പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അനുമതിയില്ലാതെ ഫ്ലെക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിന് ബിജെപി ജില്ലാ കമ്മിറ്റിക്ക് പിഴയിട്ട റവന്യൂ ഓഫീസര്‍ക്ക് പദവിമാറ്റം ഉണ്ടാകുന്നത് മേയറുടെ ഇടപെടലിലാണ്. കോര്‍പ്പറേഷന്‍ റവന്യൂ ഓഫീസര്‍ ജി. ഷൈനിയെയാണ് നിലവിലെ ചുമതലയില്‍ നിന്ന് കൗണ്‍സില്‍ സെക്രട്ടറി തസ്തികയിലേക്ക് മാറ്റിയത്. ബിജെപി ഭരിക്കുന്ന തിരുവനന്തപുരം നഗരസഭയില്‍ സ്വന്തം പാര്‍ട്ടിക്കെതിരെ കടുത്ത നടപടി സ്വീകരിച്ചത് ഭരണസമിതിക്കുള്ളില്‍ വലിയ അതൃപ്തിക്ക് കാരണമായിരുന്നു. ഇതിനു പിന്നാലെയാണ് മേയര്‍ വി.വി. രാജേഷിന്റെ ഇടപെടലിലൂടെ നടപടിയുണ്ടായത്.
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ നഗരസഭയ്ക്ക് പുറത്തേക്ക് മാറ്റാന്‍ മേയര്‍ക്ക് നേരിട്ട് അധികാരമില്ലെങ്കിലും, കോര്‍പ്പറേഷനുള്ളിലെ ചുമതലകള്‍ പുനര്‍നിര്‍ണ്ണയിക്കാന്‍ മേയര്‍ക്ക് ഭരണപരമായ അധികാരമുണ്ട്. കേരള മുനിസിപ്പാലിറ്റി നിയമപ്രകാരം, നഗരസഭയുടെ സുഗമമായ പ്രവര്‍ത്തനത്തിനായി ഉദ്യോഗസ്ഥരുടെ വകുപ്പുകള്‍ മാറ്റാനോ പുതിയ ചുമതലകള്‍ നല്‍കാനോ മേയര്‍ക്ക് കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് നിര്‍ദ്ദേശിക്കാം. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനത്തില്‍ കൗണ്‍സിലിന് അതൃപ്തിയുണ്ടെങ്കില്‍ വിവേചനാധികാരം ഉപയോഗിച്ച് അവരെ മാറ്റാന്‍ സാധിക്കും. ഈ അധികാരം ഉപയോഗിച്ചാണ് ജി. ഷൈനിയെ റവന്യൂ വിഭാഗത്തില്‍ നിന്ന് മാറ്റിയത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നഗരത്തില്‍ സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡുകള്‍ക്ക് അനുമതി വാങ്ങിയിരുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് റവന്യൂ വിഭാഗം 20 ലക്ഷം രൂപ പിഴയിട്ടത്. ഭരണകക്ഷിയായ ബിജെപിക്ക് തന്നെ പിഴ ലഭിച്ചത് പാര്‍ട്ടി നേതാക്കളെ പ്രകോപിപ്പിച്ചിരുന്നു. ഇതിനിടെ ജി. ഷൈനിയെക്കൂടാതെ മറ്റ് ചില ഉദ്യോഗസ്ഥര്‍ക്കും വകുപ്പ് മാറ്റം നല്‍കിയിട്ടുണ്ട്. എന്നാല്‍, പിഴയിട്ടതിലുള്ള രാഷ്ട്രീയ പ്രതികാരമാണ് ഈ നടപടിയെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.



