ആക്കുളം പാലത്തില്‍ ‘എംഎല്‍എ കുരുക്ക്’; വി.കെ. പ്രശാന്തിന്റെ സൊസൈറ്റിക്കെതിരെ വിജിലന്‍സ്; വീണയുടെ പോരാട്ടം അന്വേഷണമാകുമ്പോള്‍

തിരുവനന്തപുരം: ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ കണ്ണാടിപ്പാലം കരാറിലും അഡ്വഞ്ചര്‍ പാര്‍ക്ക് നിര്‍മ്മാണത്തിലും വന്‍ ക്രമക്കേടെന്ന് വിജിലന്‍സ് കണ്ടെത്തല്‍. വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്ത് ചീഫ് പ്രമോട്ടറായ ‘വൈബ്‌കോസ്’ (വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് ഒന്‍ട്രപ്രണേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി) എന്ന സൊസൈറ്റിക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് കരാര്‍ നല്‍കിയെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം. സംഭവത്തില്‍ കൂടുതല്‍ പരിശോധന ആവശ്യപ്പെട്ട് പൂജപ്പുര വിജിലന്‍സ് യൂണിറ്റ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വീണ എസ്. നായരാണ് അഴിമതി ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്.

2022-ല്‍ ഡിടിപിസി പുറപ്പെടുവിച്ച ടെന്‍ഡര്‍ വ്യവസ്ഥകള്‍ എംഎല്‍എയുടെ സൊസൈറ്റിക്ക് വേണ്ടി കാറ്റില്‍ പറത്തിയെന്നാണ് പ്രധാന ആരോപണം. ടെന്‍ഡറില്‍ പങ്കെടുക്കാന്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും വര്‍ഷം 10 ലക്ഷം രൂപ വിറ്റുവരവും വേണമെന്നായിരുന്നു നിബന്ധന. എന്നാല്‍ 2021 ഓഗസ്റ്റില്‍ മാത്രം രജിസ്റ്റര്‍ ചെയ്ത വൈബ്‌കോസിന് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം പോലും ഉണ്ടായിരുന്നില്ല. ഈ അയോഗ്യത മറച്ചുവെച്ചാണ് അതീവ സുരക്ഷ വേണ്ട അഡ്വഞ്ചര്‍ ടൂറിസം പദ്ധതിയുടെ കരാര്‍ സൊസൈറ്റി സ്വന്തമാക്കിയത്.

കണ്ണാടിപ്പാലം നിര്‍മ്മാണത്തില്‍ മുന്‍പരിചയമില്ലാത്ത വൈബ്‌കോസിനെ സഹായിക്കാന്‍ ടൂറിസം വകുപ്പിലെ ഉന്നതര്‍ ഇടപെട്ടതായും പരാതിയിലുണ്ട്. സൊസൈറ്റിക്ക് മാത്രം പങ്കെടുക്കാന്‍ കഴിയുന്ന വിധത്തില്‍ ടെന്‍ഡര്‍ വ്യവസ്ഥകളില്‍ അട്ടിമറി നടത്തി. 4.5 കോടി രൂപ വരെ വാര്‍ഷിക വരുമാനം ലഭിക്കാവുന്ന പദ്ധതിയാണിത്. ഉദ്ഘാടനത്തിന് മുന്‍പേ പാലത്തിലെ ഗ്ലാസ് പൊട്ടിയത് നേരത്തെ വലിയ വിവാദമായിരുന്നു. എംഎല്‍എ നേതൃത്വം നല്‍കുന്ന സൊസൈറ്റിയായതിനാല്‍ കരാര്‍ നല്‍കണമെന്ന് വൈബ്‌കോസ് സെക്രട്ടറി ഡിടിപിസിക്ക് അയച്ച കത്തും വിജിലന്‍സ് പിടിച്ചെടുത്തു.

എംഎല്‍എയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണോ ഉദ്യോഗസ്ഥര്‍ വഴിവിട്ട സഹായം നല്‍കിയതെന്ന് വിജിലന്‍സ് പരിശോധിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ രേഖകള്‍ പിടിച്ചെടുക്കുന്നതോടെ അന്വേഷണം ഉന്നത തലത്തിലേക്ക് നീങ്ങാനാണ് സാധ്യത.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top