ഇറാന്‍ തിരിച്ചടിക്കും; ഹോര്‍മൂസ് കത്തുമോ? ട്രംപിന്റെ പ്രഹരത്തില്‍ ഖാര്‍ഗ് ദ്വീപ് തകര്‍ന്നു; ഗള്‍ഫില്‍ ആശങ്ക

വാഷിങ്ടണ്‍: പശ്ചിമേഷ്യയെ പിടിച്ചുലച്ച് ഇറാന്റെ എണ്ണക്കയറ്റുമതിയുടെ ‘ഹൃദയ’മായ ഖാര്‍ഗ് ദ്വീപിനുനേരെ അമേരിക്കയുടെ സംഹാരരുദ്രമായ ആക്രമണം. ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും നിയന്ത്രിക്കുന്ന തന്ത്രപ്രധാനമായ ഈ പവിഴപ്പുറ്റ് ദ്വീപിലെ സൈനിക കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും തകര്‍ത്തതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. മിഡില്‍ ഈസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബോംബാക്രമണമെന്നാണ് ഇതിനെ ട്രംപ് വിശേഷിപ്പിച്ചത്.

എന്നാല്‍, തങ്ങളുടെ എണ്ണനിലയങ്ങള്‍ തൊട്ടാല്‍ പശ്ചിമേഷ്യയിലെ അമേരിക്കന്‍ താല്‍പ്പര്യമുള്ള എല്ലാ എണ്ണക്കമ്പനികളെയും ചാരമാക്കുമെന്ന് ഇറാന്‍ തിരിച്ചടിച്ചതോടെ ഗള്‍ഫ് മേഖല അതീവ ജാഗ്രതയിലാണ്. ബുഷെര്‍ തീരത്തുനിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഈ ചെറിയ ദ്വീപിന് മേല്‍ അമേരിക്ക കണ്ണുവെച്ചത് കൃത്യമായ ലക്ഷ്യത്തോടെയാണ്. ഇറാന്റെ മൊത്തം എണ്ണക്കയറ്റുമതിയുടെ ജീവനാഡി ഖാര്‍ഗ് ദ്വീപാണ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കപ്പലുകള്‍ക്ക് (ULCC) സുരക്ഷിതമായി അടുക്കാന്‍ കഴിയുന്ന ആഴക്കടല്‍ സൗകര്യമുള്ള ഇവിടെ പ്രതിദിനം 70 ലക്ഷം ബാരല്‍ എണ്ണ ലോഡ് ചെയ്യാന്‍ ശേഷിയുണ്ട്.

ഈ സിരാകേന്ദ്രം തകര്‍ക്കുന്നതോടെ ഇറാന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കാമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടല്‍. സൈനിക കേന്ദ്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ തകര്‍ത്തതെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും, ഹോര്‍മൂസ് കടലിടുക്കില്‍ കപ്പല്‍ നീക്കം തടയാന്‍ ഇറാന്‍ തുനിഞ്ഞാല്‍ എണ്ണപ്പാടങ്ങളും റിഫൈനറികളും തകര്‍ക്കുമെന്ന ഭീഷണി ആഗോള വിപണിയെ വിറപ്പിക്കുന്നുണ്ട്. തങ്ങള്‍ക്കുനേരെയുള്ള ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ സൈനിക വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുമായി ബന്ധമുള്ള എല്ലാ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളും ചാരമാക്കുമെന്നാണ് ഇറാന്റെ ഭീഷണി.

ഇതിനിടെ, ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയിയെ കണ്ടെത്താന്‍ അമേരിക്ക 92 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചത് സംഘര്‍ഷത്തിന്റെ ആഴം കൂട്ടുന്നു. ഇസ്രയേല്‍-യുഎസ് ആക്രമണത്തില്‍ മുജ്തബയ്ക്ക് പരിക്കേറ്റതായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി വെളിപ്പെടുത്തിയത് ഇറാന്റെ ഭരണസിരാകേന്ദ്രങ്ങളെ പ്രകോപിപ്പിച്ചിരിക്കുകയാണ്. പശ്ചിമേഷ്യ കത്തുമ്പോഴും തന്ത്രപ്രധാനമായ ഹോര്‍മൂസ് കടലിടുക്കിലൂടെ ഇന്ത്യന്‍ എല്‍പിജി കപ്പല്‍ ‘ശിവാലിക്’ സുരക്ഷിതമായി കടന്നുപോയത് ആശ്വാസമായി. ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ കപ്പലിന് കനത്ത സുരക്ഷയൊരുക്കിയിരുന്നു.

ഇന്ത്യ ഇറാന്റെ വിശ്വസ്ത സുഹൃത്താണെന്നും ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഭീഷണിയില്ലെന്നും ഇറാന്‍ അംബാസഡര്‍ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ഹോര്‍മൂസ് കടലിടുക്ക് വഴി യുദ്ധക്കപ്പലുകളും എണ്ണക്കപ്പലുകളും ഒരുപോലെ നീങ്ങുന്നത് ലോകം ശ്വാസമടക്കിപ്പിടിച്ചാണ് നോക്കുന്നത്. സംഘര്‍ഷം അയഞ്ഞില്ലെങ്കില്‍ ആഗോള ഊര്‍ജ്ജ വിതരണ ശൃംഖല പൂര്‍ണ്ണമായും സ്തംഭിച്ചേക്കാം.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top