മനുഷ്യരക്തം ലഹരി; ആയുധം കൂടം! കൊല്ലപ്പെട്ട ശേഷവും വിറപ്പിച്ച് ‘അലുവ അതുല്‍’; ഇന്‍സ്റ്റഗ്രാം റീല്‍സ് മുതല്‍ ക്രൗഡ് ഫണ്ടിംഗ് വരെ; കരുനാഗപ്പള്ളിയിലെ ഗുണ്ടാപ്പോരിന് പിന്നില്‍ ഞെട്ടിക്കുന്ന കഥകള്‍ തുടരുന്നു. രണ്ടു കേസു കൂടി എടുത്ത് പോലീസും

കരുനാഗപ്പള്ളി: വെട്ടേറ്റു വീഴുമ്പോഴും ‘കൊല്ലരുത്, നമുക്ക് പറഞ്ഞു തീര്‍ക്കാം’ എന്ന് അലുവ അതുല്‍ അപേക്ഷിച്ചെങ്കിലും ബ്ലാക്ക് വിഷ്ണുവും സംഘവും അത് ചെവിക്കൊണ്ടില്ല. പത്തൊന്‍പതാം വയസ്സില്‍ ക്രിമിനല്‍ ലോകത്തേക്ക് ചുവടുവെച്ച, ഒടുവില്‍ 25 കേസുകളിലും മൂന്ന് വട്ടം കാപ്പയിലും പ്രതിയായ അതുലിന്റെ അന്ത്യം സിനിമയെ വെല്ലുന്ന പകപോക്കലായിരുന്നു. എന്നാല്‍ അതുല്‍ മരിച്ചിട്ടും സോഷ്യല്‍ മീഡിയയില്‍ അടങ്ങാത്ത ഗുണ്ടാപ്പോരും വിദ്വേഷ പ്രചാരണവുമാണ് നടക്കുന്നത്.

മദ്യമോ പുകയിലയോ മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിക്കാത്ത അതുലിന് മനുഷ്യരക്തം കാണുന്നതായിരുന്നു ലഹരിയെന്നാണ് മുന്‍ കൂട്ടാളികള്‍ വെളിപ്പെടുത്തുന്നത്. എതിരാളികളെ ആക്രമിക്കാന്‍ ‘കൂടം’ ഉപയോഗിക്കുന്നതായിരുന്നു ഇയാളുടെ രീതി. കൊല്ലം ജില്ലാ ജയിലില്‍ വെച്ച് വാര്‍ഡനെ മര്‍ദ്ദിച്ചും സൂപ്രണ്ടിന്റെ ഓഫീസിലെ കമ്പ്യൂട്ടര്‍ തല്ലിത്തകര്‍ത്തും അതുല്‍ തന്റെ ക്രൂരത തെളിയിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി കോടതി പരിസരത്ത് വെച്ച് റീല്‍സ് ചിത്രീകരിച്ചും അതുല്‍ മുന്‍പ് വിവാദങ്ങളില്‍ നിറഞ്ഞിരുന്നു.

‘പകരം വീട്ടാന്‍ നടക്കുന്നവരോട് പറയാനുള്ളത്’ എന്ന ക്യാപ്ഷനോടെ അതുല്‍ പങ്കുവെച്ച വെല്ലുവിളി നിറഞ്ഞ വീഡിയോയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഈ വീഡിയോ വൈറലായതോടെ എതിര്‍പക്ഷമായ ബ്ലാക്ക് വിഷ്ണുവും സംഘവും ഇയാളെ തീര്‍ക്കാന്‍ തക്കം പാര്‍ത്തിരുന്നു. ഒടുവില്‍ ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ ഒപ്പിട്ടു മടങ്ങവേ, മാസ്‌ക് പോലും ധരിക്കാതെ പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് വിഷ്ണുവും സംഘവും അതുലിനെ വെട്ടി നുറുക്കുകയായിരുന്നു. വെറും ഒന്നര മിനിറ്റിനുള്ളില്‍ എല്ലാം അവസാനിച്ചു.

അതുലിനെ വകവരുത്താന്‍ എതിരാളികള്‍ സോഷ്യല്‍ മീഡിയ വഴി ക്രൗഡ് ഫണ്ടിംഗ് നടത്തിയെന്ന ഞെട്ടിക്കുന്ന വിവരവും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. അതുല്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായെങ്കിലും, പോസ്റ്റിന് താഴെ വന്ന കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇപ്പോഴും പ്രചരിക്കുകയാണ്. കൊലപാതകത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചേരിതിരിഞ്ഞ് പോര് തുടരുകയാണ്.

വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കൊല്ലം സിറ്റി പോലീസ് രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ കര്‍ശന നിരീക്ഷണത്തിലാണ് നിലവില്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍. കരുനാഗപ്പള്ളി പുതിയകാവില്‍ നിര്‍മ്മാണം നടക്കുന്ന ദേശീയപാതയില്‍ നടന്ന ഈ ക്രൂരകൃത്യം നാടിനെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ജിം സന്തോഷിന്റെ മരണത്തിന് പകരമായാണോ ഈ കൊലപാതകം എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. മരണപ്പെട്ട അതുലിന് പ്രതീക്ഷ എന്ന ഭാര്യയും ഒരു മകനുമുണ്ട്.

ഒരു ഗുണ്ടാത്തലവന്റെ അന്ത്യം കുടുംബത്തെ അനാഥമാക്കുമ്പോഴും ക്രിമിനല്‍ ലോകത്തെ പകയടങ്ങുന്നില്ല എന്നതിന്റെ തെളിവാണ് സൈബര്‍ ഇടങ്ങളിലെ ഈ പോര്‍വിളികള്‍.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top