ശബരിമലയില്‍ സെയ്ഫ് ഗെയിം; വിഎസില്‍ ‘അഭയം തേടാന്‍’ പിണറായി

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശ വിഷയത്തില്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തെ പഴയ നിലപാടിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ നീക്കം. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മതപണ്ഡിതര്‍ തീരുമാനമെടുക്കട്ടെ എന്ന തന്ത്രപരമായ നിലപാടിലേക്കാണ് രണ്ടാം പിണറായി സര്‍ക്കാരും നീങ്ങുന്നത് എന്ന സൂചനകളാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാക്കുകളിലുള്ളത്.

യുവതീപ്രവേശത്തെ നേരിട്ട് അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാതെ, നിയമപരമായ വഴിയിലൂടെ വിശ്വാസികളുടെ വികാരം കൂടി പരിഗണിച്ചുള്ള ‘സേഫ് ഗെയിമി’നാണ് പാര്‍ട്ടി ഇപ്പോള്‍ മുതിരുന്നത്. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും സിപിഎം എല്ലാക്കാലത്തും വിശ്വാസികള്‍ക്കൊപ്പമാണെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലുള്ള ഏഴ് ചോദ്യങ്ങളില്‍ യുവതീപ്രവേശം നേരിട്ട് വരുന്നില്ലെന്നും, ഇത് എല്ലാ മതവിഭാഗങ്ങളെയും ബാധിക്കുന്ന ഭരണഘടനാപരമായ പരിശോധനയാണെന്നുമാണ് പാര്‍ട്ടിയുടെ പുതിയ ലൈന്‍. മുന്‍പ് യുവതീപ്രവേശത്തെ ശക്തമായി അനുകൂലിച്ചും നവോത്ഥാന മതിലുകള്‍ തീര്‍ത്തും മുന്നോട്ടുപോയ സിപിഎം, നിലവിലെ സാമൂഹ്യ പരിതസ്ഥിതിയും വിശ്വാസികളുടെ എതിര്‍പ്പും കണക്കിലെടുത്താണ് നിലപാട് മയപ്പെടുത്തുന്നത്.

ആചാരങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ പണ്ഡിതരും വിദഗ്ധരുമായി ചര്‍ച്ച നടത്തി വേണം തീരുമാനമെടുക്കാന്‍ എന്ന ഗോവിന്ദന്റെ പ്രസ്താവന, വിഎസ് സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലെ അതേ നിലപാടിന്റെ ആവര്‍ത്തനമാണ്. വിശ്വാസികളുടെ വികാരം മാനിച്ചുകൊണ്ട് ഫലപ്രദമായ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുക വഴി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വിശ്വാസി വോട്ടുകള്‍ ഉറപ്പിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം കൂടി ഇതിനുപിന്നിലുണ്ട്. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്ന കടുത്ത നിലപാട് തിരുത്താന്‍ ഒരുങ്ങുന്നതായി സൂചന. യുവതീപ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള മുന്‍ നിലപാടുമായി ഇനി മുന്നോട്ടുപോകുന്നത് രാഷ്ട്രീയമായും ഭരണപരമായും വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന പാര്‍ട്ടി വിലയിരുത്തലിനെത്തുടര്‍ന്നാണ് ഈ നീക്കം. സുപ്രീം കോടതിയില്‍ നേരത്തെ നല്‍കിയ സത്യവാങ്മൂലം മാറ്റുന്ന കാര്യത്തിലും സര്‍ക്കാരില്‍ ചര്‍ച്ചകള്‍ സജീവമാണ്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും കണക്കിലെടുത്ത് വിശ്വാസി സമൂഹത്തെ ഒപ്പം നിര്‍ത്താനാണ് സിപിഎം ലക്ഷ്യമിടുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തിരഞ്ഞെടുപ്പ് ഫലങ്ങളെ ദോഷകരമായി ബാധിച്ചുവെന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു. അയ്യപ്പ സംഗമം പോലുള്ള പ്രതിഷേധങ്ങള്‍ സൃഷ്ടിച്ച ആഘാതം മറികടക്കാന്‍ ‘വിശ്വാസികള്‍ക്കൊപ്പം’ എന്ന പൊതുനിലപാട് സ്വീകരിക്കുന്നതാണ് ഉചിതമെന്ന ധാരണയിലാണ് നേതൃത്വം. മുന്‍പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വിഷയത്തില്‍ സമാനമായ നിലപാട് മാറ്റം വരുത്തിയിരുന്നു. നിലപാട് മാറ്റുന്നത് അണികള്‍ക്കിടയില്‍ വിശദീകരിക്കേണ്ടി വരുമെങ്കിലും, നിലവിലെ സാഹചര്യത്തില്‍ കടുംപിടുത്തം ഒഴിവാക്കി തന്ത്രപരമായ പിന്മാറ്റത്തിനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top