തിരുവനന്തപുരം: കാക്കി വേഷത്തില്‍ കേരള പൊലീസിന്റെ അമരത്തിരുന്ന ആ കൈകള്‍ ഇന്ന് അതേ സേനയ്ക്ക് നേരെ വിരല്‍ചൂണ്ടി മുദ്രാവാക്യം വിളിച്ചു. ‘പോടാ പുല്ലേ പൊലീസേ, കാക്കിയിട്ടൊരു ഗുണ്ടകളേ’ എന്ന് മഴയത്ത് തൊണ്ടപൊട്ടി മുദ്രാവാക്യം വിളിച്ച് വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് കേരളത്തിലെ ആദ്യത്തെ വനിതാ ഡി.ജി.പി. ആര്. ശ്രീലേഖയാണ്. യൂണിഫോം അഴിച്ചുവെച്ച് രാഷ്ട്രീയത്തിലിറങ്ങിയ ശേഷം, തന്റെ പഴയ സഹപ്രവര്‍ത്തകര്‍ക്കെതിരെ തെരുവിലിറങ്ങി ശ്രീലേഖ നടത്തിയ പോരാട്ടം കൗതുകത്തോടെയും അമ്പരപ്പോടെയുമാണ് തലസ്ഥാന നഗരി നോക്കിക്കണ്ടത്.
നെട്ടയത്ത് കഴിഞ്ഞ ദിവസമുണ്ടായ ബി.ജെ.പി-സി.പി.എം. സംഘര്‍ഷത്തില്‍ അറസ്റ്റിലായ ബി.ജെ.പി. പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നാരോപിച്ചായിരുന്നു മഹിളാ മോര്‍ച്ചയുടെ പ്രതിഷേധ മാര്‍ച്ച്. ‘പിണറായിയുടെ തെമ്മാടികളേ, ഞങ്ങളിലൊന്നിനെ തൊട്ടെന്നാല്‍ ഇവിടൊരു പുല്ലും നടക്കൂല. കാക്കിക്കുള്ളില്‍ പൊലീസെങ്കില്‍ നിയമം ഞങ്ങള്‍ പാലിക്കും. കാക്കിക്കുള്ളില്‍ സി.പി.എമ്മെങ്കില്‍ പോടാ പുല്ലേ പൊലീസേ. പിണറായിയുടെ പൊലീസേ ഗോ ബാക്ക്’ – ആവേശം ചോരാത്ത മുദ്രാവാക്യങ്ങളുമായി ശ്രീലേഖ വട്ടിയൂര്‍ക്കാവ് സ്റ്റേഷന് മുന്നില്‍ നിലയുറപ്പിച്ചു.
പൊലീസ് നടപടി വൈകിയാല്‍ താന്‍ നേരിട്ടെത്തി ധര്‍ണ്ണയിരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണറെയും ഡി.ജി.പിയെയും ശ്രീലേഖ മുന്‍കൂട്ടി അറിയിച്ചിരുന്നു. പൊലീസിന്റെ നന്മയില് ഇപ്പോഴും വിശ്വസിക്കുന്നുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് കാലത്തെ സേനയുടെ അധഃപതനം കണ്ടുനില്‍ക്കാനാവില്ലെന്ന് അവര്‍ വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് വേളയില്‍ വട്ടിയൂര്‍ക്കാവ് പൊലീസും എസ്.എച്ച്.ഒ. വിപിനും എന്‍.ഡി.എയ്ക്കു നേരെ ഏകപക്ഷീയവും ക്രൂരവുമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് ശ്രീലേഖ ആരോപിച്ചു. ‘അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലുള്ള മര്‍ദ്ദനമുറകളാണ് നടക്കുന്നത്. നെട്ടയത്ത് ബി.ജെ.പിക്ക് വര്‍ധിച്ചുവരുന്ന ജനപിന്തുണയില്‍ വിറളിപൂണ്ടാണ് ഈ കാട്ടാളത്തം. ക്ഷേത്രത്തിനുള്ളില്‍ കയറി പഠനമുറി ഉള്‍പ്പെടെ തകര്‍ത്ത് പ്രവര്‍ത്തകരെ പിടിച്ചുകൊണ്ടുപോയി കള്ളക്കേസില്‍ കുടുക്കുന്നു’- അവര്‍ പറഞ്ഞു.
