പുനലൂര്‍: ഒന്നിനു പുറകെ ഒന്നായി എത്തുന്ന പ്രതിസന്ധികളില്‍ ഉഴലുന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന് സ്വന്തം തട്ടകത്തില്‍ കനത്ത പ്രഹരം. പത്തനാപുരം എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ ഭരണസമിതി പെരുന്ന നേതൃത്വം പിരിച്ചുവിട്ടതോടെ ഗണേഷിനെ ജി. സുകുമാരന്‍ നായര്‍ പൂര്‍ണ്ണമായും കൈവിട്ടെന്ന സൂചനയാണ് പുറത്തുവരുന്നത്. പത്തനാപുരത്തെ പത്മാ കഫെ അഴിമതി ആരോപണം മുതല്‍ വാളകത്തെ കുടുംബപ്രശ്നങ്ങളും കൊട്ടാരക്കര കോടതിയിലെ സോളാര്‍ കേസും വരെ ഗണേഷിനെ വരിഞ്ഞുമുറുക്കുമ്പോള്‍, നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എന്‍.എസ്.എസിന്റെ ഈ നീക്കം മന്ത്രിക്കോട്ടയില്‍ വിള്ളലുണ്ടാക്കിയിരിക്കുകയാണ്.
പത്തനാപുരം യൂണിയന്റെ 64 വര്‍ഷത്തെ പാരമ്പര്യമുള്ള നേതൃത്വത്തില്‍ നിന്നാണ് ഗണേഷിനെ ഇപ്പോള്‍ പുറന്തള്ളിയിരിക്കുന്നത്. നാല് കോടി രൂപ ചെലവാക്കി നിര്‍മ്മിച്ച ‘പത്മ കഫെ’യിലെ സാമ്പത്തിക ക്രമക്കേടുകളാണ് പെരുന്നയെ പ്രകോപിപ്പിച്ചത്. ഗണേഷിന്റെ ഏകാധിപത്യത്തില്‍ പ്രതിഷേധിച്ച് 11 ഭരണസമിതി അംഗങ്ങള്‍ സുകുമാരന്‍ നായരുടെ നിര്‍ദ്ദേശപ്രകാരം ചങ്ങനാശ്ശേരിയിലെത്തി രാജിക്കത്ത് നല്‍കുകയായിരുന്നു. മുരാരി ബാബുവിനെ കൈവിട്ടതുപോലെ ഗണേഷിനെയും എന്‍.എസ്.എസ് നേതൃത്വം അതിവേഗം ഉപേക്ഷിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്. യൂണിയന്‍ തന്റെ അച്ഛന്‍ ഉണ്ടാക്കിയതാണെന്ന ഗണേഷിന്റെ അവകാശവാദം കരയോഗം അംഗങ്ങള്‍ക്കിടയില്‍ വലിയ അമര്‍ഷമുണ്ടാക്കിയിരുന്നു.
വെറുമൊരു ഭരണസമിതി പിരിച്ചുവിടല്‍ മാത്രമല്ല ഇത്. വാളകത്ത് ഭാര്യയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും വിവാദങ്ങളും മന്ത്രിക്കുണ്ടാക്കിയ പ്രതിച്ഛായ മങ്ങല്‍ ചെറുതല്ല. ഇതിനു പുറമെ കൊട്ടാരക്കര കോടതിയില്‍ സോളാര്‍ ഗൂഢാലോചന കേസിലെ വിചാരണയും ഗണേഷിന് തലവേദനയായി തുടരുന്നു. രാഷ്ട്രീയ എതിരാളികള്‍ ഈ വിഷയങ്ങളെല്ലാം ആയുധമാക്കുമ്പോള്‍, ഒപ്പം നിന്നിരുന്ന സമുദായ സംഘടന കൂടി പിണങ്ങിയത് വലിയ തിരിച്ചടിയാണ്. ഇതിനിടെ ഭാര്യയ്ക്ക് ചില സര്‍ക്കാര്‍ കരാര്‍ ക്ിട്ടിയതുമായി ബന്ധപ്പെട്ടും വിവാദങ്ങളുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ പത്തനാപുരത്ത് ഇത്തവണ ഗണേഷിന് ജയിച്ചേ മതിയാകൂ. എന്നാല്‍ എന്‍.എസ്.എസ് ഔദ്യോഗികമായി കൈവിട്ടതോടെ അടിത്തറ ഇളകുമോ എന്ന ഭയത്തിലാണ് എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍. 148 കരയോഗങ്ങളുള്ള, സംസ്ഥാനത്തെ ഏറ്റവും വലിയ ആസ്തിയുള്ള യൂണിയന്‍ ഭരണത്തില്‍ നിന്ന് പുറത്തായതോടെ താലൂക്കിലെ വോട്ടുബാങ്കിലും ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്ന് ഉറപ്പാണ്.
അഡ്‌ഹോക്ക് കമ്മിറ്റി ചുമതലയേറ്റെടുത്തതോടെ യൂണിയന്‍ ആസ്ഥാനത്തെ ഗണേഷിന്റെ അപ്രമാദിത്വത്തിന് അറുതിയായിരിക്കുകയാണ്. ഈ രാഷ്ട്രീയ അഗ്നിപരീക്ഷയെ ഗണേഷ് എങ്ങനെ അതിജീവിക്കുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്.



