തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടാനും എങ്ങനെയെങ്കിലും ഒന്നു മത്സരിക്കാനുമായി നേതാക്കള്‍ നെട്ടോട്ടമോടുന്ന തിരക്കിലാണ്. സീറ്റ് നിഷേധിക്കപ്പെട്ടാല്‍ മറുകണ്ടം ചാടുന്നതും റിബലുകളായി വന്ന് മുന്നണികള്‍ക്ക് തലവേദന സൃഷ്ടിക്കുന്നതും സ്ഥിരം കാഴ്ചയാണ്. ഇതിനിടയിലാണ് തങ്ങള്‍ക്ക് ഇത്തവണ സ്ഥാനാര്‍ത്ഥിത്വം വേണ്ടെന്നും, ദയവായി മത്സരിക്കാന്‍ നിര്‍ബന്ധിക്കരുതെന്നുമുള്ള അപേക്ഷയുമായി ചില നേതാക്കള്‍ രംഗത്ത് വരുന്നത്. ഒറ്റനോട്ടത്തില്‍ ഇവര്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാണെന്ന് തോന്നാം. എന്നാല്‍ ഈ ‘വ്യത്യസ്തനാം ബാര്‍ബറാം ബാലനെ’ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ അതിലും കാണാം വലിയ ചില വേര്‍തിരിവുകള്‍. സീറ്റ് വേണ്ടെന്ന് പറയുന്ന എല്ലാവരും ഒരേ മനസ്സോടെയല്ല ആ തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. പി.ജെ ജോസഫ്, കെ. ബാബു, കെ. കൃഷ്ണന്‍കുട്ടി എന്നിവരാണ് മത്സരരംഗത്ത് നിന്ന് സ്വയം മാറിനില്ക്കാന് സന്നദ്ധത പ്രകടിപ്പിച്ചത്.
വ്യത്യസ്തനാം ഒരു ബാര്‍ബറാം ബാലനെ സത്യത്തില്‍ ആരും തിരിച്ചറിഞ്ഞില്ല….. ഇതാ മൂന്ന് പേര് തങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം വേണ്ടെന്നും ദയവായി മത്സരിക്കാന്‍ ആവശ്യപ്പെടരുതെന്ന അപേക്ഷയുമായി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാകുന്നു. പിജെ ജോസഫും കെ ബാബുവും പിന്നെ കെ കൃഷ്ണന്‍കുട്ടിയും.. ഈ മൂന്ന് പേര്‍ക്കും സീറ്റ് ഉറപ്പായിരുന്നു. ജയസാധ്യതയും കൂടുതല്‍.. ജോസഫിന് പകരം തൊടുപുഴയില്‍ മകന് മത്സരിക്കും. അതായത് മകന് വേണ്ടിയുള്ള അച്ഛന്റെ മാറ്റം. അവിടേയും ബാബുവും കൃഷ്ണന്‍കുട്ടിയും വ്യത്യസ്തരാകുന്നു….. പാര്‍ട്ടിയിലെ യുവ തലമുറയ്ക്ക് വേണ്ടി അവര്‍ വഴിമാറുന്നു. തീര്‍ത്തും വ്യത്യസ്തര്‍…
മകന് വേണ്ടി വഴിമാറുന്ന അച്ഛന്
സ്ഥാനത്യാഗം ചെയ്യുന്ന മറ്റൊരു പ്രമുഖന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ ജോസഫാണ്. 1971 മുതല്‍ പത്ത് തവണ തൊടുപുഴയില്‍ നിന്ന് വിജയിച്ച് കയറിയ ഈ അതികായന്റെ പിന്മാറ്റം യുഡിഎഫില്‍ ഒരു തലമുറ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ മാറ്റം സ്വന്തം കുടുംബത്തിലേക്ക് തന്നെയാണെന്നതാണ് യാഥാര്‍ത്ഥ്യം. മകന് അപു ജോണ്‍ ജോസഫിന് വേണ്ടിയാണ് പി.ജെ ജോസഫ് ഇത്തവണ തന്റെ സ്വന്തം കോട്ടയായ തൊടുപുഴയില്‍ വഴിമാറിക്കൊടുക്കുന്നത്. ഇവിടെയും ഒരു അച്ഛന്റെ സ്വാഭാവികമായ രാഷ്ട്രീയ താല്പര്യങ്ങള് മാത്രമാണ് പ്രതിഫലിക്കുന്നത്.