ഡി.ജി.പി. പദവിയില്‍ നിന്ന് വിരമിച്ച തനിക്ക് ഇത്തരത്തില്‍ തെരുവിലിറങ്ങി പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കേണ്ടി വരുന്നുണ്ടെങ്കില്‍ സേന എത്രത്തോളം അധഃപതിച്ചു എന്ന് ചിന്തിക്കണമെന്ന് അവര്‍ ഫെയ്സ്ബുക്കിലും കുറിച്ചു. വിരമിച്ച ശേഷം രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ ആര്. ശ്രീലേഖ നിലവില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറാണ്.
ശ്രീലേഖയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ചുവടെ
DGP പദവിയില്‍ നിന്ന് വിരമിച്ച ഞാന്‍ ..
33 വര്‍ഷത്തിലധികം പോലീസ് സേനയില്‍ അഭിമാനത്തോടെ പ്രവര്‍ത്തിച്ച ഞാന്‍..
ഇതുപോലെ പോലീസിനെതിരെ വിളിക്കണമെങ്കില്‍ എന്തായിരിക്കും കാരണം??
വട്ടിയൂര്‍ക്കാവ് SHO വിപിന്‍, SI ദീപു പിള്ള, മറ്റു 7,8 പോലീസുകാര്‍ ചേര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിലേറേയായി BJP പ്രവര്‍ത്തകരെ മാത്രം തിരഞ്ഞു പിടിച്ച് കേസുകള്‍
എടുത്ത്, മര്‍ദ്ദിച്ച് രസിക്കുന്നു. അതും CPM ആള്‍ക്കാരുടെ നിര്‍ദ്ദേശപ്രകാരം!
അതിന്റെ അവസാനം ഏപ്രില്‍ 19ന് ഇടപഴനി ക്ഷേത്രം ചവിട്ടി തുറന്ന്, ഒരു CPM പ്രവര്ത്തകന് ഭാര്യയെ ലൈംഗികമായി അവഹേളിക്കുകയും അവയവ പ്രദര്‍ശനം നടത്തുകയും ചെയ്തു എന്ന് പരാതിപ്പെട്ട BJP പ്രവര്‍ത്തകനെയും കൂട്ടരെയും വലിച്ചിഴച്ചു പോലീസ് വാനില്‍ കയറ്റി അതി ക്രൂരമായി മര്‍ദ്ദിച്ച് ബിനുവിന്റെ കണ്ണിനു പരിക്കേല്‍പ്പിച്ചു രക്തത്തില്‍ കുളിച്ച അവസ്ഥയില്‍ AR ക്യാമ്പില്‍ കൊണ്ട് പോയി തള്ളി. അവര്‍ക്കെതിരെ ഒരു കേസുപോലും ഇല്ലാത്തതു കൊണ്ട് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചോളാന്‍ പറയുകയായിരുന്നു ഈ പോലീസുകാര്‍. മര്‍ദ്ദനം ഏറ്റവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോഴും ഉണ്ട്.. ഇത് ചെയ്ത പോലീസുകാര്‍ക്കെതിരെ ഒരു നടപടിയും ഇല്ല, ഒരു കേസുമില്ല!
ഇത് കാണുമ്പോള്‍ കഷ്ടം തോന്നി പോകും. നാണം തോന്നും ഇങ്ങനെയുള്ള ഒരു സേനയിലായിരുന്നോ ഇത്ര നാള് പ്രവര്‍ത്തിച്ചതെന്ന് ഓര്‍ത്ത്!
വെറുതെയാണോ ജനം പോലീസിനെ ഇത്ര മാത്രം വെറുക്കുന്നത്?



