അലുവ അതുല്‍ കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് ഉണ്ടായിട്ടും കരുനാഗപ്പള്ളി പൊലിസ് വേണ്ടത്ര മുന്‍കരുതല്‍ എടുത്തില്ലെന്ന ഗുരുതരമായ ആക്ഷേപം ഉയരുന്നുണ്ട്. അതുല്‍ ജാമ്യത്തിലിറങ്ങിയാല്‍ ‘കടത്തൂര്‍ ടീം’ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ഒരാഴ്ച മുന്‍പേ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇരുസംഘങ്ങളും തമ്മില്‍ തെരുവ് യുദ്ധത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് അവഗണിച്ചതാണ് പൊലിസിന് തിരിച്ചടിയായത്.
കൊല്ലം കരുനാഗപ്പള്ളിയില്‍ കൊലക്കേസ് പ്രതിയായ അലുവ അതുലിനെ പട്ടാപ്പകല്‍ പിന്തുടര്ന്നെത്തി വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതികള്‍ ദിവസങ്ങള്‍ നീണ്ട ആസൂത്രണം നടത്തിയെന്ന് പൊലീസ് കണ്ടെത്തി. ജിം സന്തോഷ് കൊലക്കേസ് ഒന്നാം പ്രതിയായിരുന്ന അതുല്‍ ജാമ്യത്തിലിറങ്ങി ഒരാഴ്ച തികയുമ്പോഴാണ് സംഘം വകവരുത്തിയത്. ശനിയാഴ്ചകളില്‍ കരുനാഗപ്പള്ളി സ്റ്റേഷനില്‍ ഹാജരാകണമെന്ന ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ അക്രമികള്‍ മുതലെടുക്കുകയായിരുന്നു.
രാവിലെ 10.30-ഓടെ പൊലിസ് സ്റ്റേഷനിലെത്തി ഒപ്പിട്ട ശേഷം മടങ്ങിയ അതുലിന്റെ വാഹനത്തെ ഹരിയാന രജിസ്ട്രേഷനിലുള്ള ഇന്നോവ കാറിലെത്തിയ സംഘം പിന്തുടര്ന്നു. തുടര്‍ന്ന് വണ്ടി വശത്തെ കുഴിയിലേക്ക് തള്ളിയിട്ട ശേഷം കാറില്‍ നിന്നിറങ്ങിയ സംഘം അതുലിനെ ആയുധങ്ങള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ അതുലിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് മനുവിനും ഗുരുതരമായി പരുക്കേറ്റു. പ്രതികളുടെ സുഹൃത്തായ അനീറിനെ വധിക്കാന്‍ ശ്രമിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് എഫ്.ഐ.ആറിലെ വിവരങ്ങള്‍.
കൃത്യം നടന്ന് 12 മണിക്കൂറിനുള്ളില്‍ തന്നെ അതിസാഹസികമായി പൊലീസ് പ്രതികളെ വലയിലാക്കി. മുഖ്യപ്രതികളടക്കം പത്തുപേരാണ് പിടിയിലായത്. കൊലപാതകത്തിനു ശേഷം കാറില്‍ കൊല്ലത്തുനിന്നു കടന്നുകളഞ്ഞ ഇവര്‍ തമിഴ്നാട്ടിലേക്കു കടക്കാന്‍ ലക്ഷ്യമിട്ടാണ് മുണ്ടക്കയത്ത് എത്തിയത്. കോട്ടയം ജില്ലാ അതിര്‍ത്തി കടത്തിവിടില്ലെന്ന് പൊലീസും ഉറപ്പിച്ചതോടെ ഒരു സിനിമാ സ്റ്റൈല്‍ ചേസിങ്ങിനാണ് വഴിമാറിയത്.
മുണ്ടക്കയം ടൗണില്‍ വെച്ച് പൊലീസിനെ വെട്ടിച്ച് ഗൂഗിള്‍ മാപ്പും നോക്കി പുഞ്ചവയല്‍ റോഡിലൂടെ പോയ പ്രതികള്‍ പരിചയമില്ലാത്ത ചെറിയ റോഡില്‍ കുടുങ്ങി. കാര്‍ വരുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തി ഇവരെ തടഞ്ഞു വെക്കുകയും പിന്നാലെയെത്തിയ പൊലീസ് ഇവരെ പിടികൂടുകയുമായിരുന്നു. പ്രതികളെ പിടികൂടാന്‍ സഹായിച്ച നാട്ടുകാര്‍ക്ക് ഡിവൈഎസ്പി വിശാല്‍ ജോണ്സണ് കേരള പൊലീസിന്റെ നന്ദി രേഖപ്പെടുത്തി. നിലവില്‍ കൂടുതല്‍ പേര് കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.



