ജ്യോത്സ്യന്മാരും കുടുങ്ങുമോ? ദൈവഹിതം പറഞ്ഞവരും വെട്ടില്‍! ശബരിമലയില്‍ സംഭവിക്കുന്നത്

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം വിചിത്രമായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന ആക്ഷേപം ശക്തമാകുന്നു. കേസിലെ യഥാര്‍ത്ഥ പ്രതികളെയും കൊള്ളയ്ക്ക് പിന്നിലെ വമ്പന്‍ സ്രാങ്കുകളെയും തൊടാന്‍ മടിക്കുന്ന പോലീസ്, ഇപ്പോള്‍ ദേവപ്രശ്നം നടത്തിയ ജ്യോത്സ്യന്മാരെയും തന്ത്രിയെയും പ്രതിക്കൂട്ടിലാക്കി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

2018-ല്‍ നടന്ന ദേവപ്രശ്നത്തിലെ കണ്ടെത്തലുകളെ സ്വര്‍ണ്ണക്കവര്‍ച്ചയ്ക്കുള്ള മറയാക്കിയോ എന്നാണ് പോലീസിന്റെ സംശയം. ശ്രീകോവില്‍ വാതിലിനും കട്ടിളയ്ക്കും വൈകല്യമുണ്ടെന്ന ജ്യോത്സ്യന്മാരുടെ വിധി വിശ്വസിച്ച് നവീകരണം നടത്തിയതിന്റെ മറവില്‍ വലിയ തോതില്‍ സ്വര്‍ണ്ണം കടത്തിയെന്നാണ് ആരോപണം. 1998-ല്‍ സ്വര്‍ണ്ണം പൊതിഞ്ഞ വാതില്‍ 2019-ല്‍ മാറ്റിയപ്പോഴാണ് ഈ തിരിമറി നടന്നത്. എന്നാല്‍ ആചാരപരമായ കാര്യങ്ങള്‍ നിര്‍ദ്ദേശിച്ചവരെ വേട്ടയാടി വിശ്വാസികളെ പ്രകോപിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ഭക്തര്‍ ആരോപിക്കുന്നു.

ഈ കൊള്ളയ്ക്ക് പിന്നില്‍ ബംഗ്ലൂരുവിലെ ഒരു വമ്പന്‍ സ്വര്‍ണ്ണ വ്യാപാര ഗ്രൂപ്പിന് പങ്കുണ്ടെന്ന സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. സ്വര്‍ണ്ണ വ്യാപാരികള്‍ക്ക് വേണ്ടി സ്പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ മുന്‍നിര്‍ത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാല്‍ ബംഗ്ലൂരുവിലെ ഗ്രൂപ്പിലെ പ്രധാനിക്കെതിരെ നിരവധി കേസുകളുണ്ടായിട്ടും അവരെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറാകുന്നില്ല. കേരളത്തില്‍ വേരുകളുള്ള ഈ വമ്പന്‍ ഗ്രൂപ്പിനെ സംരക്ഷിക്കാനാണ് എസ്.ഐ.ടിയുടെ നീക്കമെന്നാണ് സംശയം.

യഥാര്‍ത്ഥ സ്വര്‍ണ്ണക്കള്ളന്മാരെയും അതിന് പിന്നിലെ രാഷ്ട്രീയ-ബിസിനസ് ബന്ധങ്ങളെയും പുറത്തുകൊണ്ടുവരുന്നതിന് പകരം, തന്ത്രിയെയും ജ്യോത്സ്യന്മാരെയും പ്രതിക്കൂട്ടിലാക്കി കേസ് അവസാനിപ്പിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ശബരിമലയിലെ സ്വര്‍ണ്ണം എങ്ങോട്ടുപോയി എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ അന്വേഷണം വഴിതിരിച്ചുവിടുന്നതിനെതിരെ വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാകാനാണ് സാധ്യത.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top