അതുലിനെ കൊല്ലാന്‍ പൊലീസിന്റെ സഹായം ലഭിക്കുമെന്ന് അനീര്‍ മുന്‍പേ പറഞ്ഞിരുന്നു; സംഭവിച്ചത് അതുതന്നെ! കൊലയാളികള്‍ക്ക് ഓരോ ചലനവും ചോര്‍ത്തി നല്കി പൊലീസ്; ഇടതുസീറ്റിലിരുന്ന അതുലിനെ ഉന്നംവെച്ച് കാര്‍ ഇടിച്ചുതെറിപ്പിച്ചു; അലുവ അതുല്‍ വധത്തില്‍ പോലീസിനെതിരെ ആഞ്ഞടിച്ച് കുടുംബം; ആരോപണം തള്ളി പൊലീസ്; ഒപ്പമുള്ളവര്‍ തന്നെ ചതിച്ചെന്ന് നിഗമനം
കരുനാഗപ്പള്ളി: ഓച്ചിറ മഠത്തില്‍ക്കാരായ്മ സ്വദേശി അലുവ അതുല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെ പ്രതിക്കൂട്ടിലാക്കി കുടുംബം രംഗത്തെത്തിയതോടെ കേസ് പുതിയ വഴിത്തിരിവിലേക്ക്. അതുലിന്റെ നീക്കങ്ങള്‍ ഓരോന്നും കൊലയാളി സംഘത്തിന് ചോര്‍ത്തി നല്‍കിയത് പൊലീസുകാരാണെന്ന ഞെട്ടിപ്പിക്കുന്ന ആരോപണമാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. എന്നാല്‍, ഈ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളിയ പൊലീസ്, അതുലിനൊപ്പമുണ്ടായിരുന്നവര് തന്നെയാണ് വിവരങ്ങള്‍ അക്രമികള്‍ക്ക് കൈമാറിയതെന്ന നിഗമനത്തിലാണ്.
കൊലയാളികള്‍ക്ക് അതുലിന്റെ ഓരോ ചലനവും കൃത്യമായി ലഭിച്ചിരുന്നുവെന്നതാണ് കുടുംബത്തിന്റെ ആരോപണത്തിന്റെ കാതല്‍. സാധാരണയായി കാര്‍ ഓടിക്കാറുള്ള അതുല്‍, അന്ന് ഡ്രൈവിംഗ് സീറ്റിലല്ലായിരുന്നു. പകരം ഇടതുവശത്തെ സീറ്റിലായിരുന്നു ഇരുന്നത്. അതുല്‍ അന്ന് വണ്ടി ഓടിക്കില്ലെന്ന വിവരം പോലും കൊലയാളി സംഘത്തിന് നേരത്തെ ലഭിച്ചിരുന്നു. ഇതുകൊണ്ടാണ് വാഹനം പിന്തുടര്ന്നെത്തിയ സംഘം അതുല്‍ ഇരുന്ന ഇടതുവശം ലക്ഷ്യമാക്കി കാര്‍ ഇടിച്ചുതെറിപ്പിച്ചത്. കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീണതിന് പിന്നാലെ ഇടതുഭാഗം കേന്ദ്രീകരിച്ച് മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
മുഖ്യപ്രതി അനീര്‍ മുന്‍പ് തന്നെ അതുലിന്റെ ബന്ധുവിനോട് നടത്തിയ വെളിപ്പെടുത്തലും ഈ സംശയങ്ങള്‍ക്ക് ബലമേകുന്നു. അതുലിനെ തീര്‍ക്കാന്‍ പൊലീസിന്റെ എല്ലാ സഹായങ്ങളും തങ്ങള്‍ക്ക് ലഭിക്കുമെന്ന് അനീര്‍ വീമ്പു പറഞ്ഞിരുന്നതായും ഇതിന്റെ മൊഴി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. കൃത്യത്തിന് ഒത്താശ ചെയ്ത നാല് പൊലീസുകാരുടെ പേരുകളും കുടുംബം പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. പൊലീസിന്റെയും പ്രതികളുടെയും ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഈ ഗൂഢാലോചന പുറത്തുവരുമെന്നും പ്രതികള്‍ കീഴടങ്ങിയത് മുന്‍ധാരണ പ്രകാരമാണെന്നുമാണ് കുടുംബത്തിന്റെ വാദം.
അതേസമയം, പൊലീസിനെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. വിഷയത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് പ്രാഥമിക പരിശോധന നടത്തിയെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് നിഗമനം. അതുലിനൊപ്പം വാഹനത്തിലുണ്ടായിരുന്നവരിലോ അതല്ലെങ്കില്‍ വിശ്വസ്തരായ സുഹൃത്തുക്കളിലോ ഉള്ള ആരെങ്കിലും വിവരം ചോര്‍ത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഗുണ്ടാപ്പക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതുലിന്റെ ചലനങ്ങള്‍ ശത്രുക്കള്‍ നിരീക്ഷിച്ചിരുന്നുവെന്നും പൊലീസ് കരുതുന്നു.
കഴിഞ്ഞ ഏഴിന് ജാമ്യത്തിലിറങ്ങിയ അതുല്‍ കരുനാഗപ്പള്ളി സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങുമ്പോഴാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സ്റ്റേഷനില്‍ എത്തുന്നതും മടങ്ങുന്നതുമായ സമയം കൃത്യമായി അക്രമികള്‍ക്ക് ലഭിച്ചത് സ്റ്റേഷനുള്ളില്‍ നിന്നാണെന്ന് കുടുംബം ഉറച്ചു വിശ്വസിക്കുന്നു. വധഭീഷണി ഉണ്ടായിട്ടും സംരക്ഷണം നല്കാന് തയ്യാറാകാത്ത പൊലീസ്, ഗുണ്ടാപ്പകയ്ക്ക് കൂട്ടുനിന്നെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്ന ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ്.



