തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ, സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിലാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡാറ്റാ ചോര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് ആരോപിച്ച്, ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പിആര്‍ഡിക്ക് കൈമാറാന്‍ നിര്‍ദ്ദേശിക്കുന്ന സുപ്രധാന കത്ത് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പുറത്തുവിട്ടു.
മുഖ്യമന്ത്രി നേരിട്ട് നിര്‍ദ്ദേശിക്കാതെ ഇത്തരമൊരു കത്ത് പുറത്തിറങ്ങില്ലെന്നും, അതിനാല്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കുമോ എന്നതാണ് ഇനി നിര്‍ണായകമെന്നും ചെന്നിത്തല വ്യക്തമാക്കി.
പുറത്തുവിട്ട കത്തിലെ പ്രധാന വിവരങ്ങള്‍:
കത്ത് നല്‍കിയത്: മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ശ്രീറാം സാംബശിവറാവു.
തീയതി: 2025 ഡിസംബര്‍ 31-ന് ചീഫ് മിഷന്‍ ഡയറക്ടര്‍ക്കാണ് കത്ത് അയച്ചിരിക്കുന്നത്.
ആവശ്യപ്പെട്ട വിവരങ്ങള്‍: ‘കെ-സ്മാര്‍ട്ട്’ ആപ്ലിക്കേഷനില്‍ നിന്ന് ജീവനക്കാരുടെ ഫോണ്‍ നമ്പര്‍, പേര്, പ്രായം, ലിംഗം, ജില്ല, താലൂക്ക്, വാര്‍ഡ്, തദ്ദേശ സ്ഥാപനം എന്നീ വിവരങ്ങള്‍ എക്‌സല്‍ ഫോര്‍മാറ്റില്‍ നല്‍കാനാണ് നിര്‍ദ്ദേശം. ‘സെന്‍ട്രലൈസ്ഡ് നോട്ടിഫിക്കേഷന്‍ ഹബ് ഫോര്‍ ഗവണ്‍മെന്റ് സര്‍വീസസ്’ എന്ന പേരില്‍ സര്‍ക്കാര്‍ ആരംഭിക്കുന്ന ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ സിസ്റ്റത്തിനായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന് നല്‍കാനായിരുന്നു നിര്‍ദ്ദേശം.
ഫെബ്രുവരി 12-ന് മുന്‍പായി പിആര്‍ഡിയുടെ സ്‌പെഷ്യല്‍ സെക്രട്ടറിക്ക് ഈ വിവരങ്ങള്‍ കൈമാറാനും, ഐടി മിഷനിലേക്ക് ഡാറ്റ അയക്കാനും കത്തില്‍ നിര്‍ദ്ദേശിക്കുന്നു. ഈ സാഹചര്യത്തില്‍ ജീവനക്കാരുടെ സ്വകാര്യത പൂര്‍ണ്ണമായും ലംഘിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നടത്തിയ ഏറ്റവും വലിയ ‘ഡാറ്റാ ബ്രീച്ച്’ ആണിതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ ആവശ്യങ്ങള്‍ക്കായി ഈ ഡാറ്റ ഉപയോഗിക്കുന്നത് സ്വകാര്യതാ നിയമങ്ങളുടെ കടുത്ത ലംഘനമാണ്.
ജീവനക്കാരുടെ വിവരങ്ങള്‍ എങ്ങനെ ലഭിച്ചുവെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി മുഖ്യമന്ത്രിയോട് ചോദിക്കുകയും, വ്യക്തിഗത വിവരങ്ങള്‍ ഔദ്യോഗിക ആവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാരിനോട് സത്യവാങ്മൂലം നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പുറത്തുവന്ന കത്ത് ഒളിപ്പിച്ചുവെച്ചാണോ സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയെന്ന് ഉടനെ അറിയാമെന്നും ചെന്നിത്തല പറഞ്ഞു. ജീവനക്കാരുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്തതിന് മുഖ്യമന്ത്രിക്കെതിരെ കോടതി സ്വമേധയാ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോവിഡ് കാലത്ത് സ്പ്രിംഗ്ളര്‍ കമ്പനിയെ ഉപയോഗിച്ച് നടത്തിയ ഡാറ്റാ വിവാദത്തിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. അന്ന് ഡാറ്റാ ചോര്‍ച്ചയെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അവസ്ഥ എല്ലാവര്‍ക്കും അറിയാമെന്നും, ഇപ്പോള്‍ പുതിയ ഡാറ്റാ ബ്രീച്ചിനെ പത്രക്കുറിപ്പിലൂടെ ന്യായീകരിക്കുന്ന ചീഫ് സെക്രട്ടറി തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥന്‍ തന്നെ നേരിട്ട് കത്ത് നല്‍കിയ സ്ഥിതിക്ക് ഈ വിഷയത്തില്‍ സര്‍ക്കാരിന് ഇനി ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഡാറ്റാ ബ്രീച്ചിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രിയും, നിര്‍ദ്ദേശം നല്‍കിയ ഉദ്യോഗസ്ഥനും, ഇതിനെ ന്യായീകരിച്ച ചീഫ് സെക്രട്ടറിയും കുറ്റക്കാരാണെന്നും ഇവര്‍ സ്ഥാനത്ത് തുടരാന്‍ യോഗ്യരല്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്. കൃത്യമായ തെളിവുകള്‍ സഹിതം ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ത് വിശദീകരണം നല്‍കും എന്നത് കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമാകും.



