ബിജെപിയില്‍ എല്ലാം നിശ്ചയിക്കുന്നത് ‘സൈക്കോ’ സ്വഭാവമുള്ള നേതാവ്; സന്ദീപ് വാചസ്പതിയെ ഹരിപ്പാട്ടേക്ക് മാറ്റിയതും ‘സൈക്കോ’?

നിയമസഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കേരള ബിജെപിയില്‍ പുകയുന്ന അസംതൃപ്തി പരസ്യമായ പൊട്ടിത്തെറിയിലേക്ക്. പാര്‍ട്ടിക്കുള്ളിലെ എല്ലാ തീരുമാനങ്ങളും കൈള്ളുന്നത് ‘സൈക്കോ’ സ്വഭാവമുള്ള ഒരു നേതാവാണെന്ന ആരോപണം ഗ്രൂപ്പ് വ്യത്യാസമില്ലാതെ ശക്തമായിരിക്കുകയാണ്. ഈ നേതാവിന്റെ ഏകപക്ഷീയമായ ഇടപെടലുകള്‍ക്കെതിരെ വിവിധ ഗ്രൂപ്പുകള്‍ കേന്ദ്ര നേതൃത്വത്തിനെ പരാതി അറിയിച്ചു കഴിഞ്ഞു

എന്നാല്‍ ബിജെപിയില്‍ അങ്ങനെയൊരു നേതാവ് ഇല്ലെന്നാണ് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ വാദം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം പ്രതീക്ഷിച്ച പോലെ വര്‍ദ്ധിച്ചില്ലെങ്കില്‍ രാജീവ് ചന്ദ്രശേഖറിന്റെ രാഷ്ട്രീയ ഭാവി തന്നെ പ്രതിസന്ധിയിലാകുമെന്ന മുന്നറിയിപ്പും ഗ്രൂപ്പ് മാനേജര്‍മാര്‍ നല്‍കുന്നുണ്ട്. നേരത്തെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിവി രാജേഷ് മേയറാകാതിരിക്കാന്‍ ചില ചരടു വലികള്‍ നടന്നിരുന്നു. ഇതിന് പിന്നിലും ഈ സൈക്കോ ആണെന്ന് വാര്‍ത്തകളെത്തി. പക്ഷേ ആ നീക്കം കേന്ദ്രം വെട്ടി. ഇതു തന്നെയാണ് ഇപ്പോഴും നടക്കുന്നതെന്നാണ് സൂചന.

ഏറ്റവും കൂടുതല്‍ വിവാദം ഉയരുന്നത് എ ക്ലാസ് മണ്ഡലമായ ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലാണ്. സന്ദീപ് വചസ്പതിയെയോ പി.എസ്. ശ്രീധരന്‍ പിള്ളയെയോ പ്രതീക്ഷിച്ചിരുന്ന മണ്ഡലത്തില്‍ ബി. ഗോപകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് സിപിഎമ്മുമായുള്ള ‘അഡ്ജസ്റ്റ്മെന്റ്’ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകരുടെ ആക്ഷേപം.

കുമ്മനം രാജശേഖരന്‍, എം.ടി. രമേശ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതും അണികള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. തൃശൂരില്‍ പത്മജ വേണുഗോപാലിനെ ഇറക്കി എം.ടി. രമേശിനെ വെട്ടിയത് അദ്ദേഹത്തെ ചൊടിപ്പിച്ചു. ഇതോടെ മത്സരരംഗത്ത് നിന്ന് മാറിനില്‍ക്കാന്‍ അദ്ദേഹം തീരുമാനിച്ചു.

ശബരിമല ഉള്‍പ്പെടുന്ന റാന്നി മണ്ഡലം ട്വന്റി ട്വന്റിക്ക് നല്‍കിയതും ആറന്മുളയില്‍ കുമ്മനത്തെ തഴഞ്ഞതും ആര്‍എസ്എസ് പ്രാദേശിക ഘടകങ്ങളെപ്പോലും ചൊടിപ്പിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയില്‍ സീറ്റ് നിഷേധിക്കപ്പെട്ട നോബിള്‍ മാത്യു വിമതനായി മത്സരിക്കാനൊരുങ്ങുന്നതും, ഗുരുവായൂരില്‍ കെ.കെ. സുമേഷ് കുമാര്‍ പാര്‍ട്ടി വിട്ടതും ബിജെപിക്ക് കനത്ത തിരിച്ചടിയാണ്.

മുതിര്‍ന്ന നേതാക്കളെയും ഗ്രൂപ്പുകളെയും പൂര്‍ണ്ണമായും നിശബ്ദമാക്കി രാജീവ് ചന്ദ്രശേഖര്‍ നടത്തുന്ന നീക്കങ്ങള്‍ വോട്ടെണ്ണിക്കഴിയുമ്പോള്‍ പാര്‍ട്ടിക്ക് വിനയാകുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top