അലുവ അതുലും സുനില്‍ സ്വാമിയും!ആരാണ് വിവാദ സ്വാമിചെറുപ്പളശ്ശേരിക്കാരന്‍ ശബരിമലയേയും കൊല്ലത്തേയും സുനില്‍ സ്വാമിയായ കഥ

കൊല്ലം കരുനാഗപ്പള്ളിയിലെ ഗുണ്ടാപ്പകയെത്തുടര്‍ന്ന് കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ അലുവ അതുല്‍ കൊല്ലപ്പെട്ട കേസില്‍ ഒളിത്താവളം ഒരുക്കിയെന്ന ആരോപണത്തിലൂടെ വ്യവസായി സുനില്‍ സ്വാമി വീണ്ടും വിവാദങ്ങളുടെ നിഴലിലായിരിക്കുകയാണ്. കരുനാഗപ്പള്ളിയിലെ ‘വയനകം’ സംഘത്തിന്റെ തലവനായ അതുലിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞത് കൊല്ലം വാളകത്തുള്ള സുനില്‍ സ്വാമിയുടെ ഉടമസ്ഥതയിലുള്ള ‘ശിവശ ഗ്രാനൈറ്റ്‌സ്’ എന്ന ക്വാറിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രമുഖ സിനിമാ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും പങ്കാളിത്തമുള്ള ഈ ക്വാറിയില്‍ വച്ചാണ് പ്രതികള്‍ കൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങള്‍ ഒളിപ്പിച്ചതെന്നും സൂചനയുണ്ട്. ഇതോടെയാണ് ശബരിമല സന്നിധാനത്തെ സ്ഥിരം സാന്നിധ്യമായ സുനില്‍ സ്വാമിയും ക്രിമിനല്‍ സംഘങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധം ചര്‍ച്ചയാകുന്നത്.

വര്‍ഷങ്ങളോളം ശബരിമല സന്നിധാനത്ത് തമ്പടിക്കുകയും ദേവസ്വം ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പ്രത്യേക പരിഗണന കൈപ്പറ്റുകയും ചെയ്യുന്ന വ്യക്തിയാണ് സുനില്‍ സ്വാമി എന്ന സുനില്‍. സന്നിധാനത്തെ ഡോണര്‍ ഹൗസിലെ 401-ാം നമ്പര്‍ മുറി കഴിഞ്ഞ പത്തു വര്‍ഷമായി ഇദ്ദേഹം മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. സാധാരണ ഭക്തര്‍ക്ക് പരമാവധി 15 ദിവസം വരെ മാത്രം താമസിക്കാന്‍ അനുവാദമുള്ളയിടത്താണ് സുനില്‍ സ്വാമി വര്‍ഷങ്ങളോളം ആധിപത്യം ഉറപ്പിച്ചത്. ഇദ്ദേഹത്തിന് സന്നിധാനത്ത് യാതൊരുവിധ പ്രത്യേക പരിഗണനയും നല്‍കരുതെന്നും വെര്‍ച്വല്‍ ക്യൂ വഴി മാത്രമേ പ്രവേശനം അനുവദിക്കാവൂ എന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് കര്‍ശനമായ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഈ സ്വാമിയാണ് ഇപ്പോള്‍ അതുല്‍ വധത്തിനിടെയും ചര്‍ച്ചയാകുന്നത്. കൊലയുമായി സുനില്‍ സ്വാമിയ്ക്ക് ബന്ധമില്ല. എന്നാല്‍ ആ ക്രിമിനലുകള്‍ ആ പാറമടയില്‍ ജോലി ചെയ്തിരുന്നു.

പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശിയായ സുനില്‍, കൊല്ലം കേന്ദ്രീകരിച്ചാണ് തന്റെ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്തത്. കശുവണ്ടി കയറ്റുമതി, ടി.എം.ടി കമ്പി നിര്‍മ്മാണം, പാറമടകള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഇദ്ദേഹത്തിന് ബിസിനസ് പങ്കാളിത്തമുണ്ട്. ‘ശബരി’ എന്ന ബ്രാന്‍ഡ് നാമത്തിലാണ് ഇദ്ദേഹത്തിന്റെ മിക്ക ബിസിനസ്സുകളും അറിയപ്പെടുന്നത്. വിഴിഞ്ഞം പദ്ധതിക്ക് ഉള്‍പ്പെടെ പാറ വിതരണം ചെയ്യുന്ന കരാറുകളും ഇദ്ദേഹത്തിനുണ്ട്. തികഞ്ഞ ശബരിമല ഭക്തന്‍ എന്ന നിലയിലാണ് സുനില്‍ ‘സുനില്‍ സ്വാമി’ എന്നറിയപ്പെട്ടു തുടങ്ങിയത്. അവിവാഹിതനായ ഇദ്ദേഹം സന്നിധാനത്തെ നിത്യപൂജകള്‍ക്കും ഗോശാല സംരക്ഷണത്തിനുമായി വന്‍തുകകള്‍ ചെലവാക്കാറുണ്ട്.

