പഴക്കച്ചവടക്കാരനില്‍ നിന്ന് ബിഗ് ബോസ് വിജയി; അഖില്‍ മാരാര്‍ രാഷ്ട്രീയത്തിലും സൂപ്പറാകുമെന്ന് ഉണ്ണിമുകുന്ദന്‍

ലയാള സിനിമയിലെയും ബിഗ് ബോസിലെയും പടക്കുതിര അഖില്‍ മാരാര്‍ സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുമ്പോള്‍, ഉറ്റ ചങ്ങാതിക്ക് നെഞ്ചോട് ചേര്‍ത്തൊരു ആശംസയുമായി താരം ഉണ്ണി മുകുന്ദന്‍. ഒന്നുമില്ലായ്മയില്‍ നിന്ന് സ്വന്തം അധ്വാനം കൊണ്ട് വളര്‍ന്നുവന്ന അഖിലിന്റെ ജീവിതം ആഴത്തില്‍ പ്രചോദനം നല്‍കുന്നതാണെന്ന് ഉണ്ണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പശ്ചാത്തലമില്ല, പിന്തുണയില്ല, കൈമുതലായുള്ളത് ഇച്ഛാശക്തി മാത്രം- അതുകൊണ്ട് തന്നെ രാഷ്ട്രീയ ഗോദയിലേക്കുള്ള അഖിലിന്റെ വരവ് ഒരു മാറ്റത്തിന്റെ തുടക്കമാണെന്ന് ആരാധകരും ഉറപ്പിക്കുന്നു.

സോഡ വില്‍ക്കുന്നതും പഴക്കച്ചവടം നടത്തുന്നതുമായ അഖിലിന്റെ പഴയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ഉണ്ണിയുടെ വികാരനിര്‍ഭരമായ കുറിപ്പ്. ഇതൊന്നും കഷ്ടപ്പാടല്ല, അന്തസ്സാണ് കാണിക്കുന്നതെന്ന് ഉണ്ണി പറയുന്നു. ‘വെള്ളക്കോളര്‍’ അംഗീകാരത്തിനായി കാത്തുനില്‍ക്കാതെ അധ്വാനിക്കാന്‍ തയ്യാറായ ഒരു യുവാവ് ഇന്ന് രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് നടന്നു കയറുന്നത് നിസ്സാര കാര്യമല്ല. ഒരു വഴികാട്ടിയുമില്ലാതെ, തലമുറകളായുള്ള രാഷ്ട്രീയ പാരമ്പര്യമില്ലാതെ ഈ രംഗത്തേക്ക് ഇറങ്ങാന്‍ അസാമാന്യ ചങ്കൂറ്റം തന്നെ വേണമെന്ന് ഉണ്ണി സാക്ഷ്യപ്പെടുത്തുന്നു.

പത്തു വര്‍ഷം മുന്‍പ് സംവിധായകനാകാനുള്ള മോഹവുമായി കണ്ണുകളില്‍ തീജ്വാലയുമായി നടന്ന അഖിലിനെ ഉണ്ണി ഓര്‍ത്തെടുക്കുന്നു. ബിഗ് ബോസ് ഷോയിലേക്ക് പോകുന്നതിന് മുന്‍പുള്ള അഖിലിന്റെ ആശങ്കകളും ഉണ്ണി പങ്കുവെച്ചു. ‘നിന്നിലൊരു വിജയിയെ കാണുന്നു, നിനക്ക് ഒന്നും നഷ്ടപ്പെടാനില്ല’ എന്ന് അന്ന് ഉണ്ണി നല്‍കിയ ആത്മവിശ്വാസം വെറുതെയായില്ല. ഇറങ്ങുന്ന ഇടത്തെല്ലാം പകുതി മനസ്സോടെയല്ല, പൂര്‍ണ്ണ ഹൃദയത്തോടെയാണ് അഖില്‍ നില്‍ക്കാറുള്ളതെന്ന് ക്രിക്കറ്റ് മൈതാനത്തെ മാരാരുടെ പ്രകടനം ഉദാഹരണമാക്കി ഉണ്ണി വിവരിക്കുന്നു.

സിനിമയും ബിഗ് ബോസും കഴിഞ്ഞു. ഇനി ജനങ്ങളുടെ ഇടയിലേക്കാണ്. ഈ പ്രായത്തില്‍ ഇത്തരമൊരു തീരുമാനം എടുത്തത് അഖിലിന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായക ഘട്ടമാണെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ആശയങ്ങളോട് യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാകാം, എന്നാല്‍ വേദിയിലേക്ക് കടന്നുനിന്ന് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കാണിച്ച ധൈര്യത്തെ മാനിക്കണം. ‘വിനയാന്വിതനായിരിക്കുക, ആ വിശപ്പ് കെടാതെ സൂക്ഷിക്കുക’- രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങുന്ന കൂട്ടുകാരന് ഉണ്ണി നല്‍കുന്ന വിലപ്പെട്ട ഉപദേശം ഇതാണ്.

സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ഉണ്ണിയുടെ ഈ കുറിപ്പ് രാഷ്ട്രീയ-സിനിമാ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ആദരവോടെയും സ്നേഹത്തോടെയും ഉണ്ണി നേര്‍ന്ന ഈ ആശംസ അഖില്‍ മാരാരുടെ രാഷ്ട്രീയ ജീവിതത്തിന് വലിയൊരു ഊര്‍ജ്ജമാകുമോ എന്നതാണ് അറിയേണ്ടത്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top