‘സാഗര്‍ കോട്ടപ്പുറത്തിന്റെ നോവലിനും അപ്പുറത്തേക്ക് കാര്യങ്ങള്‍’; അയാള്‍ കഥ എഴുതുക ആയിരുന്നില്ല; നെഞ്ചുറപ്പുള്ള നിലപാടുകളുമായി മന്ത്രി കെ. മുരളീധരന്‍ നിയമപോരാട്ടത്തിന് ഇറങ്ങിയപ്പോള്‍ ഹൈക്കോടതിയില്‍ അന്തിമവിജയം സര്‍ക്കാരിനൊപ്പം; കരുണാകാരന്റെ മകന്‍ ഇനി ആരോഗ്യ വകുപ്പിന്റെ ലീഡര്‍! ഡോ റീനിയെ മാറ്റിയതിനെ ഹൈക്കോടതി അംഗീകരിക്കുമ്പോള്‍

സിനിമയിലെ രാഷ്ട്രീയ നാടകങ്ങളെ വെല്ലുന്ന ട്വിസ്റ്റുകള്‍ക്കൊടുവില്‍ ആരോഗ്യവകുപ്പിലെ കസേരക്കളിക്ക് ശുഭപര്യവസായം. സാഗര്‍ കോട്ടപ്പുറത്തിന്റെ നോവലിനെ വെല്ലും ക്ലൈമാക്‌സ്. അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമാണ് സാഗര്‍ കോട്ടപ്പുറം. അതിലെ ഒരു രംഗത്തിന് സമാനമായ കസേര കളി അടുത്ത കാലത്ത് ആരോഗ്യ വകുപ്പില്‍ നടന്നു. പക്ഷേ അതിന് അന്ത്യമാകുന്നു. നെഞ്ചുറപ്പുള്ള നിലപാടുകളുമായി മന്ത്രി കെ. മുരളീധരന്‍ നിയമപോരാട്ടത്തിന് ഇറങ്ങിയപ്പോള്‍ ഹൈക്കോടതിയില്‍ അന്തിമവിജയം സര്‍ക്കാരിനൊപ്പം നിന്നു. ഇതോടെ, വിവാദങ്ങള്‍ക്കൊടുവില്‍ ആരോഗ്യവകുപ്പ് ഇനി കറകളഞ്ഞ് ക്ലീനാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.

ഡി.എച്ച്.എസ് സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി പൂര്‍ണ്ണമായും ശരിവെച്ചാണ് ഹൈക്കോടതി ഉത്തരവിറക്കിയിരിക്കുന്നത്. റീനയെ മാറ്റിയ ഉത്തരവ് മുന്‍പ് സ്റ്റേ ചെയ്ത കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (കെ.എ.ടി) നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളി കൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സര്‍ക്കാരിന്റെ അപ്പീല്‍ ഹര്‍ജിയില്‍ നിര്‍ണായക വിധി പ്രസ്താവിച്ചത്. കോണ്‍ഗ്രസിലെ ലീഡര്‍ കെ കരുണാകരന്റെ മകനാണ് കെ മുരളീധരന്‍. അച്ഛന്റെ ചങ്കുറപ്പും നിലപാടുകളിലെ തീക്ഷണതയും മുരളീധരന്റെ നീക്കങ്ങളിലുമുണ്ട്. അതു തന്നെയാണ് ഈ വിഷയത്തില്‍ ചര്‍ച്ചയാകുന്നതും.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ തസ്തികയില്‍നിന്ന് ഡോ. കെ.ജെ. റീനയെ മാറ്റുകയും പകരം അഡീഷണല്‍ (ഫാമിലി വെല്‍ഫെയര്‍) ഡയറക്ടറായ ഡോ. വി. മീനാക്ഷിയ്ക്ക് തത്തുല്യ ചുമതല നല്‍കുകയുമായിരുന്നു സര്‍ക്കാര്‍ ചെയ്തത്. റീനയെ എറണാകുളം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ഡയറക്ടറായിട്ടാണ് നിയമിച്ചത്. എന്നാല്‍ ഈ ഭരണപരമായ തീരുമാനത്തിനെതിരെ റീന ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. സ്ഥലം മാറ്റം സ്‌റ്റേ ചെയ്തു. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പോയത്. പുതിയ ഡി.എച്ച്.എസിന് ചുമതല ലഭിച്ച ശേഷമാണ് റീന ട്രൈബ്യൂണലില്‍ നിന്ന് സ്റ്റേ വാങ്ങിയതെന്നും ഇത് ചട്ടവിരുദ്ധമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ച അതീവ ഗുരുതരമായ സാഹചര്യത്തില്‍ അവധിക്ക് അപേക്ഷിച്ചു എന്നതടക്കമുള്ള ഗുരുതരമായ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു റീനയെ സ്ഥാനത്തുനിന്ന് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ താന്‍ അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും കാട്ടിയാണ് റീന ട്രൈബ്യൂണലിനെ സമീപിച്ചതും സ്റ്റേ ഒപ്പിച്ചതും. എന്നാല്‍ ചട്ടങ്ങള്‍ പാലിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്ന ആരോഗ്യവകുപ്പിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. റീനയുടെ കാലാവധി അവസാനിച്ചതാണെന്നും അവരെ തരംതാഴ്ത്തിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

