കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ തകിടം മറിച്ചതോടെ രാജ്യം മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലേക്ക്. വാണിജ്യ സിലിണ്ടറുകളുടെ വിതരണം പൂര്‍ണ്ണമായും നിലച്ചതോടെ ഹോട്ടലുകളും തട്ടുകടകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. എന്നാല്‍ ഈ ‘ഇന്ധന യുദ്ധത്തെ’ തോല്‍പ്പിക്കാന്‍ സോളാര്‍ ഊര്‍ജ്ജത്തിലേക്ക് മാറേണ്ടതിന്റെ അനിവാര്യതയാണ് ഈ സാഹചര്യം വ്യക്തമാക്കുന്നത്.
വാണിജ്യ സിലിണ്ടറുകള്‍ കിട്ടാതായതോടെ കൊച്ചിയിലെ എണ്ണായിരത്തോളം ഹോട്ടലുകളും ആയിരക്കണക്കിന് തട്ടുകടകളും ഇരുട്ടിലായി. വിറകടുപ്പുകള്‍ക്ക് നഗരസഭയുടെ വിലക്കുള്ളതിനാല്‍ പാചകം പൂര്‍ണ്ണമായും മുടങ്ങി. ഈ ഘട്ടത്തില്‍ സോളാര്‍ പാനലുകളും ഇന്‍ഡക്ഷന്‍/ഇലക്ട്രിക് സ്റ്റൗവുകളും ഉള്ള അടുക്കളകള്‍ക്ക് മാത്രമാണ് പിടിച്ചുനില്‍ക്കാനാവുക. സോളാര്‍ വൈദ്യുതി ഉപയോഗിക്കുന്നതിലൂടെ ഗ്യാസ് സിലിണ്ടറുകളുടെ ആശ്രിതത്വം ഒഴിവാക്കാം എന്ന് മാത്രമല്ല, ഓരോ മാസവും വലിയൊരു തുക ലാഭിക്കാനും സാധിക്കും.
കേരളത്തിലെ നിരത്തുകളില്‍ ഇപ്പോള്‍ ഗ്യാസ് ഓട്ടോകളാണ് കൂടുതലായി ഇറങ്ങുന്നത്. എന്നാല്‍ ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ ഇവയുടെ സര്‍വീസ് പാതിവഴിയില്‍ നിലയ്ക്കുന്ന അവസ്ഥയാണ്. ഗ്യാസ് സ്റ്റേഷനുകള്‍ക്ക് മുന്നിലെ നീണ്ട ക്യൂവും ഇന്ധനമില്ലായ്മയും ഓട്ടോ തൊഴിലാളികളുടെ വരുമാനം മുട്ടിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുകയും വീട്ടിലോ സ്റ്റാന്‍ഡിലോ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് ചാര്‍ജ് ചെയ്യുകയും ചെയ്താല്‍ പശ്ചിമേഷ്യന്‍ യുദ്ധമോ ആഗോള വിപണിയിലെ വിലക്കയറ്റമോ സാധാരണക്കാരനെ ബാധിക്കില്ല.
രാജ്യം നേരിടുന്ന വലിയ തിരിച്ചടിയാണ് ഇത്. രാജ്യത്തുടനീളം ഹോട്ടലുകള്‍ പൂട്ടുന്നു. കേരളത്തിലും തട്ടുകടകള്‍ ഉള്‍പ്പെടെയുള്ളവ സമാന പാതയിലാണ് ട്രെയിനുകളില്‍ പാചകം ചെയ്ത ഭക്ഷണം നല്‍കുന്നത് നിര്‍ത്തലാക്കാന്‍ ഐ.ആര്.സി.ടി.സി ആലോചിക്കുന്നു. വന്‍കിട ബേസ് കിച്ചണുകളും റെയില്‍വേ സ്റ്റേഷനുകളും സോളാര്‍ പ്ലാന്റുകളിലേക്ക് മാറണമെന്ന ആവശ്യം ഇതോടെ ശക്തമായി.
ഇന്ധനത്തിനായി അന്യരാജ്യങ്ങളെ ആശ്രയിക്കുന്നതിന്റെ അപകടമാണ് ഇപ്പോള്‍ രാജ്യം കാണുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും സോളാര്‍ സംവിധാനം നടപ്പിലാക്കിയാല്‍ ഗ്യാസ് സിലിണ്ടറുകളുടെ ക്ഷാമം നമ്മുടെ നിത്യജീവിതത്തെ ബാധിക്കില്ല. പാചകത്തിനും യാത്രയ്ക്കും സൗരോര്‍ജ്ജം ഉപയോഗിക്കുന്നത് വഴി ഇന്ധനച്ചെലവ് പൂജ്യത്തിലേക്ക് എത്തിക്കാം എന്ന തിരിച്ചറിവിലാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍.
പശ്ചിമേഷ്യയിലെ ഓരോ സ്ഫോടനവും ഇന്ത്യയിലെ അടുക്കളകളെ ബാധിക്കാതിരിക്കണമെങ്കില്‍ ‘സോളാര്‍’ എന്ന സ്വാശ്രയ ഊര്‍ജ്ജത്തിലേക്ക് നാം എത്രയും വേഗം ചുവടുമാറ്റേണ്ടതുണ്ടെന്നതാണ് വസ്തുത.



