കരുനാഗപ്പള്ളി: നടുറോഡില്‍ കാര്‍ ഇടിച്ചുതെറിപ്പിച്ചു ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട പകപോക്കലിന്റെയും കൃത്യമായ പ്ലാനിംഗിന്റെയും കഥയെന്ന് പോലീസ്. ജിം സന്തോഷ് വധക്കേസിലെ പ്രതിയായ അതുലിനെ വകവരുത്താന്‍ മുഖ്യപ്രതികളായ അനീറും ഹുസൈനും തക്കം പാര്‍ത്തിരിക്കുകയായിരുന്നുവെന്ന് വ്യക്തമായി.
കൊലപാതകത്തിന് പിന്നില്‍ ജിം സന്തോഷ് വധം മാത്രമല്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ജിം സന്തോഷ് കൊല്ലപ്പെട്ട അതേ ദിവസം തന്നെ അനീറിനെ വവ്വാക്കാവില്‍ വെച്ച് അതുലും സംഘവും ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതിനുപുറമെ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹുസൈനെ വീടുകയറി ആക്രമിച്ച സംഘത്തിലും അലുവ അതുല്‍ ഉള്‍പ്പെട്ടിരുന്നു. അന്ന് തങ്ങള്‍ക്കുണ്ടായ വ്യക്തിപരമായ പരിക്കുകള്‍ക്ക് പകരം വീട്ടാന്‍ ഇരുവരും ക്വട്ടേഷന്‍ സംഘത്തെ കൂട്ടുപിടിക്കുകയായിരുന്നു.
കൊലയാളികള്‍ക്ക് ഓരോ ചലനവും ചോര്‍ത്തി നല്‍കിയത് പോലീസാണെന്ന് കുടുംബം ആരോപിക്കുന്നു. ‘അതുലിനെ തീര്‍ക്കാന്‍ പോലീസിന്റെ എല്ലാ സഹായങ്ങളും ലഭിക്കും’ എന്ന് അനീര്‍ മുന്‍പ് വീമ്പു പറഞ്ഞിരുന്നതായി അതുലിന്റെ ബന്ധുക്കള്‍ വെളിപ്പെടുത്തി. ഇത് തെളിയിക്കാന്‍ നാല് പോലീസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഇവര്‍. എന്നാല്‍ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് പോലീസ് നിലപാട്.
കൊലയാളികള്‍ക്ക് അതുല്‍ അന്ന് കാര്‍ ഓടിക്കില്ലെന്നും ഇടതുവശത്തെ സീറ്റിലാണിരിക്കുന്നതെന്നും കൃത്യമായ വിവരം ലഭിച്ചിരുന്നു. ഇതുകൊണ്ടാണ് കാര്‍ ഇടിച്ചുതെറിപ്പിച്ച ശേഷം അതുല്‍ ഇരുന്ന വശത്തേക്ക് മാത്രം ആക്രമിസംഘം കേന്ദ്രീകരിച്ചത്. പോലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങുന്ന വഴിയില്‍ കൃത്യമായ ലൊക്കേഷന്‍ പ്രതികള്‍ക്ക് ലഭിച്ചത് സ്റ്റേഷനുള്ളില്‍ നിന്നാണെന്നും ബന്ധുക്കള്‍ ഉറച്ചു വിശ്വസിക്കുന്നു. കേസിലെ പത്ത് പ്രതികളെയും പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരിട്ട് പങ്കെടുത്ത കടത്തൂര്‍ സ്വദേശികളായ അനീര്‍ (വീരപ്പന്‍ അനീര്‍), വിഷ്ണു (ബ്ലാക്ക് വിഷ്ണു), നൗഫല്‍ (മണ്ണെണ്ണ നൗഫല്‍), ഹുസൈന്‍, ആഷിക്, ഷംനാദ് എന്നിവരെയും സഹായികളെയും മണിക്കൂറുകള്‍ക്കകം പോലീസ് വലയിലാക്കി. ഹരിയാന രജിസ്ട്രേഷനുള്ള വ്യാജ നമ്പറൊട്ടിച്ച കാറിലായിരുന്നു ആക്രമിസംഘം എത്തിയത്.
പോലീസിനെതിരെയുള്ള കുടുംബത്തിന്റെ ആരോപണങ്ങള്‍ ഗൗരവകരമാണെങ്കിലും സ്പെഷ്യല്‍ ബ്രാഞ്ച് പരിശോധനയില്‍ പ്രാഥമികമായി പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് നിഗമനം. കൂടെയുണ്ടായിരുന്നവര്‍ തന്നെ ചതിച്ചതാകാമെന്നാണ് പോലീസ് നിലപാട്. എങ്കിലും ഗൂഢാലോചനയില്‍ പോലീസുകാര്‍ക്ക് പങ്കുണ്ടോ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം തുടരുമെന്ന് കമ്മീഷണര്‍ എം. ഹേമലത വ്യക്തമാക്കി.



