അലുവ അതുലിനെ തീര്‍ത്തത് നിര്‍മ്മാതാവിന്റെ ക്വാറിയിലെ ഗൂഡാലോചന?

അലുവ അതുല്‍ വധക്കേസിലെ പ്രതികള്‍ക്ക് സിനിമാ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ ക്വാറിയില്‍ ഒളിത്താവളമൊരുക്കിയതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ബ്ലാക്ക് വിഷ്ണു, അനീര്‍, ഹുസൈന്‍, ഷിനു പീറ്റര്‍ എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ലിസ്റ്റിന്‍ സ്റ്റീഫന്റെയും ശബരിമല സുനില്‍ സ്വാമിയുടെയും ഉടമസ്ഥതയിലുള്ള കൊല്ലം വാളകത്തെ ‘ശിവശ ഗ്രാനൈറ്റ്സ്’ എന്ന ക്വാറിയിലാണ് കഴിഞ്ഞിരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഈ വിവരം പോലീസ് ബോധപൂര്‍വ്വം മറച്ചുവെക്കുകയായിരുന്നുവെന്ന ആക്ഷേപവും ശക്തമാണ്. അലുവ അതുലിന്റെ കൊലപാതക ഗൂഡാലോചന നടന്നതും ഈ ക്വാറിയിലാണെന്ന് സൂചനയുണ്ട്.

കൊലപാതകത്തിന് ഉപയോഗിച്ച വാഹനങ്ങള്‍ ദിവസങ്ങളോളം ഈ ക്വാറിയില്‍ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ കൊടുംക്രിമിനലുകള്‍ ക്വാറിയിലെ സ്ഥിരം സാന്നിധ്യമാണെന്നും ഇവര്‍ നാട്ടുകാരെ നിരന്തരം ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ടെന്നും വിവരമുണ്ട്. ജനുവരി പത്താം തീയതി ബ്ലാക്ക് വിഷ്ണുവിന്റെയും ഷിനു പീറ്ററിന്റെയും നേതൃത്വത്തിലുള്ള മുപ്പതോളം ഗുണ്ടകള്‍ നാട്ടുകാരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഈ ദൃശ്യങ്ങളില്‍ അതുല്‍ വധക്കേസിലെ പ്രതികളെ വ്യക്തമായി കാണാം. ഈ ക്വാറിയിലാണ് അലുവ അതുലിന്റെ കൊലപാതക ഗൂഡാലോചന നടന്നതെന്നാണ് സൂചന.

അതേസമയം, ക്വാറി തന്റേതാണെങ്കിലും അതിന്റെ നടത്തിപ്പുകാരന്‍ താനല്ലെന്നും കൊലപാതകത്തെക്കുറിച്ചോ ഗുണ്ടകളെക്കുറിച്ചോ തനിക്ക് അറിവില്ലെന്നുമാണ് ലിസ്റ്റിന്‍ സ്റ്റീഫന്റെ വിശദീകരണം. വാഹനങ്ങളുടെ കാര്യവും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാവിലെ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങുന്നതിനിടെയാണ് അതുലിനെ അക്രമിസംഘം വെട്ടിക്കൊന്നത്. ഹൈക്കോടതി ഉത്തരവ് പ്രകാരം എല്ലാ ശനിയാഴ്ചയും അതുല്‍ സ്റ്റേഷനില്‍ എത്തുമെന്ന കൃത്യമായ വിവരം മനസ്സിലാക്കിയാണ് പ്രതികള്‍ ആക്രമണം ആസൂത്രണം ചെയ്തത്. സ്റ്റേഷന് പുറത്ത് പലയിടങ്ങളിലായി നിലയുറപ്പിച്ച സംഘം, അതുല്‍ സ്റ്റേഷനില്‍ നിന്ന് ഇറങ്ങി 17 മിനിറ്റിനുള്ളില്‍ കൃത്യം നിര്‍വഹിക്കുകയായിരുന്നു. പ്രതികള്‍ക്ക് ഉന്നതതലത്തിലുള്ള സംരക്ഷണം ലഭിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന ആവശ്യം ഉയരുകയാണ്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top