ട്രൈബ്യൂണല്‍ സ്റ്റേ ഉത്തരവ് വന്നതിന് പിന്നാലെ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ഡി.എച്ച്.എസ്) ആസ്ഥാനത്ത് സിനിമാറ്റിക്കായ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. ഉത്തരവുമായി കസേര തിരിച്ചുപിടിക്കാന്‍ റീന എത്തിയെങ്കിലും, പകരം ചുമതലയേറ്റ ഡോ. മീനാക്ഷി കസേരയില്‍നിന്ന് മാറാന്‍ കൂട്ടാക്കിയില്ല. സര്‍ക്കാര്‍ രേഖാമൂലം ഉത്തരവിട്ടാല്‍ മാത്രമേ താന്‍ മാറൂ എന്ന കടുത്ത നിലപാട് മീനാക്ഷിയും എടുത്തതോടെ റീനയ്ക്ക് ഓഫീസില്‍ മറ്റൊരു കസേരയിട്ട് ഇരിക്കേണ്ടി വരുന്ന നാണംകെട്ട അവസ്ഥയുണ്ടായി.

വകുപ്പിലെ ഈ അച്ചടക്കമില്ലായ്മയ്ക്കും കസേരക്കളി യൂണിയന്‍ കളിനും കടുത്ത ഭാഷയിലാണ് മന്ത്രി കെ. മുരളീധരന്‍ മറുപടി നല്‍കിയത്. ഉദ്യോഗസ്ഥരുടെ തന്നിഷ്ടത്തിന് വഴങ്ങില്ലെന്നും അച്ചടക്കലംഘനം അനുവദിക്കില്ലെന്നുമുള്ള കടുത്ത നിലപാടിലായിരുന്നു മന്ത്രി. ട്രൈബ്യൂണല്‍ വിധി വന്നതോടെ ഒരടി പിന്നോട്ടുവെക്കാതെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ മന്ത്രി നേരിട്ട് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഹൈക്കോടതി വിധി തിരിച്ചടിയായെങ്കിലും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നിയമപോരാട്ടം തുടരുമെന്നാണ് ഡോക്ടര്‍ കെ.ജെ. റീന വ്യക്തമാക്കുന്നത്.

മന്ത്രി കെ. മുരളീധരന്റെ ഉറച്ച തന്ത്രങ്ങളും നെഞ്ചുറപ്പും തന്നെയാണ് ഈ നിയമയുദ്ധത്തില്‍ സര്‍ക്കാരിന് തുണയായത്. ജനങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ വിട്ടുവീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ എത്ര ഉന്നതരായാലും വെച്ചുപൊറുപ്പിക്കില്ലെന്ന പ്രഖ്യാപനം കൂടിയാണ് ഈ ഉത്തരവിലൂടെ നടപ്പിലായിരിക്കുന്നത്. തലപ്പത്തെ അനാവശ്യ ഈഗോകള്‍ ഒഴിഞ്ഞതോടെ പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഇനി കൂടുതല്‍ ജനകീയവും സുതാര്യവുമായി മുന്നോട്ടുപോകുമെന്നുറപ്പാണ്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top