രാജ്യത്ത് നരേന്ദ്ര മോദിയുടെ കരുത്ത് വീണ്ടും വര്‍ദ്ധിക്കുന്നതായി ‘ഇന്ത്യ ടുഡേ – സി വോട്ടര്‍’ പുറത്തുവിട്ട ഏറ്റവും പുതിയ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ന് വോട്ടെടുപ്പ് നടന്നാല്‍ 352 സീറ്റുകള്‍ നേടി എന്‍ഡിഎ അധികാരം നിലനിര്‍ത്തും. കഴിഞ്ഞ അഞ്ച് മാസത്തിനിടെ പ്രതിപക്ഷ ക്യാമ്പുകളെ നിഷ്പ്രഭമാക്കുന്ന മുന്നേറ്റമാണ് ബിജെപി നടത്തിയിരിക്കുന്നത്. 2024-ല്‍ 240 സീറ്റിലൊതുങ്ങിയ ബിജെപി, ഇത്തവണ ഒറ്റയ്ക്ക് 287 സീറ്റുകള്‍ നേടി മാന്ത്രിക സംഖ്യ (272) മറികടക്കുമെന്നാണ് പ്രവചനം. ഇതോടെ നിതീഷ് കുമാറിന്റെയും നായിഡുവിന്റെയും പിന്തുണയില്ലാതെ തന്നെ ബിജെപിക്ക് ഭരിക്കാനാകും.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം 234 സീറ്റുകളില്‍ നിന്ന് 182-ലേക്ക് കൂപ്പുകുത്തും. കോണ്‍ഗ്രസ് വെറും 80 സീറ്റുകളില്‍ ഒതുങ്ങും. പഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് നല്കിയ തിരിച്ചടിയും, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ യൂറോപ്യന്‍ രാജ്യങ്ങളുമായി വ്യാപാരക്കരാറുകളില്‍ ഏര്‍പ്പെട്ടതും മോദിയുടെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു. 57 ശതമാനം പേരും മോദിയുടെ ഭരണത്തില്‍ സംതൃപ്തരാണ്. എന്‍ഡിഎയുടെ വോട്ട് വിഹിതം 47 ശതമാനമായി ഉയരുമ്പോള്‍, ഇന്ത്യ സഖ്യത്തിന്റേത് 39 ശതമാനമായി താഴുമെന്നും സര്‍വേ വ്യക്തമാക്കുന്നു.
കേരളത്തിലും ബിജെപി നില മെച്ചപ്പെടുത്തുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. ബിജെപിയുടെ വോട്ട് വിഹിതം 17 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയരുമെന്നും ലോക്സഭാ സീറ്റുകളുടെ എണ്ണം രണ്ടായി വര്‍ദ്ധിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫിനോ എല്‍ഡിഎഫിനോ വ്യക്തമായ മേല്‍ക്കൈ സര്‍വേ നല്‍കുന്നില്ല. കേരളം, പശ്ചിമ ബംഗാള്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ പുറത്തുവന്ന ഈ സര്‍വേ ഫലം ബിജെപിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.



