തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുമെന്ന യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെയും രാഹുല്‍ ഗാന്ധിയെയും പരിഹസിച്ച മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ രാഷ്ട്രീയമായി കടന്നാക്രമിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. രാഹുല്‍ ഗാന്ധിയുടെ അച്ഛന്റെ പേര് രാജീവ് ഗാന്ധിയെന്നാണെന്നും ബാലകൃഷ്ണപിള്ള എന്നല്ലെന്നും മന്ത്രി മനസ്സിലാക്കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു ഫെയ്‌സ്ബുക് പോസ്റ്റില്‍ കുറിച്ചു. രാഹുല്‍ ഗാന്ധിയെ ‘വഴിയില്‍ കിടക്കുന്നവന്‍’ എന്ന് അധിക്ഷേപിച്ച മന്ത്രിയുടെ നടപടി മര്യാദകേടാണെന്നും ഇതിന് വരുംദിവസങ്ങളില്‍ ശക്തമായ രാഷ്ട്രീയ മറുപടി നല്‍കുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് കയറുന്ന ശൈലിയാണ് ഗണേഷ് കുമാറിന്റേതെന്ന് പഴകുളം മധു പരിഹസിച്ചു. രാഹുല്‍ ഗാന്ധി നല്‍കുന്ന വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ളതാണെന്നും കര്‍ണാടകയിലും തെലങ്കാനയിലും അത് തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അധികാരത്തില്‍ വരുന്ന യുഡിഎഫ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയും അഞ്ച് ഗ്യാരണ്ടികളും നടപ്പാക്കുക തന്നെ ചെയ്യും. ഇതില്‍ പ്രതിപക്ഷത്താകാന്‍ പോകുന്ന മുന്നണി ബേജാറാവേണ്ടതില്ല. വാഗ്ദാനം നടപ്പാക്കിയാല്‍ രണ്ടുമാസം കൊണ്ട് കെഎസ്ആര്‍ടിസി വഴിയാധാരമാകുമെന്ന മന്ത്രിയുടെ പരിഹാസം രാഷ്ട്രീയ പാപ്പരത്തമാണ്. സ്വന്തം വകുപ്പിലെ ജീവനക്കാരോട് യജമാന ഭാവത്തില്‍ പെരുമാറുന്ന മന്ത്രിക്ക് സമനില തെറ്റിയെന്നും ഇതിന് മരുന്ന് കണ്ടെത്തുകയാണ് അഭികാമ്യമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്നത് ധൂര്‍ത്താണെന്നും പണമുള്ളവര്‍ക്ക് എന്തിന് സൗജന്യം നല്‍കണമെന്നുമാണ് മന്ത്രിയുടെ ചോദ്യം. എന്നാല്‍ ജനങ്ങളെ പറ്റിക്കാനല്ല, മറിച്ച് മാറ്റിവെക്കാന്‍ കഴിയാത്ത വാക്കാണ് തങ്ങള്‍ നല്‍കുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. വരുംദിവസങ്ങളില്‍ മന്ത്രിക്കെതിരെ ശക്തമായ പ്രചാരണം അഴിച്ചുവിടാനാണ് പാര്‍ട്ടി നീക്കം.
രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച മന്ത്രി ഗണേഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നടപ്പാക്കുമെന്ന് പഴകുളം മധു. മധുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ
പഴകുളം മധുവന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
രാഹുല്‍ ഗാന്ധിയുടെ അച്ഛന്റെ പേര് രാജീവ് ഗാന്ധി എന്നാണ്.
ബാലകൃഷ്ണപിള്ള എന്നല്ല.
അത് മന്ത്രി കെ ബി ഗണേഷ് കുമാര്‍ സാര്‍ മനസ്സിലാക്കണം.അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തു കേറീട്ട് എന്ത് കാര്യം ഗണേശാ.
അതുകൊണ്ട് ശ്രീ രാഹുല്‍ ഗാന്ധി പറയുന്നത് നടപ്പാകും. നടപ്പാക്കാന്‍ കഴിയുന്നതേ രാഹുല്‍ ഗാന്ധി പറയു.അതാണ് ചരിത്രം.നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു അധികാരത്തില്‍ വരുന്ന യു ഡി എഫ് സര്‍ക്കാര്‍ കെ എസ് ആര്‍ ടി സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പാക്കും.അത് വാക്കാണ്.മാറ്റിവെക്കാന്‍ കഴിയാത്ത ഞങ്ങടെ ആദരണീയനായ ദേശീയ നേതാവിന്റെ വാക്ക്.അത് മാത്രമല്ല രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്ക് നല്‍കിയ 5 ഗ്യാരണ്ടികളും നടപ്പാക്കും.അതിനുള്ള വഴി സര്‍ക്കാര്‍ കണ്ടെത്തും.അന്ന് പ്രതിപക്ഷത്താകാന്‍ സാധ്യതയുള്ള മുന്നണി അതില്‍ ബേജാറാവണ്ട.
ഗണേശന്‍ നാക്കിനു എല്ലില്ലാത്തതു കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വഴിയില്‍ കിടക്കുന്നവന്‍ എന്ന് പറഞ്ഞത്.
രാഹുല്‍ ഗാന്ധി വഴിയില്‍ കൂടി നടക്കുന്ന ഏതോ ഒരാള്‍ എന്ന തരത്തിലാണ് ഗണേശന്റെ അധിക്ഷേപം.
ഇതെല്ലാം കാണിക്കുന്നത് ഇടതു മുന്നണി സര്‍ക്കാരിലെ ഏതാണ്ടെല്ലാ നേതാക്കള്‍ക്കും സമനില തെറ്റിയെന്നാണ്.
ഗണേശന്റെ പരാമര്‍ശം മര്യാദ കെട്ടതും അധിക പ്രസംഗവുമാണ്. ഗണേശന്‍ കര്‍ണാടക, തെലുങ്കാനാ രാജസ്ഥാന്‍ സംസ്ഥാനങ്ങളെ നോക്കണം. അവിടൊക്കെ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ നല്‍കിയ ഗ്യാരണ്ടികള്‍ നടപ്പാക്കിയ രീതി മനസ്സിലാക്കണം. എന്നിട്ട് വേണം രാജ്യത്തെ വലിയൊരു ജനവിഭാഗത്തിന്റെ റോള്‍ മോഡലായ രാഹുല്‍ ഗാന്ധിയെ കടന്നു പിടിക്കാന്‍. അത് കല്ലില്‍ കടിച്ചു പല്ല് കളയുന്നപോലെ ഗണേശന് നഷ്ടമേ ഉണ്ടാക്കൂ.മന്ത്രി എന്നാ നിലയില്‍ആള്‍ക്കാരുടെ മെക്കിട്ട് കേറാനല്ല, അവരുടെ മുന്നില്‍ ആള് കളിക്കാനല്ല, ശ്രമിക്കേണ്ടത് എന്നും ഒരു പാഠമായി ഗണേശന്‍ മനസ്സിലാക്കണം. തുച്ഛമായ ശമ്പളം പറ്റുന്ന, അതും യഥാസമയത്ത് കിട്ടാത്ത പാവം ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരോട് യജമാന ഭാവത്തില്‍ പെരുമാറുന്ന ഈ മന്ത്രി സ്വയം നിയന്ത്രണം നഷ്ടമായ അവസ്ഥയിലാണ്. ഇനിയുള്ള ദിവസങ്ങളില്‍ അത് കൂടി കൂടി വരുകയേ ഉള്ളു. അതിനുള്ള മരുന്ന് കണ്ടെത്തുകയാണ് അഭികാമ്യം.



