നഗരപിതാവ് ‘ഇരട്ട പണിയില്‍’; ഭാവി ഡോക്ടര്‍മാര്‍ക്ക് ‘പട്ടി പേടി’; തെരുവുനായ ശല്യം മൂത്തപ്പോള്‍ അവര്‍ രക്ഷകനെ തേടിയെത്തി; ഫുള്‍ കോണ്‍ഫിഡന്‍സില്‍ അവരെ മടക്കി മേയര്‍; ഒരു വര്‍ഷത്തിനുള്ളില്‍ നായ്ക്കളുടെ ശല്യം അവസാനിപ്പിക്കും വിവി രാജേഷ്; ആ കുട്ടികളുടെ ഭയം മാറ്റണം; ശിവന്‍കുട്ടിയ്ക്കായി ആമയിഞ്ചാനിലും മേയര്‍ ഇറങ്ങി; ഇത് തിരുവനന്തപുരത്തിന്റെ ‘അത്ഭുത മേയര്‍’

തിരുവനന്തപുരം: നഗരഭരണം എന്നാല്‍ വെറും ഫയല്‍ നോക്കലല്ലെന്ന് തെളിയിച്ച് തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് ‘ഇരട്ട പണി’യിലാണ്. ഒരു വശത്ത് ഭാവി ഡോക്ടര്‍മാരുടെ ഉറക്കം കെടുത്തുന്ന തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം തേടുമ്പോള്‍, മറുവശത്ത് വിമര്‍ശകരുടെ വായടപ്പിക്കാന്‍ അര്‍ദ്ധരാത്രിയിലും തോടിലിറങ്ങി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് ഈ നഗരപിതാവ്. തെരുവ് പട്ടിയുടെ പ്രശ്നം തിരുവനന്തപുരത്ത് ഉടനീളമുണ്ട്. പല മേഖലയിലും അതിന് പരിഹാരവുമായി. എന്നാല്‍ ചില സ്ഥലത്ത് ഇപ്പോഴുമുണ്ട്.

ഡോക്ടര്‍മാര്‍ക്ക് ഇനി പേടി വേണ്ട; ‘ഫുള്‍ കോണ്‍ഫിഡന്‍സില്‍’ മേയര്‍

മെഡിക്കല്‍ കോളേജ് പരിസരത്തെയും ഹോസ്റ്റലുകളിലെയും തെരുവുനായ ശല്യം സഹിക്കവയ്യാതെയാണ് മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം മേയറെ കാണാനെത്തിയത്. പഠനത്തിനിടയിലും നായ്ക്കളുടെ ആക്രമണം ഭയന്ന് കഴിയേണ്ടി വരുന്ന അവസ്ഥ അവര്‍ മേയറോട് വിവരിച്ചു. എന്നാല്‍, വെറും വാഗ്ദാനങ്ങള്‍ നല്‍കി അവരെ മടക്കി അയക്കുകയല്ല വി.വി. രാജേഷ് ചെയ്തത്.

നഗരത്തിലെ തെരുവുനായ ശല്യം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ഞായറാഴ്ച പോലും വിശ്രമമില്ലാതെ എന്‍.ജി.ഒകളുമായി ചേര്‍ന്ന് നായ്ക്കളെ പാര്‍പ്പിക്കാനുള്ള സ്ഥലങ്ങള്‍ കണ്ടെത്താനുള്ള ഓട്ടത്തിലാണ് അദ്ദേഹം. അടുത്തിടെ മാത്രം നൂറോളം നായ്ക്കളെ തെരുവുകളില്‍ നിന്ന് കുറയ്ക്കാനായെന്നും, ഡോഗ് സ്‌ക്വാഡും സര്‍ജനും സ്റ്റാന്റിംഗ് കമ്മിറ്റിയും കൃത്യമായ ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മേയര്‍ വ്യക്തമാക്കി. ‘വിദ്യാര്‍ഥികളും യുവാക്കളും പ്രതീക്ഷയോടെ കോര്‍പ്പറേഷനിലേക്ക് നേരിട്ടെത്തുന്നത് ഭരണസമിതിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു’ – മേയര്‍ വി.വി. രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ശിവന്‍കുട്ടിയ്ക്ക് മറുപടി ‘ആമയിഴഞ്ചാനില്‍’; ശുചീകരണത്തില്‍ വിട്ടുവീഴ്ചയില്ല

തിരുവനന്തപുരം നഗരത്തിലെ മാലിന്യ സംസ്‌കരണം പാളിയെന്ന് വിമര്‍ശിച്ച മന്ത്രി വി. ശിവന്‍കുട്ടിയ്ക്കുള്ള മറുപടി വാക്കുകളിലല്ല, പ്രവൃത്തിയിലാണ് മേയര്‍ നല്‍കിയത്. തമ്പാനൂരിലെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് മേയര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. അര്‍ദ്ധരാത്രിയിലെ പോരാട്ടം: നഗരം ഉറങ്ങുമ്പോള്‍ തോടുകള്‍ വൃത്തിയാക്കുന്ന തിരക്കിലായിരുന്നു മേയറും സംഘവും. വിമര്‍ശനങ്ങള്‍ക്ക് തിരിച്ചടി: കോര്‍പ്പറേഷന്‍ പ്രവര്‍ത്തനം അവതാളത്തിലായെന്ന ശിവന്‍കുട്ടിയുടെ ആരോപണങ്ങള്‍ക്ക്, നഗരത്തിലെ മാലിന്യ സംസ്‌കരണം ഇല്ലാതാക്കിയത് പഴയകാല സി.പി.എം ഭരണമാണെന്ന് അദ്ദേഹം തിരിച്ചടിച്ചു.

തിരഞ്ഞെടുപ്പിലെ തോല്‍വി ബോധ്യപ്പെടാത്തതുകൊണ്ടാണ് മന്ത്രി എന്തിനും ഏതിനും കോര്‍പ്പറേഷനെ കുറ്റപ്പെടുത്തുന്നതെന്നും, വിളപ്പില്‍ശാല പദ്ധതി തകര്‍ത്ത് കേരളത്തെ മാലിന്യഭീതിയിലാക്കിയത് സി.പി.എമ്മാണെന്നും രാജേഷ് ആഞ്ഞടിച്ചു. മഴക്കാലത്തിന് മുന്നോടിയായി നഗരത്തിലെ തോടുകളും നദികളും ശുദ്ധീകരിച്ച് പകര്‍ച്ചവ്യാധി ഭീഷണി ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് കോര്‍പ്പറേഷന്‍. ജനകീയ പ്രശ്നങ്ങളില്‍ നേരിട്ട് ഇടപെട്ടും, എതിരാളികളുടെ രാഷ്ട്രീയ നീക്കങ്ങളെ ഭരണമികവ് കൊണ്ട് നേരിട്ടും വി.വി. രാജേഷ് തിരുവനന്തപുരത്തിന്റെ മാറ്റത്തിന്റെ മുഖമായി മാറുകയാണ്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top