തിരുവനന്തപുരം: കേരളത്തിന്റെ മണ്ണില്‍ നിന്ന് വീണ്ടുമൊരു ക്രിക്കറ്റ് വിസ്മയം കൂടി ഇന്ത്യന്‍ കുപ്പായത്തിലേക്ക് ചേക്കേറുന്നു. ശ്രീലങ്കയ്ക്കെതിരെ നടക്കാനിരിക്കുന്ന അഭിമാനകരമായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍-19 മള്‍ട്ടി-ഡേ (ടെസ്റ്റ്) ടീമിലേക്ക് മലയാളി യുവതാരം മാനവ് കൃഷ്ണ തിരഞ്ഞെടുക്കപ്പെട്ടു. ഏത് തരം ബൗളിങ്ങിനെയും ക്രീസില്‍ തലങ്ങും വിലങ്ങും പായിക്കാന്‍ ശേഷിയുള്ള ഈ വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്റെ വരവ്, ഇന്ത്യന്‍ ജൂനിയര്‍ ക്രിക്കറ്റില്‍ കേരളത്തിന്റെ വിലാസം ഒരിക്കല്‍ കൂടി ഉറപ്പിക്കുന്നതാണ്.
ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജു വി. സാംസണിന്റെ കരിയര്‍ ഗ്രാഫിനോട് അദ്ഭുതകരമായ സാമ്യതകളുള്ളതിനാല്‍ അനന്തപുരിയുടെ ‘രണ്ടാം സഞ്ജു’ എന്നാണ് മാനവ് ഇപ്പോള്‍ ക്രിക്കറ്റ് വൃത്തങ്ങളില്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഡല്‍ഹിയില്‍ ജനിച്ച് അവിടെത്തന്നെയാണ് മാനവ് തന്റെ കളിജീവിതത്തിന് ആദ്യമായി പാഡണിഞ്ഞത്. എന്നാല്‍, തന്റെ പതിമൂന്നാം വയസ്സില്‍ സഞ്ജുവിനെപ്പോലെ മാനവും അനന്തപുരിയുടെ മണ്ണിലേക്ക് വണ്ടി കയറുകയായിരുന്നു. തുടര്‍ന്ന്, സഞ്ജുവിന്റെ അതേ വിക്കറ്റ് കീപ്പര്‍-ബാറ്റ്സ്മാന് റോളില്‍ തന്നെ കേരള ക്രിക്കറ്റിലെ പുതിയ പ്രതീക്ഷയായി ഈ പതിനാറുകാരന് അതിവേഗം വളര്‍ന്നു.
ഡല്‍ഹിയില്‍ നിന്നെത്തിയ ഈ കുടിയേറ്റക്കാരനായ പയ്യനെ ഒരു തനി ക്ലാസ് ബാറ്റ്സ്മാനാക്കി മാറ്റിയതിന് പിന്നില്‍ കോച്ച് ഷൈനിന്റെ തപസ്സുണ്ട്. തിരുവനന്തപുരത്തെ പ്രശസ്തമായ ‘ഷൈന്‍സ് ക്രിക്കറ്റ് അക്കാഡമി’യിലാണ് മാനവ് എന്ന പ്രതിഭയെ അദ്ദേഹം രാകിമിനുക്കിയെടുത്തത്. പ്രശസ്ത ക്രിക്കറ്റ് പരിശീലകന് ഷൈനിന്റെ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ 13-ാം വയസ്സില്‍ ആരംഭിച്ച കഠിനശിക്ഷണം മാനവിനെ ഒരു കംപ്ലീറ്റ് ക്രിക്കറ്ററാക്കി മാറ്റി. അക്കാഡമിയുടെ മികച്ച പിന്തുണയോടെ അണ്ടര്‍-19 സംസ്ഥാന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം വരെ അനായാസം അലങ്കരിക്കാന്‍ ഈ യുവതാരത്തിന് സാധിച്ചു.
