ഗണേഷനും ഭാര്യയും അഴിമതി കേസില്‍ അകത്താകുമോ? വിജിലന്‍സ് അന്വേഷണം വരുമോ? മന്ത്രി ഗണേഷനും ഭാര്യയും പുതിയ കരുക്കില്‍

കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന പുതിയ അഴിമതി വിവാദത്തില്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറും ഭാര്യ ബിന്ദു മേനോനും വിജിലന്‍സ് നിഴലിലേക്ക്. മില്‍മയുടെയും കേരഫെഡിന്റെയും വിദേശ വിപണന കരാറുകള്‍ ചട്ടവിരുദ്ധമായി സ്വന്തം കുടുംബത്തിന്റെ കമ്പനിക്ക് നല്‍കിയെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ, മന്ത്രിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. പത്തനാപുരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജ്യോതികുമാര്‍ ചാമക്കാല എത്തിയതോടെ ഈ വിവാദം രാഷ്ട്രീയമായി കത്തിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

മന്ത്രിയുടെ ഔദ്യോഗിക വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ‘മിഡ്‌നൈറ്റ് സണ്‍ ഗ്ലോബല്‍’ എന്ന കമ്പനിക്ക് വേണ്ടിയാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വഴിവിട്ട നീക്കങ്ങള്‍ നടന്നത്. യാതൊരുവിധ ടെന്‍ഡറോ വിജ്ഞാപനമോ ഇല്ലാതെയാണ് കേരഫെഡ് വെളിച്ചെണ്ണയുടെയും മില്‍മയുടെയും വിദേശ വിതരണാവകാശം മന്ത്രിപത്നി സി.ഇ.ഒ ആയ കമ്പനിക്ക് എഴുതി നല്‍കിയത്. സാധാരണ മൊത്ത വ്യാപാരികള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ 15 ശതമാനം അധിക കമ്മീഷന്‍ ഉറപ്പാക്കാന്‍ ഉന്നതതല സമ്മര്‍ദ്ദമുണ്ടായെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ ഇത് വ്യക്തമായ അഴിമതിയാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഭരണഘടനാപരമായ പദവിയിലിരിക്കുന്ന മന്ത്രി തന്റെ അധികാരം ദുരുപയോഗം ചെയ്ത് കുടുംബാംഗത്തിന് സാമ്പത്തിക ലാഭമുണ്ടാക്കി കൊടുത്തത് സ്വജനപക്ഷപാതത്തിന്റെ പരിധിയില്‍ വരും. ടെന്‍ഡര്‍ നടപടികളില്ലാതെയാണ് കരാര്‍ നല്‍കിയതെന്ന് മില്‍മ ചെയര്‍മാന്‍ തന്നെ സമ്മതിച്ചത് ഗണേഷ് കുമാറിന് നിയമപരമായി തിരിച്ചടിയാകും. മന്ത്രിക്കും ഭാര്യയ്ക്കുമെതിരെ വരും ദിവസങ്ങളില്‍ വിജിലന്‍സിന് ഔദ്യോഗിക പരാതി നല്‍കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.

വാളകത്തെ പഴയ വിവാദങ്ങള്‍ക്കൊപ്പം പുതിയ ‘കുടുംബ അഴിമതി’ കൂടി ചര്‍ച്ചയാകുന്നതോടെ പത്തനാപുരം മണ്ഡലം രാഷ്ട്രീയ പോര്‍ക്കളമായി മാറിയിരിക്കുകയാണ്. ജ്യോതികുമാര്‍ ചാമക്കാല ഈ വിഷയം നേരിട്ട് ഏറ്റെടുത്തതോടെ ഗണേഷ് കുമാറിന് ഇത് നിലനില്‍പ്പിന്റെ പോരാട്ടമായി മാറും. മന്ത്രിയും ഭാര്യയും അഴിമതി കേസില്‍ പ്രതികളാകുമോ എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top