‘കടക്ക് പുറത്ത്’ എന്നും ‘പരനാറി’ എന്നും കേട്ട് ശീലിച്ച മലയാളിക്ക് ഇതാ മുഖ്യമന്ത്രിയുടെ വക പുതിയൊരു ‘ഡോസ്’ കൂടി- ‘വീട്ടില്‍ പോയി ചോദിക്ക്!’ കോന്നിയിലെ പൊതുവേദിയില്‍ വികസനത്തെക്കുറിച്ച് ആകുലതപ്പെട്ട സാധാരണക്കാരനോട് പിണറായി വിജയന്‍ തട്ടിക്കയറിയത് വെറുമൊരു ദേഷ്യമല്ല, മറിച്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയ ശൈലിയുടെ തുടര്‍ച്ചയാണെന്നാണ് സംസാരം. എന്നാല്‍, ഈ ‘അറ്റാക്കിങ് സ്ട്രാറ്റജി’ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന്റെ വോട്ട് പെട്ടിയില്‍ ചോര്‍ച്ചയുണ്ടാക്കുമോ എന്ന ആശങ്ക കമ്മ്യൂണിസ്റ്റ് കോട്ടകളില്‍ പുകയുകയാണ്.
തനിക്ക് സമനില തെറ്റിയിട്ടില്ലെന്ന് ഇടുക്കിയില്‍ വെച്ച് ആവര്‍ത്തിക്കുമ്പോഴും മുഖ്യമന്ത്രിയുടെ വാക്കുകളിലെ അസഹിഷ്ണുത പ്രതിപക്ഷം ആഘോഷമാക്കുകയാണ്. മദ്യപിച്ച ലഹരിയിലാണെങ്കിലും ദാസ് പി. ജോര്‍ജ് എന്ന സാധാരണക്കാരന്‍ ഉയര്‍ത്തിയ ചോദ്യം പ്രസക്തമായിരുന്നു. കിഫ്ബി ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചാല്‍ നാട് എങ്ങനെ മുന്നോട്ട് പോകും എന്ന അദ്ദേഹത്തിന്റെ ആശങ്കയ്ക്ക് ‘വീട്ടില്‍ പോയി ചോദിക്ക്’ എന്ന മറുപടി ഒരു ഭരണാധികാരിക്ക് ചേര്‍ന്നതാണോ എന്നതാണ് ഉയരുന്ന ചോദ്യം. കെ.സി. വേണുഗോപാലിനെപ്പോലുള്ള ഉന്നത നേതാക്കള്‍ ഇത് പിണറായിയുടെ സമനില തെറ്റിയതിന്റെ ലക്ഷണമാണെന്ന് പരിഹസിക്കുമ്പോള്‍ മറുപടിയില്ലാതെ ഉഴലുകയാണ് അണികള്‍.
രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ ‘ചെറ്റത്തരം’ എന്ന പദം പ്രയോഗിച്ച മുഖ്യമന്ത്രിക്ക് സ്വന്തം പാളയത്തില്‍ നിന്ന് തന്നെ തിരിച്ചടിയേറ്റു. മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍ തന്നെ പരസ്യമായി രംഗത്തെത്തിയത് പിണറായിയെ ഞെട്ടിച്ചു. തന്നെ ‘ചെറ്റ’ എന്ന് വിളിച്ചതിനെതിരെ സുധാകരന്‍ നടത്തിയ പ്രതികരണം സിപിഎമ്മിനുള്ളിലെ പടലപ്പിണക്കങ്ങള്‍ മറനീക്കി പുറത്തുകൊണ്ടുവന്നു. ‘രാഷ്ട്രീയ ചെറ്റത്തരം’ എന്ന് തിരുത്തി മുഖ്യമന്ത്രി തടിതപ്പാന്‍ നോക്കിയെങ്കിലും സുധാകരന്റെ ‘കനത്ത നാവ്’ പാര്‍ട്ടിക്കുള്ളില്‍ വലിയൊരു പൊട്ടിത്തെറിക്ക് തിരികൊളുത്തിക്കഴിഞ്ഞു.
വിവാദങ്ങളുടെ ‘പിണറായി നിഘണ്ടു’
പിണറായി വിജയന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ വിവാദ പദങ്ങളുടെ ഒരു നീണ്ട നിര തന്നെ കാണാം:
നികൃഷ്ട ജീവി: ബിഷപ്പിനെതിരെ പ്രയോഗിച്ചത് വഴി ക്രൈസ്തവ വോട്ടുകളില്‍ വിള്ളലുണ്ടാക്കി.
പരനാറി: എന്‍.കെ. പ്രേമചന്ദ്രനെതിരെ പറഞ്ഞത് കൊല്ലത്ത് ഇടതിന് കനത്ത തിരിച്ചടിയായി.
കടക്ക് പുറത്ത്: മാധ്യമങ്ങളോടുള്ള ഈ ആക്രോശം ഭരണകൂടത്തിന്റെ ധാര്‍ഷ്ട്യമായി ഇന്നും വിലയിരുത്തപ്പെടുന്നു.
കുലംകുത്തി: പാര്‍ട്ടി വിട്ടവരെ ഇല്ലാതാക്കാന്‍ ഉപയോഗിച്ച മൂര്‍ച്ചയേറിയ വാക്ക്.
തിരിച്ചടിയാകുമോ ഈ ‘അറ്റാക്കിങ് മോഡ്’?
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വ്യക്തിപരമായി അധിക്ഷേപിച്ചും, കോണ്‍ഗ്രസ്-ബിജെപി ‘ഡീല്‍’ ആരോപിച്ചും പ്രതിരോധം തീര്‍ക്കാന്‍ നോക്കുന്ന മുഖ്യമന്ത്രി പക്ഷെ സ്വന്തം നാവിലെ നിയന്ത്രണം വിടുന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നു. വോട്ട് ബാങ്കുകള്‍ നിശ്ചയിക്കുന്ന നിഷ്പക്ഷ വോട്ടര്‍മാര്‍ ഇത്തരം പരുക്കന്‍ ശൈലിയെ എങ്ങനെ സ്വീകരിക്കും എന്നതാണ് പ്രധാനം. തൃശ്ശൂരിലെ വോട്ട് ചോര്‍ച്ചയും നേമത്തെ ചരിത്രവും പറഞ്ഞ് മറ്റുള്ളവരെ കുറ്റപ്പെടുത്തുമ്പോള്‍, സ്വന്തം വാക്കുകള്‍ വോട്ടായി മാറുമോ അതോ പടിക്കു പുറത്താകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.