കോച്ചിന്റെ കഠിനശിക്ഷണത്തിനൊപ്പം കേരള ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി വിനോദ് എസ്. കുമാറിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പിന്തുണ കൂടിയെത്തിയതോടെ മാനവിന്റെ കരിയറിന് പുതിയ വേഗത കൈവന്നു. കൗമാരക്കാരനായ ഈ പ്രതിഭയുടെ അസാധാരണ ബാറ്റിങ് മികവ് തിരിച്ചറിഞ്ഞ സെക്രട്ടറി വിനോദ് എസ്. കുമാര്‍ നല്കിയ പിന്തുണയും ശ്രദ്ധയുമാണ് മാനവിനെ വളരെ ചെറുപ്രായത്തില്‍ തന്നെ കേരളത്തിന്റെ സീനിയര്‍ രഞ്ജി ട്രോഫി ടീമിലേക്ക് വഴിനടത്തിയത്. ഈ തണലില്‍ താരം അടിച്ച ഓരോ കണ്ണഞ്ചിക്കുന്ന വിക്സറുകള്ക്കും ഒടുവില്‍ അര്‍ഹിച്ച ഫലം തന്നെ ലഭിച്ചിരിക്കുകയാണ്.
സംസ്ഥാന തലത്തില്‍ അണ്ടര്‍-16 ടീമിലൂടെയാണ് മാനവ് കൃഷ്ണ ആദ്യമായി ശ്രദ്ധാകേന്ദ്രമാകുന്നത്. ജൂനിയര്‍ തലത്തിലെ അത്യുഗ്രന്‍ പ്രകടനങ്ങളും കെസിഎയുടെ പ്രത്യേക നിരീക്ഷണവും മാനവിന് കേരളത്തിന്റെ സീനിയര്‍ രഞ്ജി ട്രോഫി ടീമിലേക്കുള്ള വാതിലുകളും വളരെ വേഗത്തില്‍ തുറന്നു നല്കി. കഴിഞ്ഞ ആഭ്യന്തര സീസണില്‍ അണ്ടര്‍-19 വിഭാഗത്തില്‍ താരം നടത്തിയ സമാനതകളില്ലാത്ത റണ്‍വേട്ടയാണ് ദേശീയ സെലക്ടര്‍മാരുടെ കണ്ണില്‍ ഈ മലയാളി താരത്തെ എത്തിച്ചത്.
കഴിഞ്ഞ സീസണിലുടനീളം അസാധാരണ ഫോം നിലനിര്‍ത്തിയ മാനവ് അടിച്ചുകൂട്ടിയത് 592 റണ്‍സാണ്. ആഭ്യന്തര ക്രിക്കറ്റിലെ ഈ അവിശ്വസനീയ പ്രകടനം താരത്തെ ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ നടക്കുന്ന പ്രത്യേക ക്യാമ്പിലേക്ക് വഴിനടത്തി. ഇന്ത്യന്‍ ക്രിക്കറ്റില്‍ ബിസിസിഐയുടെ ഭാവി പ്രതിഭകളെ നിരീക്ഷിക്കുന്ന എന്‍.സി.എ ക്യാമ്പ് മാനവിന്റെ കരിയറിലെ വലിയൊരു വഴിത്തിരിവായി മാറുകയായിരുന്നു.
ബാംഗ്ലൂരിലെ ക്യാമ്പില്‍ ദേശീയ കോച്ചുമാരുടെയും വിദഗ്ദ്ധരുടെയും മുന്നില്‍ തകര്‍പ്പന്‍ പ്രകടനമാണ് മാനവ് പുറത്തെടുത്തത്. ഈ കൗമാരക്കാരന്റെ അസാധ്യമായ ബാറ്റിങ് വേഗതയും കളിമികവും കണ്ട എന്‍.സി.എയിലെ പരിശീലകര്‍ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെട്ടു. ഈ ക്യാമ്പില്‍ തെളിയിച്ച അസാധാരണ മികവാണ് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ അണ്ടര്‍-19 ടെസ്റ്റ് ടീമിലേക്ക് മാനവിന് നേരിട്ട് പ്രവേശനം നേടിക്കൊടുത്തത്.
