1975-ല്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ തലസ്ഥാനത്ത് പ്രകടനം നടത്തി; അന്നത്തെ പോലീസ് മര്‍ദ്ദനത്തിനിടെ വാച്ച് പൊട്ടിയതിന് ശേഷം ഇതുവരെ വാച്ച് കെട്ടിയിട്ടില്ലാത്ത സുധാകരന്‍; ‘ശുദ്ധിക്രിയ’ നടത്തിയ തന്ത്രിയെ ‘ബ്രാഹ്‌മണ രാക്ഷസന്‍’ എന്ന് വിശേഷിപ്പിച്ച മന്ത്രി; സുധാകരന്‍ വീണ്ടും വിജയി ആകുമോ?

തിരുവനന്തപുരം: കറപുരളാത്ത വ്യക്തിമൂല്യങ്ങള്‍ മുറുകെപ്പിടിച്ചും വഴിതെറ്റുന്ന സംഘടനാ ശൈലികളോട് കലഹിച്ചും ആറര പതിറ്റാണ്ടോളം നീണ്ട പാര്‍ട്ടി ബന്ധം അറുത്തുമാറ്റി ജി. സുധാകരന്‍ സി.പി.എമ്മില്‍ നിന്ന് പുതിയ സമരവഴിയിലേക്ക് നടന്നിറങ്ങുന്നു. 1975-ല്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ തലസ്ഥാനത്ത് പ്രകടനം നടത്തിയതിന് ജയില്‍വാസമനുഭവിക്കുകയും, അന്നത്തെ പോലീസ് മര്‍ദ്ദനത്തിനിടെ വാച്ച് പൊട്ടിയതിന് ശേഷം ഇതുവരെ വാച്ച് കെട്ടിയിട്ടില്ലാത്ത സുധാകരന്‍, അതേ വിട്ടുവീഴ്ചയില്ലാത്ത നിലപാടോടെയാണ് പാര്‍ട്ടിയുടെ പടിയിറങ്ങുന്നത്.

2016-2021 കാലയളവില്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെ, ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ നടയടച്ച് ‘ശുദ്ധിക്രിയ’ നടത്തിയ തന്ത്രിയെ ‘ബ്രാഹ്‌മണ രാക്ഷസന്‍’ എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. നിലപാടുകളിലെ ഈ കാര്‍ക്കശ്യവും സ്വന്തമായ ശൈലിയുമാണ് ഒടുവില്‍ സുധാകരനെ പാര്‍ട്ടിയുമായി വേര്‍പിരിയുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുന്നത്. എസ്.എഫ്.ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റായി സി.പി.എം ജനറല്‍ സെക്രട്ടറി എം.എം. ബേബിക്ക് ഉള്‍പ്പെടെ അംഗത്വം നല്‍കിയ സുധാകരന്‍, 40 വര്‍ഷത്തോളം സംസ്ഥാന കമ്മിറ്റിയിലുണ്ടായിട്ടും ഒരിക്കല്‍ പോലും സെക്രട്ടേറിയറ്റില്‍ എത്തിയില്ല.

തനിക്ക് ശേഷം വന്നവര്‍ ഉയര്‍ന്ന പദവികളിലെത്തിയിട്ടും പരാതിയില്ലാതെ പ്രവര്‍ത്തിച്ച അദ്ദേഹം കായംകുളം, അമ്പലപ്പുഴ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് അഞ്ച് തവണ നിയമസഭയിലെത്തി. 2006-ലെ ദേവസ്വം മന്ത്രിയായിരിക്കെ ദളിതരെ പൂജാരിമാരായി നിയമിച്ച ‘നിശബ്ദ വിപ്ലവം’ ഉള്‍പ്പെടെ നിരവധി ഭരണപരിഷ്‌കാരങ്ങള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. എന്നാല്‍, 2021-ലെ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ സീറ്റ് നിഷേധിക്കപ്പെട്ടതും, തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പ് വീഴ്ചയുടെ പേരിലുള്ള അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും സുധാകരനെ മാനസികമായി തളര്‍ത്തി.

എച്ച്. സലാമിന് വേണ്ടി പ്രചാരണത്തില്‍ സജീവമായില്ലെന്ന പരാതി അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ പരസ്യമായി ശാസിച്ചിരുന്നു. ഇതും തുടര്‍ന്ന് വന്ന പ്രായപരിധി നിബന്ധനയില്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതും സുധാകരനെ പാര്‍ട്ടി വേദികളില്‍ നിന്ന് അകറ്റി. എളമരം കരീം തയ്യാറാക്കിയ റിപ്പോര്‍ട്ട് കള്ളമാണെന്ന് തുറന്നടിച്ച അദ്ദേഹം, പാര്‍ട്ടിയിലെ തിരുത്തല്‍ ശക്തിയാകാന്‍ ഇനിയും സജീവമായിരിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ആറര പതിറ്റാണ്ടിന്റെ ചുവപ്പ് ചരിത്രമുള്ള ഒരു നേതാവ് ഇത്രയും കയ്പ്പേറിയ അനുഭവങ്ങളുമായി പുറത്തുപോകുന്നത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് വലിയ വെല്ലുവിളിയാകുമെന്നുറപ്പാണ്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top