തിരുവനന്തപുരം: ഗുരുവായൂര്‍ ദേവസ്വം ആറാട്ട് കഴിഞ്ഞയുടന്‍ പാലക്കാട്ടേക്ക് പറന്ന് ബാലഗോപാല്‍; ബിന്ദു മേനോന്റെ വീട്ടിലെത്തി നടത്തിയത് അസാധാരണ നയതന്ത്രം! ഒടുവില്‍ ഉറ്റ സുഹൃത്തിന്റെ ഫോണിലൂടെ ഭാര്യയോട് വിതുമ്പിക്കൊണ്ട് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു: ‘എനിക്ക് നീയും നിനക്ക് ഞാനും മാത്രമേയുള്ളൂ’. ഇതോടെ മന്ത്രിയുടെ രാജിയിലേക്ക് വരെ നീങ്ങുമായിരുന്ന കുടുംബകലഹത്തിന് നാടകീയമായ അന്ത്യം.
മന്ത്രിസ്ഥാനം തെറിക്കുമെന്ന ഘട്ടത്തില്‍ ഗണേഷ് കുമാറിന്റെ രക്ഷകനായി അവതരിച്ചത് കേരള കോണ്‍ഗ്രസ് ബി ട്രഷററും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗവുമായ ബാലഗോപാലാണ്. വിവാഹമോചനത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് ഉറപ്പായതോടെയാണ് ബാലഗോപാല്‍ പാലക്കാട്ടെ ബിന്ദു മേനോന്റെ വീട്ടിലെത്തി മധ്യസ്ഥ ചര്‍ച്ച നടത്തിയത്.
മണിക്കൂറുകള്‍ നീണ്ട അനുനയ നീക്കങ്ങള്‍ക്കൊടുവില്‍ ബാലഗോപാലിന്റെ ഫോണിലൂടെ ബിന്ദു മേനോനും ഗണേഷും സംസാരിക്കുകയായിരുന്നു. തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റുകള്‍ക്ക് മാപ്പുപറഞ്ഞ മന്ത്രി, ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കിയതോടെയാണ് ഭാര്യ പിണക്കം മാറ്റിയത്. ഭര്‍ത്താവ് നേരിട്ടൊന്ന് സംസാരിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളൂവെന്ന് ബിന്ദു നേരത്തെ സൂചിപ്പിച്ചിരുന്നു.
ഭാര്യയുടെ പക്കല്‍ ഫോട്ടോകള്‍ അടക്കം തെളിവുകള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ വന്നതോടെ ഗണേഷിന്റെ രാജി ഇടതുമുന്നണി ആവശ്യപ്പെടുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ പ്രശ്നം ഒത്തുതീര്‍പ്പായതോടെ സര്‍ക്കാരിനും മുന്നണിക്കും വലിയ ആശ്വാസമായി. ഇന്ന് ഉച്ചയ്ക്ക് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രശ്നങ്ങളെല്ലാം പരിഹരിച്ച വിവരം ഗണേഷ് അറിയിക്കും.
ഒരു സീറ്റ് കൂടി മുന്നണിയില്‍ നിന്ന് ലഭിച്ചാല്‍ ബാലഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഗണേഷ് ലക്ഷ്യമിടുന്നുണ്ട്. ആ വിശ്വസ്ത സുഹൃത്തിന്റെ കരുത്തുറ്റ നയതന്ത്രമാണ് ഇപ്പോള്‍ കലങ്ങിയ കുടുംബത്തെയും മന്ത്രിസ്ഥാനത്തെയും ഒരുപോലെ കാത്തുരക്ഷിച്ചത്.