യഥാര്‍ത്ഥ മാതൃകയായി ബാബുവും കൃഷ്ണന്‍കുട്ടിയും
എന്നാല്‍ കെ. ബാബുവിന്റെയും കെ. കൃഷ്ണന്‍കുട്ടിയുടെയും കാര്യം അങ്ങനെയല്ല. ഇരുവരും യഥാര്‍ത്ഥത്തില്‍ വ്യത്യസ്തരാകുന്നത് ഇവിടെയാണ്. സ്വന്തം കുടുംബത്തിന് വേണ്ടിയോ തോല്‍വി ഭയന്നോ അല്ല അവര്‍ പിന്മാറുന്നത്. മത്സരിച്ചാല്‍ സീറ്റും ജയസാധ്യതയും ഉറപ്പുള്ള രണ്ടുപേരാണ് പാര്‍ട്ടിക്കുള്ളിലെ പുതിയ തലമുറയ്ക്ക് വേണ്ടി സ്വയം വഴിമാറിക്കൊടുക്കുന്നത്.
തൃപ്പൂണിത്തുറയില്‍ നിന്ന് 1993 മുതല്‍ ഒരു തവണയൊഴികെ തുടര്‍ച്ചയായി ജയിച്ചുകയറിയ നേതാവാണ് 74കാരനായ കെ. ബാബു. കഴിഞ്ഞ തവണ എം. സ്വരാജുമായി നടന്ന കടുത്ത നിയമപോരാട്ടത്തിനൊടുവിലാണ് അദ്ദേഹം സീറ്റ് നിലനിര്‍ത്തിയത്. ഇത്തവണയും മത്സരിക്കാന്‍ അവസരമുണ്ടായിട്ടും ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പിന്മാറുകയായിരുന്നു.
ചിറ്റൂരില്‍ നിന്നുള്ള എംഎല്‍എയും വൈദ്യുതി മന്ത്രിയുമായ കെ. കൃഷ്ണന്‍കുട്ടിയും സമാനമായ തീരുമാനമാണ് എടുത്തത്. ക്ലീന്‍ ഇമേജുള്ള ഈ ജനതാദള്‍ സെക്കുലര്‍ നേതാവ്, തനിക്ക് പകരം പാലക്കാട് ജില്ലയിലെ പാര്‍ട്ടിയുടെ യുവനേതാവായ അഡ്വ. വി. മുരുകദാസനെ കളത്തിലിറക്കാനാണ് താല്പര്യപ്പെട്ടത്. 81-ാം വയസ്സിലാണ് ഈ തീരുമാനം.
സ്ഥാനമാനങ്ങള്‍ക്കും അധികാരത്തിനും വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍, സ്വന്തം കുടുംബത്തിന് വെളിയിലുള്ള യുവതലമുറയ്ക്കായി സീറ്റ് ഒഴിഞ്ഞുകൊടുക്കുന്ന കെ. ബാബുവിന്റെയും കെ. കൃഷ്ണന്‍കുട്ടിയുടെയും തീരുമാനങ്ങള്‍ തീര്‍ത്തും വ്യത്യസ്തവും മാതൃകാപരവുമാണ്. കൂടെയുള്ളവര്‍ മറ്റ് പല കാരണങ്ങള്‍ കൊണ്ടും പിന്മാറുമ്പോള്, ഇവര്‍ രണ്ടുപേരുമാണ് യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയത്തിലെ വ്യത്യസ്തരാകുന്നത്.