സന്നിധാനത്തെ നിത്യപൂജകള്‍ക്ക് ആവശ്യമായ പൂക്കളും മറ്റ് സാധനങ്ങളും സുനില്‍ സ്വാമി സൗജന്യമായി നല്‍കാറുണ്ടെങ്കിലും, ഇതിനായി ഭീമമായ തുക ചെലവായതായി അധികൃതര്‍ വ്യാജ കണക്കുകള്‍ എഴുതിയുണ്ടാക്കുന്നുവെന്നാണ് പരാതി. ഒരു ദിവസം ലക്ഷക്കണക്കിന് രൂപ ഇത്തരത്തില്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ തട്ടിയെടുക്കുന്നതായും ആക്ഷേപമുണ്ട്. അതുകൊണ്ട് തന്നെ സുനില്‍ സ്വാമിയെ സന്നിധാനത്ത് നിന്ന് മാറ്റിനിര്‍ത്താനുള്ള കോടതി ഉത്തരവ് ചില ഉദ്യോഗസ്ഥര്‍ക്കും തിരിച്ചടിയായിരുന്നു. സ്വര്‍ണ്ണ കൊള്ളയില്‍ സുനില്‍ സ്വാമി പ്രതിസ്ഥാനത്ത് ആയതുമില്ല.

മുമ്പ് കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ബാര്‍ കോഴക്കേസിലും സുനില്‍ സ്വാമിയുടെ പേര് ഉയര്‍ന്നു കേട്ടിരുന്നു. ബാറുടമകള്‍ക്ക് കെ.എം. മാണിക്ക് നല്‍കാനായി അഞ്ച് കോടി രൂപ കടം നല്‍കിയത് കൊല്ലത്തെ ഈ വ്യവസായി ആണെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. കശുവണ്ടി ബിസിനസ്സില്‍ നിന്ന് ലഭിക്കുന്ന കോടികള്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളില്‍ സ്വാധീനം ഉറപ്പിക്കാന്‍ ഇദ്ദേഹം ഉപയോഗിക്കുന്നുവെന്ന വാദത്തിന് ഇത് ബലം നല്‍കുന്നു. വിഐപികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രിയങ്കരനായ സുനില്‍ സ്വാമി ശബരിമലയിലെ ഭരണകാര്യങ്ങളില്‍ വരെ ഇടപെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അലുവ അതുല്‍ വധക്കേസിലെ പ്രതികളായ ‘കടത്തൂര്‍’ സംഘവുമായി സുനില്‍ സ്വാമിക്ക് എന്ത് ബന്ധമാണുള്ളതെന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. 2025-ല്‍ നടന്ന ജിം സന്തോഷ് വധക്കേസിലെ പ്രതിയായ അതുല്‍ കൊല്ലപ്പെടുന്നത് വലിയ ഗുണ്ടാപ്പകയുടെ ഭാഗമായാണ്. കുപ്രസിദ്ധ ക്രിമിനലുകള്‍ക്ക് തന്റെ ക്വാറിയില്‍ ഒളിത്താവളം ഒരുക്കാന്‍ സൗകര്യം ചെയ്തു നല്‍കിയത് സുനില്‍ സ്വാമിയാണെന്ന് തെളിഞ്ഞാല്‍ അത് ഇദ്ദേഹത്തെ വലിയ നിയമക്കുരുക്കിലാക്കും. നിലവില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ഉള്‍പ്പെടെയുള്ള ബിസിനസ് പങ്കാളികള്‍ തങ്ങള്‍ക്ക് ഗുണ്ടകളുമായി ബന്ധമില്ലെന്ന് വിശദീകരണം നല്‍കിയിട്ടുണ്ടെങ്കിലും പോലീസ് അന്വേഷണം തുടരുകയാണ്. സുനില്‍ സ്വാമിയും തനിക്ക് ബന്ധമില്ലെന്നാണ് പറയുന്നത്.

ഹൈക്കോടതിയുടെ കര്‍ശന നിലപാടോടെ സന്നിധാനത്ത് സുനില്‍ സ്വാമിക്ക് ഉണ്ടായിരുന്ന അപ്രമാദിത്വം അവസാനിച്ചിരുന്നു. ഡോണര്‍ റൂമുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തണമെന്നും ആര്‍ക്കും അഞ്ചു ദിവസത്തിലധികം സൗജന്യമായി താമസിക്കാന്‍ അനുവാദം നല്‍കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു കഴിഞ്ഞു. ശബരിമല സന്നിധാനത്തെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഭക്ഷണം നല്‍കുന്നതും പൂജാ ദ്രവ്യങ്ങള്‍ എത്തിക്കുന്നതും വഴി അവിടെ ഒരു സമാന്തര ഭരണം തന്നെ സുനില്‍ സ്വാമി നടത്തിയിരുന്നതായി സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. നിര്‍മ്മാല്യം മുതല്‍ ഹരിവരാസനം വരെ ശ്രീകോവിലിന് മുന്നില്‍ തൊഴുതുനില്‍ക്കാന്‍ ഇദ്ദേഹത്തിന് ലഭിച്ചിരുന്ന പ്രത്യേക അനുമതി ഭക്തര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

ശബരിമലയിലെ പല വിവാദങ്ങളിലും വിജിലന്‍സ് അന്വേഷണങ്ങളിലും സുനില്‍ സ്വാമിയുടെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നു. കേരളത്തിന് പുറമെ കര്‍ണാടകയിലും തമിഴ്നാട്ടിലും വ്യാപിച്ചുകിടക്കുന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമയാണ് സുനില്‍ സ്വാമി. അലുവ അതുല്‍ കേസിലും തനിക്കൊന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് സുനില്‍ സ്വാമിയുടെ മുന്നോട്ട് പോക്ക്….

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top