തിരുവനന്തപുരം: കുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയുടെ മനംകവര്‍ന്ന മോണാലിസ ഭോസ്ലെയുടെ വിവാഹം അക്ഷരാര്‍ത്ഥത്തില്‍ ഒരു നിയമയുദ്ധത്തിലേക്ക് നീങ്ങുകയാണ്. തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മന്ത്രി വി. ശിവന്‍കുട്ടിയും എ.എ റഹിമും ഉള്‍പ്പെടെയുള്ള വമ്പന്‍ സ്രാവുകള്‍ പങ്കെടുത്തത് ഇപ്പോള്‍ അവര്‍ക്ക് തന്നെ വിനയാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും വെറും 16 വയസ്സ് മാത്രമേയുള്ളൂവെന്നും വ്യക്തമാക്കുന്ന ജനന സര്‍ട്ടിഫിക്കറ്റ് വിശ്വഹിന്ദു പരിഷത്ത് പുറത്തുവിട്ടതോടെ സംഗതി ആകെ കുഴപ്പത്തിലായിരിക്കുകയാണ്. വിഎച്ച് പി പുറത്തുവിട്ട രേഖകള്‍ ശരിയാണെങ്കില്‍ പോക്സോ കേസ് വരും.
വിവാഹത്തിന് മുന്‍പേ പ്രായത്തെക്കുറിച്ച് വിവാദം ഉയര്‍ന്നപ്പോള്‍ തനിക്ക് 18 വയസ്സുണ്ടെന്ന് മോണാലിസ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു. തമ്പാനൂര്‍ പോലീസും രേഖകള്‍ പരിശോധിച്ച് പ്രായം 18 തികഞ്ഞുവെന്ന് ഉറപ്പിച്ചു. എന്നാല്‍, വിഎച്ച്പി ഇപ്പോള്‍ പുറത്തുവിട്ട മധ്യപ്രദേശ് സര്‍ക്കാരിന്റെ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റില്‍ ജനനത്തീയതി 2009 ഡിസംബര്‍ 30 എന്നാണ്. ഇതനുസരിച്ച് വിവാഹസമയത്ത് മോണാലിസയ്ക്ക് 16 വയസ്സും രണ്ട് മാസവും മാത്രമേ പ്രായമുള്ളൂ. ഇത് ശരിയാണെങ്കില്‍ വമ്പന്‍ പ്രത്യാഘാതം ഉണ്ടാകും. 2025 ജനുവരിയില്‍ പെണ്‍കുട്ടി തന്റെ 16-ാം പിറന്നാള്‍ ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലുണ്ടെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്തത് വഴി പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ നിയമക്കുരുക്കിലാകുമോ എന്ന ചര്‍ച്ച കൊഴുക്കുകയാണ്. മധ്യപ്രദേശ് പോലീസ് കേസെടുക്കാന്‍ ഒരുങ്ങുന്നതോടെ വിഷയം ദേശീയ തലത്തില്‍ തന്നെ വിവാദമാകും. പെണ്‍കുട്ടി പോലീസിന് നല്‍കിയ രേഖകള്‍ വ്യാജമാണോ അതോ വിഎച്ച്പി പുറത്തുവിട്ട സര്‍ട്ടിഫിക്കറ്റ് വ്യാജമാണോ എന്നതിലാണ് ഇപ്പോള്‍ ദുരൂഹത നിഴലിക്കുന്നത്. രേഖകളില്‍ കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ അത് വലിയൊരു ക്രിമിനല്‍ കുറ്റമായി മാറും.
കേരള പോലീസ് ഇപ്പോഴും തങ്ങളുടെ പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. പ്രായപൂര്‍ത്തിയായ ശേഷമാണ് വിവാഹം നടന്നതെന്നാണ് ഇവരുടെ വാദം. എന്നാല്‍ പുതിയ രേഖകള്‍ പുറത്തുവന്നതോടെ പോലീസിന് ഇത് പരിശോധിക്കാതിരിക്കാന്‍ കഴിയില്ല. വിഎച്ച്പി നല്‍കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണോ എന്ന് പരിശോധിക്കുമെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും, മധ്യപ്രദേശില്‍ കേസ് രജിസ്റ്റര്‍ ചെയ്താല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. ഒരു വൈറല്‍ വിവാഹം വഴി ഇത്ര വലിയൊരു രാഷ്ട്രീയ സ്ഫോടനം ആരും പ്രതീക്ഷിച്ചിരുന്നില്ല.



