സി.പി.എമ്മിന്റെ കോട്ടകളില്‍ ഇന്ന് പുകയുന്നത് വെറും ചര്‍ച്ചകളല്ല, വമ്പന്‍ പൊട്ടിത്തെറികളാണ്! മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്ത പടയാളികളായ എ.കെ. ബാലനും സജി ചെറിയാനും എറിഞ്ഞ വര്‍ഗീയ ബോംബുകള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുന്നത് പാര്‍ട്ടിയുടെ മുതിര്‍ന്ന കരുത്തന്‍ പാലോളി മുഹമ്മദ് കുട്ടിയാണ്. പാലോളി തൊടുത്തുവിട്ടത് വെറുമൊരു പ്രസ്താവനയല്ല, പിണറായി വിജയന്റെ പ്രതിരോധ കോട്ടകളെ തകര്‍ക്കുന്ന ഒരു ‘മലപ്പുറം ബോംബ്’ തന്നെയാണ്!
യു.ഡി.എഫ് വന്നാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തര വകുപ്പ് ഭരിക്കുമെന്നും മാറാട് ആവര്‍ത്തിക്കുമെന്നും പറഞ്ഞ് എ.കെ. ബാലന്‍ ഭീതി പരത്തിയപ്പോള്‍, അതിനെ പരസ്യമായി പിന്തുണച്ച വ്യക്തിയാണ് മുഖ്യമന്ത്രി. എന്നാല്‍, പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഇതിനെതിരെ കലാപം തുടങ്ങിയിരിക്കുന്നു. ബാലന്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നും ജമാഅത്തെ ഇസ്ലാമി സി.പി.എമ്മിനെ നിരുപാധികം പിന്തുണച്ചിട്ടുണ്ടെന്നും പാലോളി ഓര്‍മ്മിപ്പിക്കുമ്പോള്‍, വെട്ടിലാകുന്നത് മറ്റാരുമല്ല – സാക്ഷാല്‍ പിണറായി വിജയന്‍ തന്നെയാണ്!
സജി ചെറിയാന്‍ നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങളെയും പാലോളി പച്ചയ്ക്ക് തള്ളിക്കളഞ്ഞു. മലപ്പുറത്തെയും കാസര്‍കോട്ടെയും വിജയങ്ങളെ വര്‍ഗീയതയുമായി കൂട്ടിക്കെട്ടിയ മന്ത്രിയുടെ വിവരക്കേടിനെതിരെ പാലോളി ആഞ്ഞടിക്കുമ്പോള്‍ അത് സി.പി.എമ്മിന്റെ ആദര്‍ശശുദ്ധിയുള്ള പഴയകാലത്തിന്റെ ശബ്ദമായി മാറുന്നു. വി.എസ് – പിണറായി പോരിന്റെ കാലത്ത് പോലും ഇരുവിഭാഗത്തിനും സ്വീകാര്യനായിരുന്ന, മലപ്പുറത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പടുത്തുയര്‍ത്തിയ പാലോളിയെ തള്ളാന്‍ പിണറായിക്ക് കഴിയില്ല. വെള്ളാപ്പള്ളിയേയും പാലോളി വിമര്‍ശിക്കുന്നു.
മുസ്ലിം പിന്നാക്കാവസ്ഥ പഠിച്ച പാലോളി കമ്മിറ്റിയുടെ അമരക്കാരന്‍ തന്നെ ജമാഅത്ത് ബന്ധം തുറന്നുപറയുമ്പോള്‍, സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്തുവരുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഈ ‘പാലോളി പ്രഭാവം’ തിരിച്ചടിയാകുമെന്ന് എകെജി സെന്റര്‍ ഭയപ്പെടുന്നു. പിണറായിയുടെ തണലില്‍ എന്തുമാകാമെന്ന് കരുതിയ ബാലനും സജി ചെറിയാനും ഇപ്പോള്‍ വിറയ്ക്കുകയാണ്. കാരണം, ഇത് പാലോളിയാണ്… വാക്കുകളില്‍ മായം ചേര്‍ക്കാത്ത കമ്മ്യൂണിസ്റ്റ് സിംഹം!



