ചെന്നിത്തലയുടെ മാന്ത്രിക സ്പര്‍ശം; സുധാകരന്‍ ശാന്തനാകുമോ? കണ്ണൂരില്‍ ചതുരംഗക്കളി; കെസിയുടെ ‘കൈ’യൊതുക്കത്തിന് സുധാകരന്റെ വെട്ട്; ചെന്നിത്തലയുടെ ഫോണ്‍വിളിയില്‍ പ്രതീക്ഷ

കണ്ണൂര്‍: അങ്കത്തട്ടില്‍ പയറ്റിയ പടമുറകളുമായി കണ്ണൂരിലെ ‘സിംഹം’ വീണ്ടും ഗര്‍ജ്ജിക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി കണ്ണൂര്‍ കോണ്‍ഗ്രസില്‍ അണപൊട്ടിയ ഗ്രൂപ്പ് വൈരം തെരുവിലേക്ക് പടരുകയാണ്. എ.ഐ.സി.സി. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ചാണക്യനീക്കങ്ങളെ അതേ നാണയത്തില്‍ തിരിച്ചടിച്ച് കെ. സുധാകരന്‍ നിലപാട് കടുപ്പിച്ചതോടെ ഹൈക്കമാന്‍ഡ് അക്ഷരാര്‍ത്ഥത്തില്‍ വിയര്‍ക്കുകയാണ്. ഇരിക്കൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞതവണ സജീവ് ജോസഫിനെ ഇറക്കി സുധാകരന്റെ കോട്ടയില്‍ വിള്ളലുണ്ടാക്കിയ കെ.സി, ഇക്കുറി കണ്ണൂര്‍ നഗരത്തിലും സ്വന്തം നോമിനിയെ പ്രതിഷ്ഠിക്കാന്‍ നീക്കം തുടങ്ങിയതാണ് പൊട്ടിത്തെറിക്ക് കാരണമായത്.

ഒരിക്കല്‍ സുധാകരന്റെ വിശ്വസ്തനും നിഴലുമായിരുന്ന മുന്‍ മേയര്‍ ടി.ഒ. മോഹനനെ തന്റെ പാളയത്തിലെത്തിച്ച് സ്ഥാനാര്‍ത്ഥിയാക്കാനാണ് കെ.സി. വേണുഗോപാല്‍ കരുക്കള്‍ നീക്കുന്നത്. തന്റെ തട്ടകത്തില്‍ തന്നെ വെല്ലുവിളിക്കാന്‍ നോക്കിയാല്‍ അടങ്ങിയിരിക്കില്ലെന്ന വാശിയിലാണ് സുധാകരന്‍. സുധാകരന്‍ നിര്‍ദ്ദേശിച്ച അമൃത രാമകൃഷ്ണനെ വെട്ടി മോഹനനായി കെ.സി. ഉറച്ചുനില്‍ക്കുന്നതാണ് ശീതയുദ്ധം തെരുവിലെത്തിച്ചത്. തന്റെ ആധിപത്യം തകര്‍ക്കാന്‍ കെ.സി. വേണുഗോപാല്‍ തയ്യാറാക്കിയ തിരക്കഥയാണ് ഇതെന്ന് സുധാകരന്‍ ഉറച്ചു വിശ്വസിക്കുന്നു.

വിഷയം കൈവിട്ടുപോകുമെന്ന് കണ്ടതോടെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല നയതന്ത്ര നീക്കങ്ങളുമായി രംഗത്തിറങ്ങി. സുധാകരനെ നേരിട്ട് ഫോണില്‍ വിളിച്ച ചെന്നിത്തല, കടുത്ത നിലപാടുകളില്‍ നിന്ന് പിന്മാറണമെന്ന് അഭ്യര്‍ത്ഥിച്ചു. ‘തല്‍ക്കാലം മാധ്യമങ്ങളെ കാണരുത്, നമുക്ക് പരിഹരിക്കാം’ എന്ന ചെന്നിത്തലയുടെ വാക്കിന് സുധാകരന്‍ വിലകൊടുക്കുന്നുണ്ടെങ്കിലും കണ്ണൂര്‍ സീറ്റില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുതന്നെയാണ് അദ്ദേഹം. സുധാകരനെ കണ്ണൂരില്‍ മത്സരിപ്പിക്കണമെന്ന ചെന്നിത്തലയുടെ ഉറച്ച നിലപാട് ഹൈക്കമാന്‍ഡിനും ഒരുപോലെ ആശ്വാസവും വെല്ലുവിളിയുമാണ്.

തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സുധാകരന്‍ ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല. കണ്ണൂര്‍ സീറ്റില്‍ മത്സരിക്കാന്‍ ഉറപ്പ് ലഭിക്കാതെ ഡല്‍ഹിക്ക് വണ്ടി കയറില്ലെന്ന കടുത്ത വാശിയിലാണ് അദ്ദേഹം. കെ.പി.സി.സി. അധ്യക്ഷസ്ഥാനത്ത് നിന്ന് തന്നെ ഇറക്കിവിട്ട രീതി സുധാകരന്റെ മനസ്സില്‍ വലിയ മുറിവായി അവശേഷിക്കുന്നുണ്ട്. ഹൈബി ഈഡന്റെ ‘എം.പിമാര്‍ മത്സരിക്കേണ്ട’ എന്ന പ്രസ്താവന സുധാകരനെ ഒതുക്കാനുള്ള കെസി പക്ഷത്തിന്റെ ഗൂഢനീക്കമാണെന്ന് അദ്ദേഹത്തിന്റെ അണികള്‍ പരസ്യമായി ആരോപിക്കുന്നു.

കണ്ണൂരിലെ തന്റെ വീട്ടില്‍ അണികളുടെ നടുവിലാണ് സുധാകരന്‍ ഇപ്പോള്‍. സണ്ണി ജോസഫും ഡി.സി.സി. നേതൃത്വവും തന്നെ ഒറ്റപ്പെടുത്തുന്നു എന്ന പരാതിയും അദ്ദേഹത്തിനുണ്ട്. കണ്ണൂരിലെ ഈ ഗര്‍ജ്ജിക്കുന്ന സിംഹത്തെ മെരുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഏത് ഫോര്‍മുല ഇറക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. മുറിവേറ്റ സുധാകരന്റെ മനസ്സ് മാറ്റാന്‍ ചെന്നിത്തലയുടെ നയതന്ത്ര നീക്കങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഹൈക്കമാന്‍ഡ്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top