പരിശീലകന് ഷൈനിനെ സംബന്ധിച്ചും ഇത് വ്യക്തിപരമായ വലിയൊരു നേട്ടമാണ്. മുന്‍പ് ഷൈനിന്റെ കീഴില്‍ വളര്‍ന്ന അഭിഷേക് മോഹന്‍ എന്‍.സി.എ ക്യാമ്പില്‍ എത്തിയിരുന്നെങ്കിലും, നിര്‍ഭാഗ്യം കൊണ്ട് അന്ന് ഇന്ത്യന്‍ കുപ്പായം അന്യമാകുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ പ്രിയശിഷ്യന് മാനവിലൂടെ ഒരു ഇന്ത്യന്‍ ജൂനിയര്‍ താരത്തിന്റെ പരിശീലകനെന്ന അഭിമാനകരമായ പദവിയിലേക്ക് ഷൈന്‍ ഉയരുകയാണ്. ഇതോടെ കേരള ക്രിക്കറ്റിന്റെ നഴ്സറിയായി ഷൈന്‍സ് അക്കാഡമി മാറിക്കഴിഞ്ഞു.
ബിസിസിഐ ജൂനിയര്‍ ക്രിക്കറ്റ് കമ്മിറ്റി പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ജൂണ്‍ 11-നാണ് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ കൗമാരപ്പടയെ പ്രഖ്യാപിച്ചത്. മൂന്ന് ഏകദിനങ്ങളും രണ്ട് മള്‍ട്ടി-ഡേ മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ഇതില്‍ യഷ്ബര്‍ധന്‍ സിങ് ചൗഹാന് നയിക്കുന്ന റെഡ് ബോള്‍ (ടെസ്റ്റ്) ടീമിലാണ് മാനവ് ഇടംപിടിച്ചത്. അതേസമയം, പ്രഖ്യാപിക്കപ്പെട്ട ഇന്ത്യന്‍ ഏകദിന ടീമില്‍ മുന്‍ ഇന്ത്യന്‍ നായകനും പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ മകന് അന്വേ ദ്രാവിഡും ഇടംനേടിയിട്ടുണ്ട്. മാനവിനെപ്പോലെ തന്നെ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായാണ് അന്വേയും ടീമിലെത്തിയിരിക്കുന്നത് എന്നത് കൗതുകകരമാണ്.
നേരത്തെ, 2025-ലെ കേരള ക്രിക്കറ്റ് ലീഗ് ലേലപ്പട്ടിക വന്നപ്പോള്‍ അതില്‍ ഉള്‍പ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളില്‍ ഒരാളായിരുന്നു മാനവ് കൃഷ്ണ. വെറും 16 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് മാനവ് ഫ്രാഞ്ചൈസി ലീഗിന്റെ ഭാഗമാകുന്നത്. 2008-ല്‍ ജനിച്ച ഈ യുവതാരം തന്റെ പ്രായത്തെക്കാള്‍ മുതിര്‍ന്ന ക്രിക്കറ്റ് പക്വതയും ശാന്തതയുമാണ് ഓരോ വലിയ വേദികളിലും പുറത്തെടുക്കുന്നത്. കഴിഞ്ഞ എന്‍.എസ്.കെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ‘പ്രോമിസിങ് യങ്സ്റ്റര്‍’ ആയി തിരഞ്ഞെടുക്കപ്പെട്ടതും പല നിര്‍ണായക മത്സരങ്ങളിലും തകര്‍പ്പന്‍ ഇന്നിങ്സുകള്‍ കളിച്ച് കംബൈന്‍ഡ് ഡിസ്ട്രിക്ട്സിനെ ഫൈനലിലേക്ക് നയിച്ചതും മാനവായിരുന്നു.
റോഹന്‍ പ്രേം, റൈഫി വിന്‍സന്റ് ഗോമസ്, റോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് ഇനാന് എന്നിവര്‍ക്ക് ശേഷം ഇന്ത്യന്‍ ജൂനിയര്‍ നിരയിലേക്ക് എത്തുന്ന മാനവ്, കേരളത്തിന്റെ ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിക്കുമെന്നുറപ്പാണ്.



