മമ്മൂട്ടിയുടെ അടുത്ത സുഹൃത്ത്; ഗുഡ് വില്‍ ഫിലിംസിന് ഗുഡ് വില്‍ പോയി; നിര്‍മ്മാതാവിന് തടവു ശിക്ഷ

യുകെ വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രമുഖ സിനിമാ നിര്‍മ്മാതാവും ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സ് ഉടമയുമായ ജോബി ജോര്‍ജിന് നാല് വര്‍ഷം തടവ്. രണ്ട് കേസുകളിലായി കൊച്ചിയിലെ പ്രത്യേക പി.എം.എല്‍.എ കോടതിയുടേതാണ് വിധി.

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അടുത്ത സുഹൃത്തും മലയാള സിനിമയിലെ മുന്‍നിര നിര്‍മ്മാതാക്കളില്‍ ഒരാളുമാണ് ജോബി ജോര്‍ജ്. മമ്മൂട്ടിയെ നായകനാക്കി അദ്ദേഹം നിര്‍മ്മിച്ച ‘അബ്രഹാമിന്റെ സന്തതികള്‍’, ‘ഷൈലോക്ക്’, ‘കസബ’ തുടങ്ങിയ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ വലിയ വിജയങ്ങള്‍ നേടിയിരുന്നു. ഈ വര്‍ഷത്തെ വമ്പന്‍ ഹിറ്റായ ‘കിഷ്‌കിന്ധാ കാണ്ഡം’, കഴിഞ്ഞ വര്‍ഷത്തെ ബ്ലോക്ക്ബസ്റ്റര്‍ ‘രോമാഞ്ചം’ എന്നിവയുടെയും നിര്‍മ്മാതാവാണ് അദ്ദേഹം. ‘കാവല്‍’, ‘ആന്‍മരിയ കലിപ്പിലാണ്’ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. മമ്മൂട്ടിയുമായി ചേര്‍ന്ന് നടന്ന കാലം ഉണ്ടായിരുന്നു. പിന്നീട് അത് മാറി. വിധി വന്നുവെങ്കിലും മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാവകാശം ലഭിച്ചതിനാല്‍ ജോബി ജോര്‍ജിനെ തല്‍ക്കാലം ജയിലിലേക്ക് മാറ്റിയിട്ടില്ല. ഇതേ കേസില്‍ പ്രതിയായിരുന്ന ജോബിയുടെ ഭാര്യ സുനിമോളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. സിനിമാ മേഖലയില്‍ സജീവമായി നില്‍ക്കുന്ന പ്രമുഖ നിര്‍മ്മാതാവ് ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്നത് അത്യപൂര്‍വ്വമാണ്.

തടവുശിക്ഷയ്ക്ക് പുറമെ 66.5 ലക്ഷം രൂപ പരാതിക്കാര്‍ക്ക് പിഴയായി നല്‍കാനും കോടതി ഉത്തരവിട്ടു. 2011-12 കാലയളവില്‍ മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യു, മുളന്തുരുത്തി സ്വദേശികളായ ദമ്പതികള്‍ എന്നിവരില്‍ നിന്ന് യുകെ വീസയും ബിസിനസ് പങ്കാളിത്തവും വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. പരാതിക്കാരെ തുടക്കം മുതല്‍ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി പ്രവര്‍ത്തിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ഉടന്‍ വിധിക്കെതിരെ ജോബി ജോര്‍ജ് അപ്പീല്‍ നല്‍കും…..

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top