഹനാപകടമുണ്ടാക്കി രണ്ട് യുവാക്കളുടെ ജീവിതം തകര്‍ത്തുവെന്നതാണ് വിരോധാഭാസം. അപകടത്തിന് ശേഷം മ്യൂസിയം പോലീസ് കാണിച്ച അമിത ‘മര്യാദ’യ്ക്ക് പിന്നില്‍അതിശക്തമായ ഇടപെടലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പോലീസ് ആസ്ഥാനത്തിന് വിളിപ്പാടകലെ വെച്ച് യുവാക്കളെ റോഡില്‍ ചോരവാര്‍ന്ന നിലയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ താരത്തെ രാത്രിയില്‍ തന്നെ പിടികൂടാന്‍ പോലീസ് തയ്യാറായില്ല. ഇതിന് പിന്നില്‍ ചില ഫോണ്‍ വിളികളായിരുന്നുവെന്ന് ആരോപണമുണ്ട്. ശ്രീറാം വെങ്കിട്ടരാമന്‍ കേസില്‍ മ്യൂസിയം പോലീസ് പ്രയോഗിച്ച അതേ ‘ടൈമിംഗ്’ തന്ത്രമാണ് ഇവിടെയും ആവര്‍ത്തിച്ചത്. മദ്യപാനം തെളിയിക്കാനാകാത്ത വിധം കൃത്യം 11 മണിക്കൂര്‍ കഴിഞ്ഞ് താരം ഹാജരാകുന്നതുവരെ പോലീസ് കാത്തുനിന്നു. ചിക്കുന്‍ഗുനിയ ആണെന്ന് പറഞ്ഞ് പൊതുപരിപാടിയില്‍ പങ്കെടുത്ത രാജുവിന്റെ വാദങ്ങളിലെ പൊള്ളത്തരം പോലീസ് കണ്ടില്ലെന്ന് നടിച്ചു.
പരിക്കേറ്റ നിവേദിതിനെയും സൂരജിനെയും അവഗണിച്ച് കടന്നുകളഞ്ഞത് കൊലപാതക ശ്രമമായി കാണുന്നതിന് പകരം, കേവലം കൈയ്യബദ്ധമാക്കി മാറ്റാന്‍ സ്വാധീനം സഹായിച്ചു. രാത്രി താരത്തിന്റെ വീട്ടിലെത്തിയ പോലീസിനോട് രാജു അവിടെയില്ലെന്ന പച്ചക്കള്ളമാണ് പറഞ്ഞത്. എന്നാല്‍ താരം അവിടെത്തന്നെയുണ്ടായിരുന്നുവെന്നും, മദ്യത്തിന്റെ അംശം രക്തത്തില്‍ നിന്ന് അപ്രത്യക്ഷമാകാനുള്ള സമയം വരെ പോലീസിനെ തടഞ്ഞുനിര്‍ത്തുകയായിരുന്നു എന്നുമാണ് സൂചന. ഒടുവില്‍ എല്ലാം ആവിയാക്കി താരം ജാമ്യത്തില്‍ പുറത്തിറങ്ങുമ്പോള്‍ നാണക്കേടിലാകുന്നത് നീതിന്യായ വ്യവസ്ഥയാണ്.



