എരിഞ്ഞമരുന്ന ചാരമല്ല
കത്തിജ്വലിക്കുന്ന കനലാണ് രക്തസാക്ഷി
സ: വിഷ്ണു-
ടിപി ചന്ദ്രശേഖരന് സംഭവിച്ചത് സഖാവ് കുഞ്ഞികൃഷ്ണന് സംഭവിക്കാതിരിക്കട്ടെ-ഇതാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ പൊതുവികാരം
ഇതിനിടെയാണ് വിഷ്ണു രക്തസാക്ഷി ഫണ്ട് തട്ടിപ്പും ചര്‍ച്ചയാകുന്നത്. ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പാണ് കുഞ്ഞികൃഷ്ണനെ സിപിഎമ്മില്‍ നിന്നും അകറ്റിയത്. ഈ സാഹചര്യത്തില്‍ ആരാണ് വിഷ്ണു എന്ന് അന്വേഷിക്കുകയാണ് ഞങ്ങള്‍.
തിരുവനന്തപുരത്ത് വഞ്ചിയൂരിലെ മൂന്ന് സഹോദരങ്ങള്‍… പഴയ കളക്ടറേറ്റിന് മുന്നിലെ സാധാരണ വീട്. ആ വീട്ടില്‍ ആ മൂന്ന് പേരും ചേര്‍ന്ന് വിപ്ലവ മുദ്രാവാക്യം വിളിച്ചു. എസ് എം വി സ്‌കൂളിലാണ് മൂന്ന് പേരും പഠിച്ചത്. മൂത്തവന്‍ വിവി വിനോദ്, അടുത്തത് വിവി വിമല്‍, അവസാനം വിവി വിഷ്ണു.. മൂന്ന് പേരും എസ് എഫ് ഐയുടെ മുന്‍നിര പോരാളികള്‍. സ്‌കൂളില്‍ വിനോദും വിമലും എസ് എഫ് ഐയുടെ ചെയര്‍മാന്മാരായി. വിഷ്ണുവിന് മത്സരത്തില്‍ തോല്‍വിയുണ്ടായി. പക്ഷേ വിഷ്ണു തുടര്‍ന്നും മുദ്രാവാക്യം വിളിച്ചു. പ്രദേശത്തെ യുവ തലമുറയ്ക്ക് ആവേശമായി…. അങ്ങനെ സിപിഎമ്മിന്റെ മുന്നണി പോരാളിയായി. പാസ് പോര്‍ട്ട് ഓഫീസിന് മുന്നില്‍ ആ ജീവന്‍ നഷ്ടമായത് വിളിച്ച മുദ്രാവാക്യങ്ങള്‍ കാരണമാണ്. വിഷ്ണു അതുകൊണ്ട് തന്നെ തിരുവനന്തപുരത്തെ സിപിഎമ്മിന്റെ വികാരമാണ്.
തിരുവനന്തപുരം സിപിഎമ്മിലും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആക്ഷേപം ഉയരുകയാണ്. ഫണ്ട് തിരിമറിയില്‍ തരം താഴ്ത്തല്‍ നടപടി നേരിട്ട മുന്‍ ലോക്കല്‍ സെക്രട്ടറിയെ, സിഐടിയു ജില്ലാ സെക്രട്ടറിയാക്കിയതില്‍ പ്രതിഷേധവുമായി, വഞ്ചിയൂരില്‍ കൊല്ലപ്പെട്ട വിഷ്ണുവിന്റെ സഹോദരന്‍ വിനോദ് രംഗത്തു വന്നിരുന്നു. രക്തസാക്ഷിയുടെ കുടുംബത്തോട് പാര്‍ട്ടി നീതി കാണിച്ചില്ലെന്നും ഇനി സിപിഎമ്മിനൊപ്പം ഇല്ലെന്നും വിഷ്ണുവിന്റെ സഹോദരനും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ച് അംഗവുമായ വിനോദ് പറഞ്ഞു. കുടുംബത്തെ സഹായിക്കാന്‍ പിരിച്ച 10 ലക്ഷത്തില്‍ പകുതിയും തട്ടിപ്പ് നടത്തിയതിന് നടപടി നേരിട്ട നേതാവിന് പുതിയ പദവി നല്‍കിയത് മന്ത്രി വി ശിവന്‍കുട്ടി ഇടപെട്ടെന്നാണ് ആക്ഷേപം. 2008 ഏപ്രില്‍ ഒന്നിനാണ് വഞ്ചിയൂര്‍ ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണു കൊല്ലപ്പെട്ടത്. കേസില്‍ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു.
‘പാര്‍ട്ടി ഫണ്ട് പിരിക്കണമെന്ന് പറഞ്ഞപ്പോള്‍ കുടുംബത്തിന് താത്പര്യമുണ്ടായിരുന്നില്ല. നേതാക്കന്മാരെല്ലാവരും നിര്‍ബന്ധിച്ചപ്പോഴാണ് സമ്മതിച്ചത്. പിരിച്ചു കിട്ടിയ പണം സഹകരണ ബാങ്കിലാണ് ഇട്ടിരുന്നത്. അന്നത്തെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി രവീന്ദ്രന്‍ ആ കാശ് അവിടെ നിന്ന് എടുത്തെന്ന് അറിഞ്ഞു. 5 ലക്ഷം അമ്മയുടെ അക്കൌണ്ടില്‍ കൊടുക്കുകയും 5 ലക്ഷം പാര്‍ട്ടി ഹോള്‍ഡ് ചെയ്യുകയും ചെയ്തു. ബാങ്കില്‍ നിന്ന് പണം മാറ്റിയെന്ന് സ്ഥിരീകരിച്ചതോടെ രവീന്ദ്രനെ തരംതാഴ്ത്തി. തൊട്ടടുത്ത സമ്മേളനത്തില്‍ അയാളെ ലോക്കല്‍ കമ്മിറ്റിയിലേക്ക് കൊണ്ടുവരാന്‍ തിരുവനന്തപുരത്തെ മന്ത്രി ഇടപെട്ടു. മുഴുവന്‍ സഖാക്കളും എതിര്‍ത്തതിനാല്‍ എടുത്തില്ല. സിഐടിയുവിന്റെ ജില്ലാ സമ്മേളനം നടക്കുമ്പോള്‍ തിരുവനന്തപുരത്തെ മന്ത്രി രവീന്ദ്രനെ സിഐടിയു ജില്ലാ സെക്രട്ടറിയാക്കി. ഫണ്ട് തിരിമറി നടത്തിയ ആളിനെ സിഐടിയുവിന്റെ ജില്ലാ നേതാവാക്കുന്നതില്‍പ്പരം നാണക്കേട് വേറെയുണ്ടോ? അത് ഉള്‍ക്കൊള്ളാനായില്ല. ഇപ്പോഴെങ്കിലും പ്രതികരിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാണ്?’- വിനോദ് പ്രതികരിച്ചത് ഇങ്ങനെയാണ്. എന്നാല്‍ ഫണ്ടു തട്ടിപ്പേ നടന്നില്ലെന്നാണ് സിപിഎം പറയുന്നത്.



